ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആർ ശ്രീകുമാറിന്റെ ഭാര്യ പ്രിയങ്കയെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കുപ്രസിദ്ധ ഗുണ്ടാ നേതാവ് കല്ലാടൻ ഗിരീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം, വധശ്രമം തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ ഗിരീഷ്. പ്രിയങ്കയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തുകയും കള്ളസാക്ഷി പറയാൻ നിർബന്ധിക്കുകയും ചെയ്ത സംഭവത്തിൽ എ.ആർ ശ്രീകുമാർ തന്നെയാണ് കേസിലെ രണ്ടാം പ്രതി. വീട്ടിൽ അതിക്രമിച്ചു കടക്കൽ, ഭീഷണിപ്പെടുത്തൽ, ഗൂഢാലോചന തുടങ്ങിയ ഗുരുതരമായ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
തന്റെ ഭർത്താവായ എ.ആർ ശ്രീകുമാറിൽ നിന്നും സമാനതകളില്ലാത്ത ക്രൂരതയാണ് നേരിടേണ്ടി വന്നതെന്ന് കാട്ടി പ്രിയങ്ക മതിലകം പൊലീസിൽ പരാതി നൽകിയിരുന്നു. ശ്രീകുമാറിന് മറ്റ് സ്ത്രീകളുമായുള്ള വഴിവിട്ട ബന്ധങ്ങൾ ചോദ്യം ചെയ്യാൻ തുടങ്ങിയതോടെയാണ് കുടുംബത്തിൽ പ്രശ്നങ്ങൾ ആരംഭിക്കുന്നത്. മുൻപും പലതവണ തന്നെ ശ്രീകുമാർ ക്രൂരമായി മർദ്ദിച്ചിട്ടുണ്ടെന്നും, നിയമനടപടികളുമായി ശക്തമായി മുന്നോട്ട് പോകുമെന്നും പ്രിയങ്ക വ്യക്തമാക്കി. എന്നാൽ പരാതി നൽകിയതിന് പിന്നാലെ തനിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലുള്ള അപവാദ പ്രചാരണങ്ങളാണ് ഭർത്താവും കൂട്ടരും നടത്തുന്നതെന്നും പ്രിയങ്ക ആരോപിച്ചു.
വീട്ടിലേക്ക് വൈകിയെത്തിയെന്ന് ആരോപിച്ചാണ് ഒടുവിൽ ശ്രീകുമാർ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പരാതിയിൽ പറയുന്നു. "വൈകിയെത്താൻ ഇതെന്താ സത്രമാണോ?" എന്ന് ആക്രോശിച്ചുകൊണ്ട് പ്രിയങ്കയുടെ ഇരു കരണങ്ങളിലും അടിക്കുകയും, മുടിക്കുത്തിന് പിടിച്ച് തല ഭിത്തിയിൽ ശക്തമായി ഇടിപ്പിക്കുകയുമായിരുന്നു. ഭർത്താവിന്റെ ക്രൂരമർദ്ദനമേറ്റ് ഗുരുതരമായി പരിക്കേറ്റ യുവതി കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് ആശുപത്രിയിലെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് മതിലകം പൊലീസ് വധശ്രമം ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ബിജെപി നേതാവിനെതിരെ കേസെടുത്തത്. മുൻപും പല കാരണങ്ങൾ പറഞ്ഞ് ഇയാൾ ഭാര്യയെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് നാട്ടുകാരും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.