കോഴിക്കോട്: വടകര കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസുമായി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കര്‍ അറസ്റ്റില്‍. കോഴിക്കോട് റൂറല്‍ എസ്പി ടി ഫറാഷ്‌ന്റെ നേതൃത്വത്തിലുള്ള എസ്‌ഐടി സംഘമാണ് ആണ് അറസ്റ്റ് ചെയ്തത്. ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി അംഗമാണ് ജിതിന്‍ ഭാസ്‌കര്‍. കാഫിര്‍ സ്‌ക്രീന്‍ ഷോട്ടുമായി ബന്ധപ്പെട്ട് ജിതിന്‍ ഭാസ്‌കറെ ചോദ്യം ചെയ്യാന്‍ ഇന്ന് വീണ്ടും വിളിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ്.
ജിതിന്‍ ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്തതിലൂടെ വ്യാജ സ്‌ക്രീന്‍ഷോട്ടിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷണ സംഘത്തിന് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സ്‌ക്രീന്‍ഷോട്ട് വടകര സ്‌ക്വാഡ്', കടത്തനാട് സഖാക്കള്‍, 'ബാവുപ്പാറ സഖാക്കള്‍' തുടങ്ങിയ വാട്‌സ്ആപ്പ്-ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ നിന്നാണ് പ്രചരിച്ചതെന്ന് എസ്ഐടി കണ്ടെത്തിയിട്ടുണ്ട്. വടകര ക്രൈംബ്രാഞ്ച് സംഘത്തിന്റെ ഓഫീസിലാണ് ചോദ്യം ചെയ്യല്‍ നടന്നത്.
കഴിഞ്ഞ് രണ്ട് തവണയായി എസ്‌ഐടി ജിതിന്‍ ഭാസ്‌കറിനെ ചോദ്യം ചെയ്തിരുന്നു. ജിതിന്‍ ഭാസ്‌കര്‍ ആണ് വടകര സ്‌ക്വാഡ് എന്ന വാട്‌സാപ്പ് ഗ്രൂപ്പില്‍ സ്‌ക്രീന്‍ ഷോട്ട് ആദ്യം ഇട്ടത് എന്ന് പ്രത്യേകാന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കേസില്‍ ഒന്‍പതുപേരുടെ മൊഴി SlT രേഖപ്പെടുത്തി. ഇതില്‍ ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന്‍ അടക്കം മൂന്നുപേര്‍ മുന്‍പും ചോദ്യംചെയ്യലിന് വിധേയരായവരാണ്. കാഫിര്‍ സ്‌ക്രീന്‍ഷോട്ട് ആദ്യമായി പങ്കുവെച്ച 'വടകര സ്‌ക്വാഡ്' വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്മാരായ 10ല്‍ ആറുപേരാണ് മറ്റുള്ളവര്‍. സ്‌ക്രീന്‍ഷോട്ടിന്റെ ഉറവിടം കണ്ടെത്താനാണ് അഡ്മിന്‍മാരെ ചോദ്യം ചെയ്തത്.
ആരാണ് സ്‌ക്രീന്‍ഷോട്ട് നിര്‍മ്മിച്ചത്, ആരുടെ എങ്കിലും നിര്‍ദേശം പിന്നിലുണ്ടോ, പ്രചരിപ്പിച്ചതിന് പിന്നില്‍ ആരുടെയെങ്കിലും ഇടപെടലുകള്‍ ഉണ്ടോ എന്നിവ എല്ലാം ഇനിയും കണ്ടെത്തണം. അതിന് അറസ്റ്റ് രേഖപ്പെടുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. 2014ലെ കേസായതിനാല്‍ ഐപിസി വകുപ്പുകളാണ് ചുമത്തിയത്. സാമുദായിക ഐക്യം തകര്‍ക്കല്‍, കലാപത്തിനുള്ള ശ്രമം, തെളിവ് നശിപ്പിക്കല്‍, കുറ്റം ചെയ്യാനുള്ള പ്രേരണ അടക്കമുള്ള വകുപ്പുകളാണ് ചേര്‍ത്തത്. ഷാഫി പറമ്പിലിനെ ദീനിയായ മുസ്ലിം ആയും കെകെ ശൈലജയെ കാഫിറായും ചിത്രീകരിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് കാസിമിനെ ഇരയാക്കിയാണ് പോസ്റ്റ് പ്രചരിപ്പിച്ചത്.
കാഫിർ സ്ക്രീൻ ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ അറസ്റ്റിൽ