പ്രശസ്ത കവിയും നിരൂപകനുമായ കല്‍പറ്റ നാരായണനെ കേരള സാഹിത്യ അക്കാദമി ചെയര്‍മാനായി നിയമിച്ച് യുഡിഎഫ് സര്‍ക്കാര്‍. പ്രശസ്ത പിന്നണി ഗായകന്‍ ജി. വേണുഗോപാലാണ് കേരള സംഗീത നാടക അക്കാദമിയുടെ പുതിയ അധ്യക്ഷന്‍.
കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (കെ.എസ്.എഫ്.ഡി.സി.) ചെയര്‍മാനായി നടന്‍ പ്രേംകുമാറിനെ നിയോഗിക്കും. മുന്‍ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കപ്പെട്ട പ്രേംകുമാറിന് വലിയൊരു പദവി നല്‍കിയിരിക്കുകയാണ് യു.ഡി.എഫ്. സര്‍ക്കാര്‍. സംവിധായകനും നിര്‍മാതാവുമായ ആലപ്പി അഷറഫ് കെ.എസ്.എഫ്.ഡി.സി. വൈസ് ചെയര്‍മാനാകുമ്പോള്‍, ചലച്ചിത്ര ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനായി പ്രമുഖ നിര്‍മാതാവ് എം. രഞ്ജിത് എത്തിയേക്കുമെന്നാണ് വിവരങ്ങള്‍.
സാഹിത്യ അക്കാദമി സെക്രട്ടറിയായി എം.പി. സുരേന്ദ്രനെ നിയമിക്കും. സംഗീത നാടക അക്കാദമി വൈസ് ചെയര്‍മാനായി ഹേമന്ത് കുമാറും സെക്രട്ടറിയായി പ്രദീപ് കുമാര്‍ എന്‍.വി.യും ചുമതലയേല്‍ക്കും. ലളിതകലാ അക്കാദമി, ഫോക്ലോര്‍ അക്കാദമി എന്നിവിടങ്ങളിലും പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫ. പ്രകാശ് മൂര്‍ത്തി ലളിതകലാ അക്കാദമി ചെയര്‍മാനാകുമ്പോള്‍ ടി.ആര്‍. ഉദയകുമാര്‍ വൈസ് ചെയര്‍മാനും വൈക്കം എം.കെ. ഷിബു സെക്രട്ടറിയുമാകും.
കേരള ഫോക്ലോര്‍ അക്കാദമി ചെയര്‍മാനായി സുരേഷ് ബാബു എളയാവൂരിനെയും വൈസ് ചെയര്‍മാനായി ശ്രീരാമന്‍ കൊയ്യോനെയും തീരുമാനിച്ചു. പ്രദീപ് കുമാര്‍ എം. പയ്യന്നൂരാണ് ഫോക്ലോര്‍ അക്കാദമി മെമ്പര്‍ സെക്രട്ടറി. വരുംദിവസങ്ങളില്‍ ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവുകള്‍ സര്‍ക്കാര്‍ പുറപ്പെടുവിക്കും.
എല്‍ഡിഎഫ് സര്‍ക്കാര്‍ മാറ്റിയ പ്രേംകുമാര്‍ കെഎസ്എഫ്ഡിസി തലപ്പത്ത്; കല്‍പറ്റ നാരായണനും ജി. വേണുഗോപാലിനും പുതിയ ചുമതലകൾ