18-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയില്‍ (ഐ.ഡി.എസ്.എഫ്.എഫ്.കെ 2026) തെരഞ്ഞെടുക്കപ്പെട്ടിട്ടും ആദ്യഘട്ടത്തില്‍ പ്രദര്‍ശനാനുമതി തടഞ്ഞുവെച്ച 31 ചിത്രങ്ങളില്‍ 24 എണ്ണത്തിന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അനുമതി നല്‍കി. കേന്ദ്ര നടപടിക്കെതിരെ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി നിയമനടപടികള്‍ സ്വീകരിക്കുകയും മന്ത്രാലയത്തിന് ലീഗല്‍ നോട്ടീസ് അയക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് അനുമതി ലഭ്യമായത്. ഇതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ കോടതി ഇന്ന് വാദം കേള്‍ക്കും.
ഹ്രസ്വചിത്ര മത്സരവിഭാഗത്തിലെ 'ഗ്‌ളോബ്', 'ഭിന്തീല പാത്ത്', 'എ ഹാന്‍ഡ്ഷേക്ക്' എന്നീ ചിത്രങ്ങള്‍ക്കാണ് പുതിയതായി പ്രദര്‍ശനാനുമതി ലഭിച്ചത്. ഫോക്കസ് വിഭാഗത്തിലെ 'മദര്‍ ടങ്', 'അണ്‍സ്ട്രങ്', 'ചാപ്റ്റര്‍ ടു' എന്നീ സിനിമകളും, ഫോക്ലോര്‍, വിദേശ വിഭാഗങ്ങളിലെ ചിത്രങ്ങളായ 'ബേര്‍ഡ്സ് ഓഫ് വാര്‍', 'ഇന്‍സൈഡ്', 'മെലാറ്റോണിന്‍', 'റാഹ', 'മെമ്മറീസ് ഓഫ് എ വിന്‍ഡോ', 'പുട്ട് യുവര്‍ സോള്‍ ഓണ്‍ യുവര്‍ ഹാന്‍ഡ് ആന്‍ഡ് വാക്ക്', 'മൈ ഫാദര്‍ ആന്‍ഡ് ഖദ്ദാഫി', 'സൈലന്‍സ്ഡ്', 'ലാന്‍ഡ് മാര്‍ക്സ്', 'ദ മാച്ച്', 'കവര്‍-അപ്പ്', 'ഫിഫ്റ്റി എയ്റ്റ്ത്ത്', 'ഷോട്ട് റിവേഴ്സ് ഷോട്ട്' എന്നിവയും അനുമതി ലഭിച്ചവയില്‍ ഉള്‍പ്പെടുന്നു.
ഇതിനുപുറമേ ഫെസ്റ്റിവല്‍ വിന്നേഴ്സ് വിഭാഗത്തില്‍പെട്ട 'ഗൈഡഡ് ടൂര്‍', 'റിഹേഴ്സല്‍സ് ഫോര്‍ എ റെവല്യൂഷന്‍', 'വണ്‍ ഇന്‍ എ മില്യണ്‍' എന്നീ ചിത്രങ്ങള്‍ക്കും നേപ്പാളില്‍ നിന്നുള്ള 'ബാന്‍ഡ്-എയ്ഡ്സ്' എന്ന ചിത്രത്തിനും പച്ചക്കൊടി ലഭിച്ചിട്ടുണ്ട്. എന്നാല്‍ അനുമതി ലഭിച്ച ഒരു ചിത്രം വെയ്റ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി സമര്‍പ്പിച്ചതായതിനാല്‍ അത് ഫെസ്റ്റിവലിന്റെ ഔദ്യോഗിക പ്രോഗ്രാമിന്റെ ഭാഗമായി പ്രദര്‍ശിപ്പിക്കില്ലെന്ന് അക്കാദമി അറിയിച്ചു.
മന്ത്രാലയത്തിന്റെ അനുമതി ലഭ്യമായ ചിത്രങ്ങള്‍ മേളയുടെ മൂന്നാം ദിവസം മുതല്‍ പ്രോഗ്രാം ഷെഡ്യൂള്‍ ചെയ്ത് പ്രദര്‍ശിപ്പിച്ചു തുടങ്ങും. പുതുക്കിയ മേള ഷെഡ്യൂള്‍ ഐ.ഡി.എസ്.എഫ്.എഫ്.കെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാക്കുമെന്നും മാറ്റങ്ങളെക്കുറിച്ചുള്ള തത്സമയ സന്ദേശങ്ങള്‍ മൊബൈല്‍ വഴി ഡെലിഗേറ്റുകളെ അറിയിക്കുമെന്നും മീഡിയ സെന്റര്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
18ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെ; 24 ചിത്രങ്ങള്‍ക്കു കൂടി പ്രദര്‍ശനാനുമതി