Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

നിശ്ശബ്ദനായ വിപ്ലവകാരി: ആധുനിക ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന്റെ ശില്പി ഡോ. മന്‍മോഹന്‍ സിങ്ങിന് ഇന്ന് ജന്മദിനം

നിശ്ശബ്ദനായ വിപ്ലവകാരി: ആധുനിക ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന്റെ ശില്പി ഡോ. മന്‍മോഹന്‍ സിങ്ങിന് ഇന്ന് ജന്മദിനം

നിശ്ശബ്ദത കൊണ്ട് ചരിത്രം രചിച്ച ഒരു മനുഷ്യനുണ്ടായിരുന്നു ഭാരതീയ രാഷ്ട്രീയത്തില്‍. ബഹളങ്ങളോ പ്രകടനപരതയോ ഇല്ലാതെ, തന്റെ അഗാധമായ പണ്ഡിത്യം കൊണ്ടും കര്‍മ്മധീരത കൊണ്ടും ഇന്ത്യയുടെ വിധിമാറ്റി എഴുതിയ മഹാനായ സാമ്പത്തിക ശാസ്ത്രജ്ഞന്‍. ഭാരതത്തിന്റെ പതിനാലാമത് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്! ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനം. ശാന്തതയുടെയും വിനയത്തിന്റെയും ആ നീലത്തലപ്പാവണിഞ്ഞ നിശ്ശബ്ദനായ വിപ്ലവകാരിക്ക് രാജ്യം ആദരവറിയിക്കുകയാണ്.

1932 സെപ്റ്റംബര്‍ 26-ന് അവിഭക്ത ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ഒരു കൊച്ചു ഗ്രാമത്തിലായിരുന്നു മന്‍മോഹന്‍ സിങ്ങിന്റെ ജനനം. കഠിനാധ്വാനവും പഠനത്തോടുള്ള അടങ്ങാത്ത അഭിനിവേശവും മാത്രമായിരുന്നു അദ്ദേഹത്തിന്റെ കൈമുതല്‍. 1948-ല്‍ പഞ്ചാബ് സര്‍വകലാശാലയില്‍ നിന്ന് മെട്രിക്കുലേഷന്‍ പൂര്‍ത്തിയാക്കിയ അദ്ദേഹം, പിന്നീട് ഉയര്‍ന്നത് ലോക പ്രശസ്തമായ കേംബ്രിജ്, ഓക്സ്ഫഡ് സര്‍വകലാശാലകളുടെ തിരുമുറ്റങ്ങളിലേക്കായിരുന്നു. സാമ്പത്തിക ശാസ്ത്രത്തില്‍ ഒന്നാം ക്ലാസ് ഓണേഴ്സ് ബിരുദവും തുടര്‍ന്ന് ഡി.ഫില്ലും നേടിയ അദ്ദേഹം, എഴുതിയ ഡോക്ടറല്‍ തീസിസ് തന്നെ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. 'ഇന്ത്യാസ് എക്‌സ്‌പോര്‍ട്ട് ട്രെന്‍ഡ്‌സ് ആന്റ് പ്രോസ്‌പെക്ട്‌സ് ഫോര്‍ സെല്‍ഫ്-സസ്‌റ്റൈന്‍ഡ് ഗ്രോത്ത്' എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥം, അടഞ്ഞുകിടന്ന ഇന്ത്യയുടെ അന്നത്തെ വ്യാപാരനയങ്ങള്‍ക്കുള്ള കൃത്യമായ മുന്നറിയിപ്പായിരുന്നു.

ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെയും പഞ്ചാബ് സര്‍വ്വകലാശാലയിലെയും അധ്യാപന ജീവിതത്തില്‍ തുടങ്ങി, ജനീവയിലെ സൗത്ത് കമ്മീഷന്റെ സെക്രട്ടറി ജനറല്‍ പദവി വരെ എത്തിയ അദ്ദേഹത്തിന്റെ അക്കാദമിക് മികവ് ലോകം തിരിച്ചറിഞ്ഞ ഒന്നായിരുന്നു. 1971ല്‍ കേന്ദ്ര വാണിജ്യ മന്ത്രാലയത്തില്‍ സാമ്പത്തിക ഉപദേഷ്ടാവായി എത്തിയതോടെയാണ് ഡോ. സിങ്ങിന്റെ ഭരണഘടനാപരമായ യാത്ര ആരംഭിക്കുന്നത്. ധനമന്ത്രാലയത്തിലെ മുഖ്യ സാമ്പത്തിക ശാസ്ത്ര ഉപദേഷ്ടാവ്, ധനകാര്യ സെക്രട്ടറി, റിസര്‍വ് ബാങ്ക് ഗവേണര്‍, പ്ലാനിങ് കമ്മീഷന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍, യു.ജി.സി ചെയര്‍മാന്‍... അങ്ങനെ ഭാരതത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാക്കിയ ഭൂരിഭാഗം പദവികളിലും അദ്ദേഹത്തിന്റെ കയ്യൊപ്പ് പതിഞ്ഞു.

എന്നാല്‍, 1991-ല്‍ ഭാരതം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ചയെ നേരിട്ടപ്പോള്‍, രാജ്യത്തിന്റെ രക്ഷകനായി ഡോ. മന്‍മോഹന്‍ സിങ് അവതരിച്ചു. ഖജനാവില്‍ ഇനി ദിവസങ്ങളിലേക്കുള്ള വിദേശനാണ്യം മാത്രം ശേഷിക്കെ, പ്രധാനമന്ത്രി പി.വി. നരസിംഹറാവു, രാജ്യത്തിന്റെ ധനകാര്യമന്ത്രിസ്ഥാനം ഡോ. മന്‍മോഹന്‍ സിങ്ങിനെ ഏല്‍പ്പിച്ചു. ആ വന്‍ പ്രതിസന്ധിയെ അദ്ദേഹം നേരിട്ടത് ഇന്ത്യയുടെ സാമ്പത്തിക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പരിഷ്‌കാരങ്ങളിലൂടെയായിരുന്നു.

ഉദാരവല്‍ക്കരണവും ആഗോളവല്‍ക്കരണവും സ്വകാര്യവല്‍ക്കരണവും നടപ്പിലാക്കിക്കൊണ്ട് അദ്ദേഹം ഭാരതത്തിന്റെ വാതിലുകള്‍ ലോകത്തിനു മുന്നില്‍ തുറന്നു കൊടുത്തു. 'ഏതൊരു ആശയത്തിന്റെ സമയം വന്നടുത്തുവോ, അതിനെ തടഞ്ഞുനിര്‍ത്താന്‍ ലോകത്തിലെ ഒരു ശക്തിക്കും സാധിക്കില്ല' എന്ന വിക്ടര്‍ ഹ്യൂഗോയുടെ വരികള്‍ പാര്‍ലമെന്റില്‍ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം നടത്തിയ ബജറ്റ് പ്രസംഗം, ആധുനിക ഇന്ത്യയുടെ വികസന കുതിപ്പിന്റെ തുടക്കമായിരുന്നു.

1991 മുതല്‍ രാജ്യസഭാംഗമായി പ്രവര്‍ത്തിച്ച അദ്ദേഹം, 1998 മുതല്‍ 2004 വരെ ഉപരിസഭയിലെ പ്രതിപക്ഷ നേതാവുമായിരുന്നു. ഒടുവില്‍ 2004 മേയ് 22-ന് അദ്ദേഹം ഭാരതത്തിന്റെ പതിനാലാമത് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ന്ന് 2009 മേയ് 22-ന് രണ്ടാം തവണയും ഇന്ത്യയുടെ അമരത്തേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. പ്രധാനമന്ത്രിയായിരുന്ന പത്തു വര്‍ഷക്കാലം, ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തികളില്‍ ഒന്നായി മാറി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, വിവരാവകാശ നിയമം, വിദ്യാഭ്യാസ അവകാശ നിയമം, ചരിത്രപ്രസിദ്ധമായ ഇന്തോ-യു.എസ് ആണവ കരാര്‍ തുടങ്ങി ഇന്ത്യയുടെ സാമൂഹിക-സാമ്പത്തിക മേഖലകളെ അടിമുടി മാറ്റിയെഴുതിയ ഒട്ടനവധി പദ്ധതികള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി.

അറിവിനെയും പണ്ഡിത്യത്തെയും വരിച്ച ആ മഹദ്വ്യക്തിയെ തേടി നിരവധി പുരസ്‌കാരങ്ങള്‍ എത്തി. 1987-ല്‍ രാജ്യത്തിന്റെ രണ്ടാമത്തെ പരമോന്നത ബഹുമതിയായ 'പത്മവിഭൂഷണ്‍' നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 1995-ല്‍ ജവഹര്‍ലാല്‍ നെഹ്രു ജന്മശതാബ്ദി അവാര്‍ഡ്, 1993-ലും 94-ലും മികച്ച ധനകാര്യമന്ത്രിക്കുള്ള 'ഏഷ്യാ മണി അവാര്‍ഡ്', 1993-ലെ 'യൂറോ മണി അവാര്‍ഡ്', കേംബ്രിജ് സര്‍വകലാശാലയുടെ 'ആഡം സ്മിത്ത് പ്രൈസ്' എന്നിവയും അദ്ദേഹത്തെ തേടിയെത്തി. കേംബ്രിജ്, ഓക്സ്ഫഡ് സര്‍വകലാശാലകള്‍ അദ്ദേഹത്തിന് ഓണററി ബിരുദങ്ങള്‍ നല്‍കി ആദരിക്കുകയും ചെയ്തു. 2024 ഡിസംബര്‍ 26 ന് 92-ാം വയസില്‍ അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു.

വിമര്‍ശനങ്ങളെയും രാഷ്ട്രീയ ആക്രമണങ്ങളെയും ശാന്തത കൊണ്ടും വാക്കുകള്‍ക്ക് പകരം പ്രവര്‍ത്തികള്‍ കൊണ്ടും നേരിട്ട അപൂര്‍വ്വം നേതാക്കളില്‍ ഒരാളാണ് ഡോ. മന്‍മോഹന്‍ സിങ്. ചരിത്രം തന്നോട് കൂടുതല്‍ ദയയുള്ളതായിരിക്കും എന്ന് അദ്ദേഹം ഒരിക്കല്‍ പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. ഇന്ന് ഇന്ത്യ ലോകത്തിന് മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുന്ന സാമ്പത്തിക ശക്തിയായി മാറിയെങ്കില്‍, അതിന്റെ അടിത്തറ പണിത ശില്പികളില്‍ പ്രമുഖന്‍ ഡോ. മന്‍മോഹന്‍ സിങ് തന്നെയാണ്.

Related articles

See all
Popular News

തുടര്‍വിവാദങ്ങളില്‍ ഉലഞ്ഞ് ബിജെപി; തെരഞ്ഞെടുപ്പ് കമ്മീഷനിലെ ആഭ്യന്തര ഭിന്നത പുതിയ രാഷ്ട്രീ...

Popular News

'തീവ്രവാദ രാജ്യമാണ് എന്നോട് ചോദിക്കുന്നത്': യു.എന്‍ വേദിയില്‍ പാക് മാധ്യമപ്രവര്‍ത്തകന് എസ്...

Popular News

ക്രിയേറ്റർമാർക്ക് ഇനി കോടികളുടെ കമ്മീഷൻ! ആമസോണും എഐ ഫീച്ചറുകളുമായി യൂട്യൂബ് ഷോപ്പിംഗ് വിപു...

Popular News

മോദിക്ക് ജെൻ-സി വോട്ടർമാരെ ഭയം; വോട്ടർപ്പട്ടിക പുതുക്കൽ മുടങ്ങിയതിൽ ഗൂഢാലോചനയെന്ന് കോൺഗ്രസ...

Save your stories

Sign in