റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമല്ല ഉണ്ടായത് തട്ടിപ്പിനും തട്ടിപ്പുകാര്‍ക്കുമെതിരായ കടന്നുകയറ്റം', പ്രതികരിച്ച് ഷാഫി പറമ്പിൽ എം.പി
റിപ്പോർട്ടർ ടി.വി. എം.ഡി. ആന്റോ അഗസ്റ്റിന്റെ അറസ്റ്റിലും ചാനൽ ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡിലും പ്രതികരണവുമായി ഷാഫി പറമ്പിൽ എം.പി. FIR ഇട്ട് കേസിലാണ് റെയ്ഡ് നടത്തിയത്. റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നമെന്നും അദ്ദേഹം ചോദിച്ചു. മാധ്യമസ്ഥാപനങ്ങളിൽ നടക്കുന്ന പോലീസ് പരിശോധനകളെ മാധ്യമസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമായി ചിത്രീകരിക്കേണ്ടതില്ലെന്ന് ഷാഫി വ്യക്തമാക്കി. മാധ്യമപ്രവർത്തനത്തിലേക്കുള്ള അനാവശ്യ കൈകടത്തലല്ല ഇവിടെ നടന്നിട്ടുള്ളതെന്നും, മറിച്ച് തട്ടിപ്പുകൾക്കും തട്ടിപ്പുകാർക്കും എതിരെ പോലീസ് നടത്തിയ സ്വാഭാവിക നടപടിയാണതെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.
'ഇങ്ങനെയൊരു ദിവസം തന്റെ മുന്നിൽ വരുമെന്ന കാര്യം ഏറ്റവും നന്നായി അറിയാമായിരുന്നത് ആന്റോ അഗസ്റ്റിന് തന്നെയാണ്. പല തരത്തിലുള്ള സങ്കേതങ്ങളിലും അഭയം തേടാൻ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. മാങ്ങയാണെങ്കിലും മെസ്സിയാണെങ്കിലും മരമാണെങ്കിലും മാധ്യമമാണെങ്കിലും അവയെല്ലാം, താൻ നടത്തിയ തട്ടിപ്പുകളിൽനിന്ന് അഭയം തേടാനുള്ള സങ്കേതമായാണ് അദ്ദേഹം ഉപയോഗിച്ചത്', ഷാഫി പറഞ്ഞു.
'പണംകൊണ്ട് വാങ്ങാവുന്ന ഒരു പദവിയല്ല മാധ്യമപ്രവർത്തകൻ എന്നത്. തന്റെ തട്ടിപ്പുകളെക്കുറിച്ച് ബോധ്യമുണ്ടായിരുന്ന ഒരാൾ സംരക്ഷണത്തിനുവേണ്ടി മാധ്യമപ്രവർത്തകനാകാൻ ശ്രമിച്ചപ്പോൾ, എഡിറ്റോറിയൽ ബോർഡിൽ കസേര വലിച്ചിട്ട് ഇരുന്നപ്പോൾ ഉണ്ടായ അപകടത്തേക്കാൾ വലിയ ഒരപകടവും ഈ റെയ്ഡ് കൊണ്ട് കേരളത്തിന്റെ മാധ്യമപ്രവർത്തകമേഖലയ്ക്ക് ഉണ്ടായിട്ടില്ല', ഷാഫ് പറമ്പിൽ കൂട്ടിച്ചേർത്തു.
മെസ്സി ഈവന്റ് തട്ടിപ്പ് കേസിന്റെ ഭാഗമായി കളമശ്ശേരിയിലെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ആസ്ഥാനത്ത് വിജിലൻസും എസ്.ഐ.ടിയും ചേർന്ന് മണിക്കൂറുകളോളം പരിശോധന നടത്തുകയും നിർണ്ണായക തെളിവുകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. കേസിൽ ഒന്നാം പ്രതിയായ ആന്റോ അഗസ്റ്റിന്റെ അറസ്റ്റിന് തൊട്ടുപിന്നാലെയാണ് ചാനൽ ഓഫീസിലേക്ക് പോലീസ് അന്വേഷണം വ്യാപിപ്പിച്ചത്. മാധ്യമങ്ങളുടെ മറവിൽ നടക്കുന്ന തട്ടിപ്പുകളെ പ്രോത്സാഹിപ്പിക്കാനാകില്ലെന്ന ശക്തമായ സന്ദേശമാണ് കോൺഗ്രസ് എം.പിയുടെ ഈ പ്രതികരണത്തിലൂടെ വ്യക്തമാകുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.