അവാര്‍ഡ് വേദിയില്‍ വൈറലായി രാഹുല്‍-സഞ്ജു 'ബ്രോമാന്‍സ്'; വീഡിയോ വൈറല്‍
Jaihind TV News Report
Jaihind TV Web Desk
March 16, 2026
1 min read
•
Updated: June 04, 2026
ബിസിസിഐയുടെ വാര്‍ഷിക പുരസ്‌കാരദാന ചടങ്ങായ 'നമന്‍ അവാര്‍ഡ്സ്' വേദിയില്‍ ഇന്ത്യന്‍ താരങ്ങളായ സഞ്ജു സാംസണും കെ.എല്‍. രാഹുലും തമ്മിലുണ്ടായ ഊഷ്മളമായ കൂടിക്കാഴ്ച ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ വൈറലായി. ഡല്‍ഹിയില്‍ ഞായറാഴ്ച നടന്ന ചടങ്ങില്‍, ടി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീമിനെ ആദരിക്കുന്നതിനിടെയാണ് മനോഹരമായ നിമിഷം സംഭവിച്ചത്.
ചടങ്ങില്‍ അവതാരകനായ ഹര്‍ഷ ഭോഗ്ലെ ടി20 ലോകകപ്പ് ജേതാക്കളായ ടീമിനെ വേദിയിലേക്ക് ക്ഷണിച്ചപ്പോള്‍, സഹതാരങ്ങള്‍ക്കൊപ്പം വേദിയിലേക്ക് നടന്നുപോകുകയായിരുന്നു സഞ്ജു. മുന്നിലെ നിരയില്‍ ഇരുന്നിരുന്ന കെ.എല്‍. രാഹുല്‍ എഴുന്നേറ്റ് സഞ്ജുവിനെ വിളിക്കുകയും, അദ്ദേഹം അടുത്തുചെന്നപ്പോള്‍ ചേര്‍ത്തുപിടിച്ച് സ്‌നേഹം പ്രകടിപ്പിക്കുകയും ചെയ്തു. ഈ വീഡിയോ ദൃശ്യങ്ങള്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഉള്‍പ്പെടെയുള്ളവര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ നിമിഷനേരം കൊണ്ട് വൈറലാവുകയായിരുന്നു. ഇരുവരും തമ്മിലുള്ള സൗഹൃദത്തെയും രാഹുലിന്റെ പെരുമാറ്റത്തെയും വാനോളം പുകഴ്ത്തുകയാണ് ആരാധകര്‍.
2026 ടി20 ലോകകപ്പില്‍ ഇന്ത്യയുടെ കിരീടധാരണത്തില്‍ നിര്‍ണ്ണായക പങ്കാണ് മലയാളി താരം സഞ്ജു സാംസണ്‍ വഹിച്ചത്. ടൂര്‍ണ്ണമെന്റിലെ 'പ്ലെയര്‍ ഓഫ് ദി ടൂര്‍ണ്ണമെന്റ്' പുരസ്‌കാരവും സഞ്ജുവിനെ തേടിയെത്തിയിരുന്നു. കേവലം അഞ്ച് മത്സരങ്ങളില്‍ നിന്ന് 80.25 ശരാശരിയിലും 199.37 സ്ട്രൈക്ക് റേറ്റിലും 321 റണ്‍സാണ് താരം അടിച്ചെടുത്തത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ സൂപ്പര്‍ എട്ട് മത്സരത്തില്‍ പുറത്താകാതെ 97 റണ്‍സും, ഇംഗ്ലണ്ടിനെതിരായ സെമിഫൈനലിലും ന്യൂസിലാന്‍ഡിനെതിരായ ഫൈനലിലും 89 റണ്‍സ് വീതവും നേടി സഞ്ജു ഇന്ത്യയുടെ വിജയത്തില്‍ കരുത്തായി.
ചടങ്ങില്‍ ശുഭ്മാന്‍ ഗില്‍ (പുരുഷ വിഭാഗം), സ്മൃതി മന്ദാന (വനിതാ വിഭാഗം) എന്നിവര്‍ക്ക് മികച്ച അന്താരാഷ്ട്ര ക്രിക്കറ്റര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. ഇതിഹാസ താരങ്ങളായ രാഹുല്‍ ദ്രാവിഡ്, റോജര്‍ ബിന്നി, മിതാലി രാജ് എന്നിവരെ ബിസിസിഐയുടെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കി ആദരിച്ചു. കൂടാതെ അടുത്തിടെ ഐസിസി ട്രോഫികള്‍ നേടിയ ഇന്ത്യന്‍ ടീമുകളെയും ചടങ്ങില്‍ ബിസിസിഐ പ്രത്യേകം അനുമോദിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10