തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിനായി സിപിഐ ഉയര്‍ത്തുന്ന കടുത്ത സമ്മര്‍ദത്തിന് വഴങ്ങേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന നേതൃത്വം. പ്രതിപക്ഷനേതാവും ഉപനേതാവും എക്കാലത്തും സിപിഎമ്മില്‍നിന്ന് തന്നെയാകുന്നതാണ് സഭയിലെ കീഴ്വഴക്കമെന്ന് വ്യക്തമാക്കിക്കൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ സിപിഐയുടെ ആവശ്യത്തെ പരസ്യമായി തള്ളിക്കളഞ്ഞു. വി.എസ്. അച്യുതാനന്ദന്‍ പ്രതിപക്ഷനേതാവായിരുന്ന കാലത്ത് കോടിയേരി ബാലകൃഷ്ണനായിരുന്നു ഉപനേതാവെന്ന മുന്‍കാല ചരിത്രവും അദ്ദേഹം ഇതിനായി ഉയര്‍ത്തിക്കാട്ടുന്നുണ്ട്.
എന്നാല്‍, സിപിഎമ്മിന്റെ ഈ നിലപാടിന് മുന്നില്‍ കീഴടങ്ങാന്‍ തയ്യാറല്ലെന്ന ഉറച്ച തീരുമാനത്തിലാണ് സിപിഐ നേതൃത്വം. തങ്ങളുടെ ന്യായമായ ആവശ്യത്തില്‍നിന്നു ഒരടി പോലും പിന്നോട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കിക്കഴിഞ്ഞു. ഈ വിഷയത്തില്‍ സിപിഎമ്മിന്റെ കടുംപിടുത്തത്തിനെതിരെ സ്വീകരിക്കേണ്ട ശക്തമായ തുടര്‍നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നാളെ അടിയന്തരമായി സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിളിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ ആവശ്യം പരസ്യമാക്കിയ സ്ഥിതിക്ക് ഇനി വിട്ടുവീഴ്ച ചെയ്താല്‍ അത് രാഷ്ട്രീയമായി വലിയ തിരിച്ചടിയാകുമെന്നാണ് സിപിഐ വിലയിരുത്തല്‍. ഇതിന്റെ ഭാഗമായി സഭയ്ക്കുള്ളില്‍ എല്‍ഡിഎഫില്‍നിന്ന് മാറി പ്രത്യേക ബ്ലോക്കായി ഇരിക്കണമെന്ന കടുത്ത നിര്‍ദേശം പോലും പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.
ഇരുപാര്‍ട്ടികളും തമ്മിലുള്ള മൂര്‍ച്ചയേറിയ തര്‍ക്കം മൂലം സംയുക്ത നിയമസഭാകക്ഷി യോഗം പോലും വിളിച്ചുചേര്‍ക്കാന്‍ കഴിയാത്തവിധം എല്‍ഡിഎഫ് വന്‍ പ്രതിസന്ധിയിലാണ്. സഭ സമ്മേളിച്ച ഇന്നലെ, സാധാരണ രീതിയിലുള്ള എല്‍ഡിഎഫ് യോഗത്തിന് പകരം സിപിഎം സ്വന്തം നിലയ്ക്കുള്ള നിയമസഭാകക്ഷി യോഗം മാത്രമാണ് ചേര്‍ന്നത്. ഉപനേതാവ് സ്ഥാനം നല്‍കാതെ എല്‍ഡിഎഫിന്റെ സംയുക്ത നിയമസഭാകക്ഷി യോഗങ്ങളില്‍ ഇനി പങ്കെടുക്കില്ലെന്ന് സിപിഐ നേതൃത്വം സിപിഎമ്മിനെ ലിഖിതമായി അറിയിച്ചിരിക്കുകയാണ്. നാളെ തല്‍ക്കാലത്തേക്ക് പിരിയുന്ന സഭ ഇനി ബജറ്റ് സമ്മേളനത്തിനായാണ് ചേരുക.
പ്രതിപക്ഷ ഉപനേതാവ് സ്ഥാനം: സിപിഐയുടെ സമ്മര്‍ദത്തിന് വഴങ്ങേണ്ടെന്ന് സിപിഎം; നിലപാടില്‍ ഉറച്ച് ബിനോയ് വിശ്വം