കൊച്ചി: ആഗോളതലത്തില്‍ വന്‍ വിജയം നേടിയ 'മഞ്ഞുമ്മല്‍ ബോയ്‌സ്' സിനിമയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസില്‍ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ക്രൈംബ്രാഞ്ച് ആയിരം പേജുള്ള വിശദമായ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. നടന്‍ സൗബിന്‍ ഷാഹിര്‍, പിതാവ് ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരാണ് കേസിലെ പ്രതികള്‍. വിശ്വാസവഞ്ചന, ചതി, ഗൂഢാലോചന അടക്കമുള്ള ഗുരുതരമായ കുറ്റങ്ങളാണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയിട്ടുള്ളത്. വഞ്ചിക്കണം എന്ന ലക്ഷ്യത്തോടെയാണ് പ്രതികള്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.
സിനിമയുടെ ലാഭത്തിന്റെ 40 ശതമാനം നല്‍കാമെന്ന് കാണിച്ച് പ്രതികള്‍ തന്നില്‍ നിന്ന് ഏഴുകോടി രൂപ കൈപ്പറ്റിയെന്നും, എന്നാല്‍ പിന്നീട് ലാഭവിഹിതമോ മുടക്കുമുതലോ നല്‍കാതെ വഞ്ചിച്ചുവെന്നുമാണ് അരൂര്‍ സ്വദേശിയായ സിറാജ് വലിയവീട്ടില്‍ ഹമീദിന്റെ പരാതി. മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയുടെ നിര്‍മ്മാണത്തിനായി പ്രതികള്‍ സ്വന്തമായി പണം മുടക്കിയിട്ടില്ലെന്നും, പകരം സിറാജിന്റെ കൈയില്‍ നിന്ന് വാങ്ങിയ ഏഴുകോടി രൂപയാണ് പൂര്‍ണ്ണമായും ഉപയോഗിച്ചതെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. 2024-ല്‍ സിനിമ പുറത്തിറങ്ങി വലിയ സാമ്പത്തികലാഭം നേടിയിട്ടും സൗബിനും പിതാവും മുടക്കുമുതലോ ലാഭവിഹിതമോ നല്‍കിയില്ലെന്നും, നിയമനടപടിയുമായി മുന്നോട്ട് പോകാന്‍ പറഞ്ഞ് അപമാനിച്ചെന്നും പരാതിയില്‍ പറയുന്നു.
നേരത്തെ, കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ബാബു ഷാഹിര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ഹര്‍ജി തള്ളിക്കളഞ്ഞിരുന്നു. വിശ്വാസവഞ്ചന നടത്തിയിട്ടില്ലെന്നും വാങ്ങിയ പണം തിരികെ നല്‍കിയിട്ടുണ്ടെന്നുമായിരുന്നു പ്രതികളുടെ ആദ്യവാദം. എന്നാല്‍ പിന്നീട് ഇത്തരത്തില്‍ ഒരു പണമിടപാട് നടത്തിയിട്ടേയില്ല എന്ന നിലപാടാണ് പ്രതികള്‍ സ്വീകരിച്ചത്. മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നു. എന്നാല്‍ ഇഡിയുടെ റിപ്പോര്‍ട്ട് ഇതുവരെ സമര്‍പ്പിച്ചിട്ടില്ല.
മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ്: 'സൗബിന്‍ സ്വന്തമായി പണം മുടക്കിയില്ല,പരാതിക്കാരന്റെ 7 കോടി രൂപ വാങ്ങിയാണ് സിനിമ നിര്‍മ്മിച്ചത്'; കുറ്റപത്രം സമര്‍പ്പിച്ച് എസ്‌ഐടി