സിബിഐ ഡയറക്ടർ തിരഞ്ഞെടുപ്പ്: നടപടിക്രമങ്ങൾ പ്രഹസനമെന്ന് രാഹുൽ ഗാന്ധി; വിയോജനക്കുറിപ്പ് നൽകി പ്രതിപക്ഷ നേതാവ്
കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐയുടെ പുതിയ ഡയറക്ടറെ തിരഞ്ഞെടുക്കുന്നതിനുള്ള ഉന്നതാധികാര സമിതി യോഗത്തിൽ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ചൊവ്വാഴ്ച വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ നടന്ന യോഗത്തിൽ, ഡയറക്ടർ സ്ഥാനത്തേക്ക് പരിഗണിക്കുന്ന 69 ഉദ്യോഗസ്ഥരുടെ സേവന രേഖകൾ മുൻകൂട്ടി നൽകാതെ അവസാന നിമിഷം പരിശോധിക്കാൻ ആവശ്യപ്പെട്ടതാണ് രാഹുലിനെ ചൊടിപ്പിച്ചത്. മതിയായ വിവരങ്ങൾ ലഭിക്കാതെ തിരഞ്ഞെടുപ്പിനെ അംഗീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, സെലക്ഷൻ കമ്മിറ്റിയിലെ മറ്റ് അംഗങ്ങളായ പ്രധാനമന്ത്രിയോടും ചീഫ് ജസ്റ്റിസ് സൂര്യകാന്തിനോടും തന്റെ വിയോജിപ്പ് അറിയിച്ചു. നിലവിലെ ഡയറക്ടർ പ്രവീൺ സൂദിന്റെ കാലാവധി മെയ് 24-ന് അവസാനിക്കാനിരിക്കെയാണ് ഈ നിർണ്ണായക നീക്കം.
തിരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമല്ലെന്നും സർക്കാർ മുൻകൂട്ടി നിശ്ചയിച്ച ആളെ നിയമിക്കാനുള്ള ഒരു പ്രഹസനം മാത്രമാണ് ഇപ്പോൾ നടക്കുന്നതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ഉദ്യോഗസ്ഥരുടെ സെൽഫ് അപ്രൈസൽ റിപ്പോർട്ടുകളോ 360 ഡിഗ്രി പെർഫോമൻസ് റിപ്പോർട്ടുകളോ നൽകണമെന്ന തന്റെ രേഖാമൂലമുള്ള ആവശ്യം സർക്കാർ നിരസിച്ചതായി അദ്ദേഹം വിയോജനക്കുറിപ്പിൽ ചൂണ്ടിക്കാട്ടി. മുൻപും സമാനമായ രീതിയിൽ സുതാര്യത ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കത്തുകൾ നൽകിയിട്ടും പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് മറുപടി ഉണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷ നേതാവിനെ ഉൾപ്പെടുത്തുന്നത് നിഷ്പക്ഷത വരുത്താനാണെന്ന് തോന്നിപ്പിക്കുമെങ്കിലും യഥാർത്ഥത്തിൽ തനിക്ക് യാതൊരു റോളും നൽകുന്നില്ലെന്ന് അദ്ദേഹം കത്തിൽ പറഞ്ഞു.
സ്ഥാപനങ്ങളെ സർക്കാർ പിടിച്ചെടുക്കാൻ ശ്രമിക്കുകയാണെന്നും രാഷ്ട്രീയ എതിരാളികളെ വേട്ടയാടാൻ സിബിഐയെ ദുരുപയോഗം ചെയ്യുന്നത് തടയാനാണ് പ്രതിപക്ഷ നേതാവിനെ സമിതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. താൻ ഒരു റബ്ബർ സ്റ്റാമ്പല്ലെന്നും ഭരണഘടനാപരമായ കടമകൾ ഇത്തരമൊരു ഏകപക്ഷീയമായ പ്രക്രിയയിലൂടെ അട്ടിമറിക്കാൻ അനുവദിക്കില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. നിലവിൽ പരാഗ് ജെയിൻ, ശത്രുജീത് കപൂർ, യോഗേഷ് ഗുപ്ത തുടങ്ങിയ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരുടെ പേരുകളാണ് പട്ടികയിലുള്ളത്. 2018-ലെ അർദ്ധരാത്രി നാടകത്തിന് സമാനമായ സാഹചര്യമാണ് ഇപ്പോഴുമുള്ളതെന്ന സൂചന നൽകിക്കൊണ്ടാണ് പ്രതിപക്ഷ നേതാവ് യോഗത്തിൽ നിന്ന് വിട്ടുനിന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.