അമേരിക്കയുമായി ഒപ്പുവെച്ച പുതിയ വ്യാപാരക്കരാർ ശതകോടീശ്വരൻ ഗൗതം അദാനിയെ നിയമക്കുരുക്കിൽ നിന്ന് രക്ഷിക്കാൻ വേണ്ടിയുള്ളതാണെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുൽ ഗാന്ധി രംഗത്ത്. അദാനിക്കെതിരെയുള്ള കോഴക്കേസ് ഒത്തുതീർപ്പാക്കാൻ അമേരിക്കൻ സർക്കാർ സമ്മതിച്ചെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മോദി സർക്കാർ രാജ്യതാത്പര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്തതായി രാഹുൽ ഗാന്ധി ആരോപിച്ചു. "വിട്ടുവീഴ്ചകൾക്ക് തയ്യാറായ പ്രധാനമന്ത്രി നടത്തിയത് ഒരു വ്യാപാരക്കരാറല്ല, മറിച്ച് അദാനിയുടെ മോചനത്തിനായുള്ള വെറുമൊരു വിലപേശൽ മാത്രമാണ്," എന്ന് രാഹുൽ ഗാന്ധി തന്റെ എക്‌സ് ഹാൻഡിലിൽ കുറിച്ചു.
ഇൻഡോ-യുഎസ് വ്യാപാരക്കരാർ തികച്ചും ഒരുപക്ഷീയമാണെന്നും ഇത് ഇന്ത്യയേക്കാൾ കൂടുതൽ അമേരിക്കൻ താത്പര്യങ്ങളെയാണ് സംരക്ഷിക്കുന്നതെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശും ആരോപിച്ചു. അമേരിക്കയ്ക്ക് വലിയ ലാഭമുണ്ടാക്കുന്ന ഈ ഏകപക്ഷീയ കരാറിന് പ്രധാനമന്ത്രി എന്തിനാണ് സമ്മതം മൂകിയതെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണെന്ന് ജയറാം രമേശ് ചൂണ്ടിക്കാട്ടി. 'ഓപ്പറേഷൻ സിന്ദൂർ' നിർത്തിവെച്ചതുമായി ബന്ധപ്പെടുത്തിയും അദ്ദേഹം സർക്കാരിനെതിരെ വിമർശനമുയർത്തി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണികൾക്ക് വഴങ്ങി, രാജ്യതാത്പര്യങ്ങൾ അവഗണിച്ച് 2025 മേയ് 10-നാണ് പ്രധാനമന്ത്രി 'ഓപ്പറേഷൻ സിന്ദൂർ' പെട്ടെന്ന് നിർത്തിവെച്ചതെന്നും പ്രധാനമന്ത്രി ഇതിലും കൂടുതൽ എങ്ങനെയാണ് പണയം വെക്കപ്പെടുകയെന്നും ജയറാം രമേശ് ചോദിച്ചു.
2024-ന്റെ അവസാനത്തിൽ ഗൗതം അദാനിക്കും അദ്ദേഹത്തിന്റെ അനന്തരവനും അദാനി ഗ്രീൻ എനർജി ഡയറക്ടറുമായ സാഗർ അദാനിക്കുമെതിരെ യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ (SEC) ഫയൽ ചെയ്ത കേസാണ് ഈ വിവാദങ്ങൾക്ക് ആധാരം. 20 വർഷത്തിനുള്ളിൽ ഏകദേശം 2 ബില്യൺ ഡോളർ ലാഭം പ്രതീക്ഷിക്കുന്ന സൗരോർജ്ജ വിതരണ കരാറുകൾ സ്വന്തമാക്കാൻ അദാനി ഗ്രൂപ്പ് ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർക്ക് 265 മില്യൺ ഡോളർ കോഴ നൽകാൻ സമ്മതിച്ചെന്നാണ് കേസ്. കൂടാതെ, അഴിമതി വിരുദ്ധ നിയമങ്ങളും കോർപ്പറേറ്റ് ഭരണരീതികളും പാലിക്കുന്നുണ്ടെന്ന തെറ്റായ അവകാശവാദങ്ങൾ ഉന്നയിച്ച് അമേരിക്കൻ നിക്ഷേപകരിൽ നിന്നടക്കം ബോണ്ടുകളിലൂടെയും വായ്പകളിലൂടെയും അദാനി ഗ്രൂപ്പ് 2 ബില്യൺ ഡോളർ സമാഹരിച്ചതായും SEC ആരോപിച്ചിരുന്നു.
എന്നാൽ തങ്ങൾക്കെതിരെ ഉയർന്ന എല്ലാ അഴിമതി ആരോപണങ്ങളും അദാനി ഗ്രൂപ്പ് ശക്തമായി നിഷേധിച്ചിട്ടുണ്ട്. അദാനിക്കെതിരെയുള്ള നിയമനടപടികളിൽ ചില ഭാഗങ്ങൾ ഒഴിവാക്കാനോ ഒത്തുതീർപ്പാക്കാനോ യുഎസ് ഭരണകൂടം ആലോചിക്കുന്നതായി റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് കോൺഗ്രസ് കടുത്ത ആക്രമണവുമായി രംഗത്തെത്തിയത്. കേന്ദ്രസർക്കാർ കോർപ്പറേറ്റ് താത്പര്യങ്ങളെ സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുമ്പോൾ, ഈ വിഷയത്തിൽ ഭരണപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല.