സ്ത്രീപക്ഷം പറച്ചിലില്‍ മാത്രം, പാർട്ടിയില്‍ പുരുഷാധിപത്യം; നേതൃത്വത്തിനെതിരെ തുറന്നടിച്ച് ബിജിമോള്‍
Jaihind TV News Report
Jaihind TV Web Desk
September 01, 2022
1 min read
•
Updated: June 04, 2026
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറിസ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനവുമായി ഇ.എസ് ബിജിമോള്‍. പാർട്ടിയിൽ പുരുഷാധിപത്യമാണെന്നും ഒരു ജില്ലയിലെങ്കിലും വനിതാ സെക്രട്ടറി വേണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടില്ലെന്നും ബിജിമോള്‍ പറഞ്ഞു. പുരോഗമനവാദികളെന്ന് അവകാശപ്പെടുന്ന പല രാഷ്ട്രീയ പാർട്ടികളുടെയും സ്ത്രീപക്ഷ നിലപാട് എന്നത് തികച്ചും സ്ത്രീവിരുദ്ധമാണെന്നും ബിജിമോള്‍ കുറ്റപ്പെടുത്തി. ജെൻഡർ ന്യൂട്രൽ എന്നു തോന്നിപ്പിക്കുന്ന മിനുസമുള്ള പുറം കുപ്പായം അണിയുന്നവര്‍ പക്ഷേ വ്യക്തിഗതമായി യാഥാസ്ഥിതിക രാഷ്ട്രീയ കാഴ്ചപ്പാടുള്ളവരിൽ നിന്ന് വ്യത്യസ്തരല്ല എന്നു തന്നെയാണ് തന്‍റെ അനുഭവമെന്നും അവർ തുറന്നടിച്ചു. 'സ്ത്രീവിരുദ്ധ നിലപാട് സ്വീകരിക്കുന്നവർ ഏത് പൊന്നു തമ്പുരാൻ ആയാലും അവരോട് എനിക്ക് എന്നും ആനക്കാട്ടിൽ ഈപ്പച്ചന്റെ ഡയലോഗിൽ പറഞ്ഞാൽ ഇറവറൻസാണ്. സ്ത്രീപക്ഷ നിലപാട് സ്വീകരിക്കുമ്പോൾ ഇത്തിരി ഔട്ട് സ്പോക്കണുമാകും തിരുമേനിമാരെ. കാരണം ഇത് ജനുസ് വേറെയാണ്' - എന്നു പറഞ്ഞാണ് ബിജിമോള്‍ തന്‍റെ ഫേസ് ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം:
പ്രീയപ്പെട്ട വനിതാരാഷ്ട്രീയ പ്രവർത്തകരെ, ഏട്ടിലെ പശുക്കൾ പണ്ടു മുതലേ പുല്ലു തിന്നാറില്ല.പുല്ലു തിന്നണമെന്ന് നമ്മൾ ശഠിക്കാനും പാടില്ല. രാഷ്ട്രീയ രംഗത്തെ സ്ത്രീപ്രാധാന്യത്തെക്കുറിച്ച് വാതോരാതെ സംസാരിക്കും. സിമ്പോസിയങ്ങൾ സംഘടിപ്പിക്കും. പാർലമെന്റിലും നിയമസഭകളിലും സ്ത്രീ സംവരണം നടപ്പിലാക്കുവാൻ വലിയ ചർച്ചകളും പ്രതിഷേധ സമരങ്ങളും സംഘടിപ്പിക്കും( ഇത്തരം സമരങ്ങളിൽ പങ്കെടുക്കുന്നവരിൽ ഭൂരിപക്ഷത്തിനും സംഘാടകരിൽ ന്യൂനപക്ഷത്തിനും ഈ സമരത്തെക്കുറിച്ച് വലിയ ധാരണകൾ ഇല്ലെന്ന് എനിക്ക് പറയേണ്ടി വരുന്നത് രാഷ്ട്രീയ സംഘടനാ ബോധത്തിന്റെ കുറവ് കൊണ്ടല്ല മറിച്ച് വ്യക്തിഗതമായ രാഷ്ട്രീയഅനുഭവങ്ങളുടെ വിലയിരുത്തലിൽ നിന്നു തന്നെയാണ്.) എന്നാൽ പുരോഗമനവാദികളെന്ന് അവകാശപ്പെടുന്ന പല രാഷ്ട്രീയ പാർട്ടികളുടെയും സ്ത്രീപക്ഷ നിലപാട് എന്നത് തികച്ചും സ്ത്രീവിരുദ്ധമാണെന്ന് ഖേദപൂർവം പറയേണ്ടി വരും. പുരോഗമന രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്ന ബഹുഭൂരിപക്ഷ പുരുഷന്മാരും രാഷ്ട്രീയ സംഘടനാബോധത്തിൽ നിന്നും പുസ്തക പാരായണത്തിൽ നിന്നും കിട്ടിയ അറിവുകൾ കൊണ്ട് ജെൻഡർ ന്യൂട്രൽ എന്നു തോന്നിപ്പിക്കുന്ന മിനുസമുള്ള പുറം കുപ്പായം അണിയും. പക്ഷേ അവർ വ്യക്തിഗതമായി യാഥാസ്ഥിതിക രാഷ്ട്രീയ കാഴ്ചപ്പാടുള്ളവരിൽ നിന്ന് വ്യത്യസ്തരല്ല എന്നു തന്നെയാണ് എന്റെ അനുഭവം. 27 വർഷങ്ങൾക്ക് മുമ്പ് ത്രിതല പഞ്ചായത്തുകളിൽ സ്ത്രീ സംവരണം നടപ്പിലാക്കിയതിനെ തുടർന്ന് സജീവ രാഷ്ട്രീയ പ്രവർത്തന രംഗത്ത് എത്തിയ എന്നെപോലെയുള്ളവർക്ക് ഇത്തരം സ്ത്രീവിരുദ്ധ അനുഭവങ്ങൾ ധാരാളമായി പറയാനുണ്ടാവും. സ്ത്രീകൾക്ക് എന്തു ചെയ്യാൻ സാധിക്കും ഇതൊക്കെ വൻ പരാജയങ്ങളായിരിക്കുമെന്ന യാഥാസ്ഥിക സങ്കല്പങ്ങളെ പൊളിച്ചെഴുതുവാൻ ഈ കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷം കൊണ്ട് സ്ത്രീകൾക്ക് സാധിച്ചുവെന്നത് അഭിമാനത്തോടെ തന്നെ പറയാം. സാമൂഹിക സാംസ്കാരിക ഇടങ്ങളിൽ മാത്രമല്ല കുടുംബങ്ങളിലും സ്ത്രീകളുടെ അഭിപ്രായങ്ങൾ മാനിക്കപ്പെടുന്നതിന്റെ തോത് വർധിപ്പിക്കുവാൻ സ്ത്രീ സംവരണത്തിനും ഒരു പങ്കുണ്ട്. നിയമപരമായ സംവരണങ്ങളിലൂടെ മാത്രമേ സ്ത്രീകൾക്ക് ഭരണപങ്കാളിത്തം ഉറപ്പാക്കുവാൻ സാധിുക്കുവെന്നത് വാസ്തവമാണ്. അത് മനസിലാക്കിയാണ് സ്ത്രീ പങ്കാളിത്തം ഉയർത്തുവാൻ ഞാൻ വിശ്വസിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന രാഷട്രീയ പാർട്ടി 15 ശതമാനം സ്ത്രീസംവരണം രാഷ്ട്രീയ നേതൃത്വനിരയിൽ ഉണ്ടാകണമെന്ന് നിർദേശം നൽകിയത്. അതിന്റെ ഭാഗമായാണ് ഒരു വനിതയെയെങ്കിലും ജില്ലാ സെക്രട്ടറി സ്ഥാനത്തേയ്ക്ക് പരിഗണിക്കണമെന്ന് എൻഎഫ്ഐഡബ്ലുവിന്റെ കേരള ഘടകം ശക്തമായ നിലപാട് സ്വീകരിച്ചത്. ജില്ലാ സെക്രട്ടറി പദവിയിലേയ്ക്ക് എന്റെ പേരു നിർദേശിക്കുകയും ചെയ്തു. പുരുഷ കേന്ദ്രീകൃതമായ ആ കൊക്കൂണിൽ തൊട്ടതെ എനിക്ക് നേരെയുണ്ടായ ഡി ഗ്രേഡിംഗും മോറൽ അറ്റാക്കിംഗും വിവർണാതീതമാണ്. ജനപ്രതിനിധി എന്ന നിലയിൽ ഇത്തരം സ്ത്രീവിരുദ്ധമായ ഡിഗ്രേഡിംഗിന് മറ്റു രാഷ്ട്രീയ പാർട്ടികളിൽ നിന്നും മാധ്യമങ്ങളിൽ നിന്നും ( മാധ്യമങ്ങളുടെ സറ്റെെയറിൽ പൊതിഞ്ഞ സ്ത്രീ വിരുദ്ധ പരാമർശങ്ങൾ ) ഞാൻ ഇരയായിട്ടുണ്ട്. അതിനെ അതിജീവിക്കാനും പ്രതിരോധിക്കാനും ഉൾക്കൊള്ളുവാനും എനിക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ ഒരു സ്ത്രീയെന്ന നിലയിൽ വനിത സെക്രട്ടറി പദവിയിലേയ്ക്ക് എന്നെ പരിഗണിച്ചപ്പോൾ ജെൻഡർ പരിഗണന എനിക്ക് ആവശ്യമില്ലെന്നു പറയുകയും എന്നാൽ എന്നെ അപമാനിക്കുവാൻ എന്റെ സ്ത്രീ പദവിയെ ദുരുപയോഗം ചെയ്യുകയും ചെയ്ത ആദർശ രാഷ്ട്രീയ വക്താക്കളുടെ നെറികെട് ഒരു ട്രോമയായി എന്നെ വേട്ടയാടുക തന്നെ ചെയ്യും. പക്ഷേ തളർന്നു പോകില്ല. കൂടുതൽ കരുത്തോടെ മുന്നേറും സ്ത്രീവിരുദ്ധ നിലപാട് സ്വീകരിക്കുന്നവർ ഏത് പൊന്നു തമ്പുരാൻ ആയാലും അവരോട് എനിക്ക് എന്നും ആനക്കാട്ടിൽ ഈപ്പച്ചന്റെ ഡയലോഗിൽ പറഞ്ഞാൽ ഇറവറൻസാണ്. സ്ത്രീപക്ഷ നിലപാട് സ്വീകരിക്കുമ്പോൾ ഇത്തിരി ഔട്ട് സ്പോക്കണുമാകും തിരുമേനിമാരെ . കാരണം ഇത് ജനുസ് വേറെയാണ്..
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10