സ്വകാര്യ വിവരങ്ങൾ വിറ്റു കാശാക്കുന്നത് നീച പ്രവൃത്തി, മുഖ്യമന്ത്രിയുടെ നടപടികൾ ദുരൂഹം: ബെന്നി ബെഹനാൻ എം.പി
Jaihind TV News Report
Jaihind TV Web Desk
April 11, 2020
1 min read
•
Updated: June 10, 2026
കൊച്ചി: കേരളത്തിലെ ജനങ്ങൾ കൊവിഡ് എന്ന മഹാമാരിയുമായി മല്ലടിക്കുമ്പോൾ അവരുടെ സ്വകാര്യ വിവരങ്ങൾ വിറ്റു കാശാക്കുന്ന നീചമായ പ്രവൃത്തിയുമായാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്ന് യു ഡി എഫ് കൺവീനർ ബെന്നി ബെഹനാൻ എം.പി കുറ്റപ്പെടുത്തി.
കൊറോണ വിവരശേഖരണത്തിന്‍റെ മറവിൽ ഹോം ഐസൊലേഷനിൽ കഴിയുന്ന ലക്ഷകണക്കിന് ജനങ്ങളുടെ സ്വകാര്യ വിവരങ്ങൾ അമേരിക്കൻ മാർക്കറ്റിങ് ആൻഡ് റിസർച്ച് കമ്പനിയായ സ്പ്രിങ്ക്ളര്‍ എന്ന സ്വകാര്യ കമ്പനിക്കാണ് സർക്കാർ നൽകിക്കൊണ്ടിരിക്കുന്നത് ദുരൂഹമാണ്. ബിഗ് ഡാറ്റ വാഴുന്ന ഈ കാലഘട്ടത്തിൽ ഈ കമ്പനി മറ്റു ഗവേഷണ കമ്പനികൾക്ക് ഈ വിവരങ്ങൾ കോടികൾ വാങ്ങി കൈമാറും എന്ന കാര്യത്തിൽ സംശയമില്ല. ഇത് ആരോഗ്യ ഇൻഷുറൻസ് കമ്പനികളുടെ കൈയിൽ എത്തിയാൽ കേരളത്തിൽ ഹോം ഐസൊലേഷലിൽ കഴിയുന്ന ലക്ഷകണക്കിന് പാവങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ പോലും നിഷേധിക്കപ്പെടുന്ന അതീവ ഗുരുതരമായ സാഹചര്യം ഉണ്ടാകും.
ഇന്ത്യൻ ഭരണഘടനയുടെ ഇരുപത്തൊന്നാം അനുച്ഛേദത്തിൽ പ്രതിപാദിച്ചിരിക്കുന്ന ജീവിക്കാനുള്ള അവകാശത്തിൽ ഒരു വ്യക്തിയുടെ സ്വകാര്യതയും ഉൾപ്പെടും എന്നാണ് ജസ്റ്റിസ് പുട്ടസ്വാമി കേസിൽ ബഹുമാനപെട്ട സുപ്രീം കോടതി തന്നെ പറഞ്ഞിരിക്കുന്നത്. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ വ്യക്തികളുടെ രോഗ വിവരങ്ങൾ അടങ്ങുന്ന അതീവ രഹസ്യമായ വിവരങ്ങൾ ഒരു അമേരിക്കൻ കമ്പനിക്ക് നൽകുന്നത് ഇന്ത്യൻ നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. ലോകത്തെ തന്നെ പിടിച്ചു കുലുക്കിയ ഫേസ്ബുക് കേംബ്രിഡ്ജ് അനാലിറ്റിക്ക വിവാദം നിലനിക്കുമ്പോഴാണ് ഇത്തരമൊരു കച്ചവടം നടക്കുന്നത് എന്നത് ഈ വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.
ഇത്തരമൊരു തീരുമാനം എടുക്കുന്നതിന് മുൻപ് മന്ത്രിസഭാ യോഗം കൂടി തീരുമാനം എടുത്തിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. എന്ത്‌കൊണ്ടാണ് സംസ്‌ഥാനത്തെ ജനങ്ങളെയാകെ ബാധിക്കുന്ന ഇത്തരമൊരു തീരുമാനത്തിൽ പ്രതിപക്ഷവുമായി കൂടിയാലോചന നടത്താൻ സർക്കാർ തയാറാകാത്തതെന്നും ബെന്നി ബെഹനാൻ ചോദിച്ചു. മുഖ്യമന്ത്രിയുടെ വകുപ്പിൽ ഇത്രവും വലിയ നീക്കങ്ങൾ നടക്കുന്നത് പുറത്തു പറയാത്ത മുഖ്യമന്ത്രിയുടെ നടപടി ദുരൂഹമാണെന്നും യു ഡി എഫ് കൺവീനർ ആരോപിച്ചു. ജനങ്ങളുടെ നിസ്സഹായാവസ്ഥയെ വിറ്റു കാശാക്കുന്ന ഈ നടപടി നിർത്തിവച്ചു സമഗ്രമായ അന്വേഷണത്തിന് സർക്കാർ തയ്യാറാവണമെന്നും ബെന്നി ബെഹനാൻ ആവശ്യപ്പെട്ടു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10