പഹല്‍ഗാം ഭീകരാക്രമണം: പരിക്കേറ്റവരെ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി കശ്മീരില്‍
Jaihind TV News Report
Jaihind TV Web Desk
April 25, 2025
1 min read
•
Updated: June 05, 2026
ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താനും ഇരകളെ ആശ്വസിപ്പിക്കാനുമായി കോണ്‍ഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി കശ്മീരിലെത്തി. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടവരെയും പരിക്കേറ്റവരെയും അദ്ദേഹം സന്ദര്‍ശിക്കുകയും മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ഉള്‍പ്പെടെയുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. അതേസമയം, നിയന്ത്രണരേഖയില്‍ (LoC) ഇന്ത്യ-പാക് സൈന്യങ്ങള്‍ തമ്മില്‍ പലയിടത്തും വെടിവയ്പ്പ് നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിക്കുന്നതിനായി രാഹുല്‍ ഗാന്ധി ശ്രീനഗറിലെ ബദാമിബാഗ് കന്റോണ്‍മെന്റിലെ ആര്‍മി ബേസ് ഹോസ്പിറ്റലിലാണ് എത്തിയത്. പഹല്‍ഗാമിലെ ബൈസരന്‍ പുല്‍മേടില്‍ നടന്ന ആക്രമണത്തില്‍ 26 സാധാരണക്കാരാണ് കൊല്ലപ്പെട്ടത് . ഇരുപത്തിനാലോളം പേര്‍ക്ക് പരിക്കേറ്റു. പാര്‍ട്ടി പ്രതിനിധികളും, വ്യാപാര, വിനോദസഞ്ചാര മേഖലകളില്‍ നിന്നുള്ളവരും ഉള്‍പ്പെടെ വിവിധ പ്രതിനിധി സംഘങ്ങളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കശ്മീരികള്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ ജനങ്ങളുടെ 'മുറിവുകള്‍ ഉണക്കുക' എന്ന സന്ദേശവുമായാണ് രാഹുല്‍ ഗാന്ധി എത്തിയതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.
ഭീകരതയുടെ ലക്ഷ്യം രാജ്യത്തെ ഭിന്നിപ്പിക്കലാണെന്നും അതിനെതിരെ എല്ലാ ഇന്ത്യക്കാരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും രാഹുല്‍ഗാന്ധി ആഹ്വാനം ചെയ്തു. ആക്രമണത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ചതിനും നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിനും ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഇതൊരു ഭയാനകമായ ദുരന്തമാണ്. ഇവിടുത്തെ സാഹചര്യം മനസ്സിലാക്കാനും സഹായം നല്‍കാനുമാണ് ഞാന്‍ എത്തിയത്,' രാഹുല്‍ ഗാന്ധി പറഞ്ഞു. 'ജമ്മു കശ്മീരിലെ എല്ലാ ജനങ്ങളും ഈ ഭീകരാക്രമണത്തെ അപലപിക്കുന്നുണ്ട്. ഈ സമയത്ത് അവര്‍ രാജ്യത്തോടൊപ്പം നില്‍ക്കുന്നു.'
കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടവരോട് സ്‌നേഹവും അനുതാപവും അറിയിച്ച അദ്ദേഹം, രാജ്യം മുഴുവന്‍ അവര്‍ക്കൊപ്പമുണ്ടെന്നും വ്യക്തമാക്കി. 'കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട എല്ലാവര്‍ക്കൊപ്പവും എന്റെ സ്‌നേഹവും വാത്സല്യവുമുണ്ട്. രാജ്യം മുഴുവന്‍ അവരോടൊപ്പം ഉണ്ടെന്ന് എല്ലാവരെയും അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. 'ഇന്നലെ ഞങ്ങള്‍ സര്‍ക്കാരുമായി യോഗം ചേര്‍ന്നു. പ്രതിപക്ഷം ഒന്നടങ്കം ഈ ആക്രമണത്തെ അപലപിച്ചു. സര്‍ക്കാര്‍ സ്വീകരിക്കുന്ന ഏത് നടപടിക്കും ഞങ്ങള്‍ പൂര്‍ണ്ണ പിന്തുണ നല്‍കിയിട്ടുണ്ട്,' രാഹുല്‍ ഗാന്ധി പറഞ്ഞു. ഈ ആക്രമണത്തിന് പിന്നിലെ ലക്ഷ്യം സമൂഹത്തെ ഭിന്നിപ്പിക്കലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 'സമൂഹത്തെ ഭിന്നിപ്പിക്കുക, സഹോദരന്മാരെ തമ്മില്‍ തെറ്റിക്കുക എന്ന ഗൂഢാലോചനയാണ് ഈ ആക്രമണത്തിന് പിന്നിലുള്ള ആശയം. ഈ സാഹചര്യത്തില്‍, ഓരോ ഇന്ത്യക്കാരനും ഒന്നിച്ചുനിന്ന് ഭീകരരുടെ ഈ നീചമായ ശ്രമത്തെ പരാജയപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.' കശ്മീരികള്‍ക്കു നേരേ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുണ്ടായ ആക്രമണങ്ങളെയും അദ്ദേഹം അപലപിച്ചു.
ജമ്മു കശ്മീര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ താരിഖ് ഹമീദ് കാറയും മുതിര്‍ന്ന നേതാവ് ജി.എ. മിറും വിമാനത്താവളത്തില്‍ അദ്ദേഹത്തെ സ്വീകരിച്ചു. ഭീകരാക്രമണത്തെക്കുറിച്ച് പാര്‍ട്ടികളെ അറിയിക്കുന്നതിനായി കേന്ദ്രം വ്യാഴാഴ്ച വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തിരുന്നു. സര്‍ക്കാരിന്റെ നടപടികള്‍ക്ക് അദ്ദേഹം പൂര്‍ണ്ണ പിന്തുണ അറിയിക്കുകയും ചെയ്തു. ഡല്‍ഹിയില്‍ നടന്ന സര്‍വകക്ഷി യോഗത്തില്‍, പഹല്‍ഗാമിലെ നിരപരാധികളായ സാധാരണക്കാരുടെ കൊലപാതകങ്ങള്‍ക്ക് പ്രതികാരം ചെയ്യാന്‍ സര്‍ക്കാരിന് കോണ്‍ഗ്രസ് പാര്‍ട്ടി സമ്പൂര്‍ണ്ണ പിന്തുണയാണ് വാഗ്ദാനം ചെയ്തത്.
പഹല്‍ഗാമില്‍ നിന്ന് രക്ഷപ്പെട്ടവരുമായി സംസാരിച്ച ശേഷമാണ് രാഹുല്‍ ഗാന്ധി ശ്രീനഗറിലെത്തിയത്. ഹരിനിവാസില്‍ വെച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ അദ്ധ്യക്ഷതയില്‍ നേരത്തെ ജമ്മുവില്‍ സര്‍വ്വകക്ഷി യോഗം വിളിച്ചു ചേര്‍ത്തിരുന്നു. 2024-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒമര്‍ അബ്ദുള്ളയുടെ നാഷണല്‍ കോണ്‍ഫറന്‍സുമായി സഖ്യത്തിലായിരുന്നു കോണ്‍ഗ്രസ് മത്സരിച്ചത്. ശ്രീനഗറിലെത്തിയ രാഹുല്‍ ഗാന്ധി, വ്യാപാര, ടൂറിസം മേഖലയിലെ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തി. ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുമായും അദ്ദേഹം സംസാരിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10