തിരുവനന്തപുരം: ഔദ്യോഗിക സന്ദർശനവേളകളിൽ മുഖ്യമന്ത്രിക്കായി പൊലീസ് സേന ഒരുക്കുന്ന പരമ്പരാഗത 'ഗാർഡ് ഓഫ് ഓണർ' ചടങ്ങ് തനിക്ക് ഇനി മുതൽ വേണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സംസ്ഥാന പൊലീസ് മേധാവി (ഡിജിപി) റാവാഡ എ. ചന്ദ്രശേഖറെ നേരിട്ടറിയിച്ചാണ് മുഖ്യമന്ത്രി ഈ ആചാരപരമായ ചടങ്ങ് ഒഴിവാക്കാൻ നിർദ്ദേശം നൽകിയത്. ഔദ്യോഗിക സന്ദർശനങ്ങളിൽ ഗസ്റ്റ് ഹൗസുകൾക്ക് മുന്നിലും മറ്റും പൊലീസ് ഉദ്യോഗസ്ഥർ മണിക്കൂറുകളോളം നിരന്നുനിന്ന് മുഖ്യമന്ത്രിയെ സ്വീകരിക്കുന്നതാണ് ഈ ചടങ്ങ്.
സേനയിൽ ഉദ്യോഗസ്ഥരുടെ ക്ഷാമം രൂക്ഷമായി നേരിടുന്ന ഈ സാഹചര്യത്തിൽ, വെറും ആചാരപരമായ ആവശ്യങ്ങൾക്കായി കൂടുതൽ പൊലീസുകാരെ നിയോഗിച്ച് സമയം കളയേണ്ടതില്ലെന്നാണ് മുഖ്യമന്ത്രിയുടെ കർശന നിലപാട്. പോലീസിന്റെ സേവനം പൊതുജനങ്ങൾക്ക് കൂടുതൽ ഉപകാരപ്പെടുന്ന രീതിയിൽ വിനിയോഗിക്കപ്പെടണമെന്നും അദ്ദേഹം കരുതുന്നു.
വിപരീത സാഹചര്യങ്ങളിലും ലളിതമായ സുരക്ഷാ സംവിധാനങ്ങൾ മതിയെന്ന മുഖ്യമന്ത്രിയുടെ മുൻ നിലപാടിന്റെ തുടർച്ചയാണിത്. തന്റെ ഔദ്യോഗിക വാഹനവ്യൂഹത്തിൽ വലിയ തോതിലുള്ള അകമ്പടി വാഹനങ്ങൾ ഒഴിവാക്കണമെന്നും കേവലം എസ്കോർട്ടും പൈലറ്റും മാത്രം മതിയെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ അടുത്തിടെ ഡിജിപിക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഗാർഡ് ഓഫ് ഓണറും വേണ്ടെന്ന മാതൃകാപരമായ തീരുമാനം അദ്ദേഹം കൈക്കൊണ്ടിരിക്കുന്നത്.