രാഹുല്‍ ഗാന്ധിക്ക് സംസാരിക്കാൻ വിലക്ക്; പാർലമെന്റിൽ സർവ്വത്ര സ്തംഭനം; കടന്നാക്രമിച്ച് കെ.സി. വേണുഗോപാൽ

ന്യൂഡൽഹി: ലോക്‌സഭയുടെ പ്രവർത്തനരീതിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്. കീഴ്സഭയിൽ പ്രതിപക്ഷത്തിന് സംസാരിക്കാൻ ഇടമില്ലെന്ന് ആരോപിച്ച പാർട്ടി, സ്പീക്കർ ഓം ബിർളയ്ക്കെതിരെ പ്രതിപക്ഷ കക്ഷികൾ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന റിപ്പോർട്ടുകളോട് "നടപടി ഉണ്ടാകുന്നത് വരെ കാത്തിരിക്കൂ" എന്ന് പ്രതികരിച്ചു. പ്രതിപക്ഷം ഈ വിഷയത്തിൽ ഒറ്റക്കെട്ടാണെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി.
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും മറ്റ് പ്രതിപക്ഷ നേതാക്കൾക്കും സംസാരിക്കാൻ അവസരം നിഷേധിക്കുകയാണെന്ന് കെ.സി. വേണുഗോപാൽ ആരോപിച്ചു. എന്നാൽ ഭരണപക്ഷത്തുള്ളവർക്ക് ആരെയും ആക്രമിക്കാനും അന്തരിച്ച നേതാക്കൾക്കെതിരെ പോലും അധിക്ഷേപകരമായ പരാമർശങ്ങൾ നടത്താനും പൂർണ്ണ സ്വാതന്ത്ര്യം നൽകിയിരിക്കുകയാണ്. സഭാനടപടികളിൽ പ്രതിപക്ഷത്തോടുള്ള ഈ സമീപനം മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തതാണെന്നും വേണുഗോപാൽ പാർലമെന്റ് പരിസരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
വനിതാ എംപിമാർക്കെതിരെ സ്പീക്കർ ആരോപണങ്ങൾ ഉന്നയിക്കുന്നതായും പാർലമെന്ററി മാനദണ്ഡങ്ങൾ തകരുകയാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, തന്ത്രങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാവില്ലെന്നും വൈകാതെ നടപടിയുണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ ചേർന്ന പ്രതിപക്ഷ നേതാക്കളുടെ യോഗത്തിലാണ് സംയുക്ത നീക്കങ്ങളെക്കുറിച്ച് ചർച്ച നടന്നത്.
പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗമില്ലാതെ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയം പാസാക്കിയ അസാധാരണ നടപടികളുടെ പശ്ചാത്തലത്തിലാണ് രാഷ്ട്രീയ പോര് മുറുകുന്നത്. പ്രതിപക്ഷ അംഗങ്ങൾ പ്രധാനമന്ത്രിയുടെ സീറ്റിനടുത്തേക്ക് നീങ്ങി അപ്രതീക്ഷിതമായി എന്തെങ്കിലും ചെയ്തേക്കുമെന്ന് തനിക്ക് രഹസ്യവിവരം ലഭിച്ചതായും അതുകൊണ്ടാണ് പ്രധാനമന്ത്രിയോട് സഭയിൽ വരേണ്ടെന്ന് നിർദ്ദേശിച്ചതെന്നും സ്പീക്കർ ഓം ബിർള കഴിഞ്ഞ ദിവസം വൈകാരികമായി പറഞ്ഞിരുന്നു. എന്നാൽ സ്പീക്കറുടെ ഈ അവകാശവാദം പച്ചക്കള്ളമാണെന്നും പ്രധാനമന്ത്രി സ്പീക്കറുടെ പിന്നിൽ ഒളിച്ചിരിക്കുകയാണെന്നും പ്രിയങ്ക ഗാന്ധി തിരിച്ചടിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.