ഓപ്പറേഷന്‍ സിന്ദൂര്‍: മോദിയും ജയശങ്കറും മൗനം വെടിയണമെന്ന് കോണ്‍ഗ്രസ് ; 'അമേരിക്ക പാപ്പാ നേ വാര്‍ രുക്വാ ദി ക്യാ ' ചോദ്യം വൈറല്‍
Jaihind TV News Report
Jaihind TV Web Desk
May 14, 2025
1 min read
•
Updated: June 06, 2026
ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വെടിനിര്‍ത്തല്‍ സാധ്യമാക്കിയത് താനാണെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആവര്‍ത്തിച്ചുള്ള അവകാശവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യമന്ത്രി എസ്. ജയശങ്കറും മൗനം വെടിയണമെന്ന് കോണ്‍ഗ്രസ്. യുഎസ് സമ്മര്‍ദ്ദത്തിന് വഴങ്ങി ഇന്ത്യയുടെ സുരക്ഷാ താല്‍പ്പര്യങ്ങള്‍ പണയപ്പെടുത്തിയോ എന്നും കോണ്‍ഗ്രസ് ബുധനാഴ്ച, മെയ് 14-ന് ചോദിച്ചു.
ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വര്‍ധിച്ചു വരുന്ന സംഘര്‍ഷം ലഘൂകരിക്കാന്‍ തന്റെ ഭരണകൂടം 'ചരിത്രപരമായ വെടിനിര്‍ത്തലിന്' വിജയകരമായി മധ്യസ്ഥത വഹിച്ചുവെന്ന് ട്രംപ് ചൊവ്വാഴ്ചയും സൗദി അറേബ്യയില്‍ സംസാരിക്കവെ വീണ്ടും അവകാശപ്പെട്ടിരുന്നു. 'ദിവസങ്ങള്‍ക്ക് മുമ്പ് അമേരിക്കന്‍ പ്രസിഡന്റില്‍ നിന്നാണ് പാകിസ്ഥാനുമായുള്ള വെടിനിര്‍ത്തലിനെക്കുറിച്ച് നമ്മള്‍ അറിഞ്ഞത്. ഇപ്പോള്‍, ഇന്നലെ സൗദി അറേബ്യയിലെ ഒരു പൊതുപരിപാടിയില്‍, ഉപരോധങ്ങളും വ്യാപാരക്കരാറും ഉപയോഗിച്ച് ഇന്ത്യയെ നിര്‍ബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്താണ് ഈ വെടിനിര്‍ത്തലിലേക്ക് എത്തിച്ചതെന്നും പ്രസിഡന്റ് വെളിപ്പെടുത്തുന്നു. വാചാലരായ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും ഈ വെളിപ്പെടുത്തലിനെക്കുറിച്ച് എന്ത് പറയുന്നു? യുഎസ് സമ്മര്‍ദ്ദത്തിന് മുന്നില്‍ അവര്‍ ഇന്ത്യയുടെ സുരക്ഷാ താല്‍പ്പര്യങ്ങള്‍ പണയപ്പെടുത്തിയോ?' എഐസിസി സെക്രട്ടറി ജയറാം രമേശ് എക്സില്‍ കുറിച്ചു. 'അമേരിക്ക പാപ്പാ നേ വാര്‍ രുക്വാ ദി ക്യാ?' (അമേരിക്കന്‍ പിതാവ് യുദ്ധം നിര്‍ത്തിച്ചോ?) എന്നും അദ്ദേഹം പരിഹസിച്ചു. ജയറാം രമേശിന്റെ ചോദ്യം സൈബര്‍ മീഡിയയില്‍ വൈറലാണ്
ട്രംപ് ഇരുരാജ്യങ്ങളെയും ഒന്നിച്ചുചേര്‍ക്കുക മാത്രമല്ല, പ്രധാനമന്ത്രി മോദിയെ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി താരതമ്യം ചെയ്യുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. കോണ്‍ഗ്രസിന്റെ മീഡിയ ആന്‍ഡ് പബ്ലിസിറ്റി വിഭാഗം മേധാവി പവന്‍ ഖേര, സൗദിയിലെ പരിപാടിയില്‍ ട്രംപ് നടത്തിയ ഏറ്റവും പുതിയ പരാമര്‍ശങ്ങളുടെ ക്ലിപ്പ് പങ്കുവെച്ചു. ''വ്യാപാരം ഉപയോഗിച്ചാണ് ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയില്‍ കരാറുണ്ടാക്കിയത് , അതിന് അവര്‍ സമ്മതിച്ചു' എന്ന് യുഎസ് പ്രസിഡന്റ് വീണ്ടും പറയുന്നു. ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയെയും പാകിസ്ഥാനെയും ഒന്നിച്ചുചേര്‍ക്കുക മാത്രമല്ല, പ്രധാനമന്ത്രി മോദിയെ ഷെഹ്ബാസ് ഷെരീഫുമായി താരതമ്യം ചെയ്യുകയാണെന്നും' പവന്‍ ഖേര ആരോപിച്ചു. ഇത്തരം താരതമ്യം പ്രധാനമന്ത്രിയുടെ ഓഫീസിന് സ്വീകാര്യമാണോ എന്നും അദ്ദേഹം ചോദിച്ചു.
എന്നാല്‍, ഇന്ത്യയിലെയും പാകിസ്ഥാനിലെയും ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് (ഡിജിഎംഒ) കര, വ്യോമ, കടല്‍ വഴിയുള്ള എല്ലാ വെടിവയ്പ്പുകളും സൈനിക നടപടികളും നിര്‍ത്തിവയ്ക്കാന്‍ ധാരണയിലെത്തിയെന്നും ഇതില്‍ മൂന്നാം കക്ഷിക്ക് പങ്കില്ലെന്നുമാണ് ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. കശ്മീര്‍ വിഷയം ഉഭയകക്ഷി വിഷയമാണെന്നും മൂന്നാം കക്ഷിക്ക് സ്ഥാനമില്ലെന്നുമാണ് ഇന്ത്യയുടെ നിലപാട്. ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങള്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണെന്നും അത് എപ്പോഴും അങ്ങനെയായിരിക്കുമെന്നും ഇന്ത്യ ഉറപ്പിച്ചു പറയുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10