സംസ്ഥാനത്ത് 5 പേര്‍ക്ക് കൂടി ഒമിക്രോണ്‍, ആകെ രോഗികള്‍ 29 ആയി; ആഘോഷങ്ങള്‍ കരുതലോടെ വേണമെന്ന് ആരോഗ്യമന്ത്രി
Jaihind TV News Report
Jaihind TV Web Desk
December 23, 2021
1 min read
•
Updated: June 10, 2026
തിരുവനന്തപുരം: സംസ്ഥാനത്ത് 5 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളം വിമാനത്താവളത്തിലെത്തിയ 4 പേര്‍ക്കും കോഴിക്കോട് സ്വദേശിയായ ഒരാള്‍ക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
യുകെയില്‍ നിന്നുമെത്തിയ രണ്ടു പേര്‍ക്കും അല്‍ബാനിയയില്‍ നിന്നുമെത്തിയ ഒരാള്‍ക്കും (35) നൈജീരിയയില്‍ നിന്നുമെത്തിയ പത്തനംതിട്ട സ്വദേശിക്കുമാണ് (40) എറണാകുളത്ത് എത്തിയവരില്‍ രോഗം സ്ഥിരീകരിച്ചത്. യുകെയില്‍ നിന്നും എറണാകുളത്തെത്തിയ 28 വയസുകാരന്‍ കോട്ടയം സ്വദേശിയാണ്. കോഴിക്കോട് ഒമിക്രോണ്‍ സ്ഥിരീകരിച്ചയാള്‍ (21) ബംഗളുരു എയര്‍പോര്‍ട്ടില്‍ നിന്നും കോഴിക്കോട് എത്തിയതാണ്. ഇതോടെ സംസ്ഥാനത്ത്ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 29 ആയി.
17 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 10 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നവരാണ്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്. ഹൈ റിസ്‌ക് രാജ്യങ്ങളായ യുകെ 12, ടാന്‍സാനിയ 3, ഖാന 1, അയര്‍ലാന്‍ഡ് 1, ലോ റിസ്‌ക് രാജ്യങ്ങളായ ദുബായ് 2, കോംഗോ 1, ട്യുണീഷ്യ 1, നൈജീരിയ 4, കെനിയ 1, അല്‍ബാനിയ 1 എന്നിവിടങ്ങളില്‍ നിന്നും എത്തിയതാണവര്‍. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. എറണാകുളം 15, തിരുവനന്തപുരം 10, തൃശൂര്‍ 1, മലപ്പുറം 1, കോഴിക്കോട് 1, പത്തനംതിട്ട 1 എന്നിങ്ങനെയാണ് ജില്ല തിരിച്ച് ഒമിക്രോണ്‍ കേസുകള്‍. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്ന കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന സ്ഥിതിക്ക് വിദേശത്ത് നിന്നും വരുന്നവര്‍ ഉള്‍പ്പെടെ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഒമിക്രോണ്‍ രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ ഇത്തവണത്തെ ക്രിസ്തുമസ്, ന്യൂ ഇയര്‍ കരുതലോടെ ആഘോഷിക്കണമെന്നും മന്ത്രി പറഞ്ഞു.
വളരെ വേഗത്തില്‍ പടര്‍ന്നുപിടിക്കുന്നതാണ് ഒമിക്രോണ്‍. അതിനാല്‍ തന്നെ ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കുക. പ്രായമായവര്‍, കുട്ടികള്‍, രോഗബാധിതര്‍ എന്നിവര്‍ ഏറെ ശ്രദ്ധിക്കണം. ഒമിക്രോണ്‍ പ്രതിരോധത്തില്‍ വളരെ പ്രധാനമാണ് മാസ്‌കുകളെന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടുള്ളതാണ്. അതിനാല്‍ തന്നെ പൊതുസ്ഥലങ്ങളിലോ പൊതു ചടങ്ങിലോ പങ്കെടുക്കുമ്പോള്‍ എന്‍ 95 മാസ്‌ക് ഉപയോഗിക്കുക. ഒരു കാരണവശാലും മാസ്‌ക് മാറ്റി സംസാരിക്കയോ ഗ്രൂപ്പ് ഫോട്ടോയെടുക്കുകയോ ചെയ്യരുത്. ഭക്ഷണം കഴിക്കുമ്പോള്‍ അകലം പാലിച്ചിരുന്ന് കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
അടച്ചിട്ട സ്ഥലങ്ങള്‍ രോഗവ്യാപനത്തിന് കാരണമായതിനാല്‍ മുറികളിലും ഹാളുകളിലും വായു സഞ്ചാരം ഉറപ്പാക്കണം. പൊതു സ്ഥലങ്ങളില്‍ ഒരാള്‍ക്ക് ഒമിക്രോണ്‍ വന്നാല്‍ വളരെപ്പെട്ടന്ന് മറ്റുള്ളവരിലേക്ക് വ്യാപിക്കും. ക്വാറന്‍റൈനിലുള്ളവരും സ്വയം നിരീക്ഷണത്തിലുള്ളവരും ആള്‍ക്കൂട്ടത്തിലോ പൊതു ചടങ്ങുകളിലോ പരിപാടികളിലോ പങ്കെടുക്കാന്‍ പാടില്ല. അവര്‍ നിരീക്ഷണ കാലയളവില്‍ വീട്ടില്‍ നിന്നും പുറത്ത് ഇറങ്ങാതിരിക്കുന്നതായിരിക്കും നല്ലത്. ക്വാറന്‍റൈന്‍ കാലയളവില്‍ ആ വീട്ടില്‍ മറ്റ് ബന്ധുക്കളും സുഹൃത്തുക്കളുമായുള്ള ഒത്തുകൂടലുകള്‍ ഒഴിവാക്കണം. വാക്‌സിന്‍ എടുക്കാന്‍ ബാക്കിയുള്ളവര്‍ അടിയന്തരമായി വാക്‌സിന്‍ എടുക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10