Logo
Mon, Jun 22, 2026 • 09:35 AM
LIVE TV
Watch

No business videos available

No Middle East videos available

രാജീവ് സ്മരണയില്‍ രാജ്യം... ഇന്ന് 33-ാം രക്തസാക്ഷിത്വ ദിനം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 21, 2023
1 min read Updated: June 09, 2026
SHARE:
SAVE: Login to save

രാജീവ് സ്മരണയില്‍ രാജ്യം... ഇന്ന് 33-ാം രക്തസാക്ഷിത്വ ദിനം
  ഇന്ന് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 33-ാം രക്തസാക്ഷിത്വ ദിനം. ആധുനിക ഇന്ത്യയെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കു വഹിച്ച ആ ഭരണാധികാരിയുടെ ഒരിക്കലും മരിക്കാത്ത ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുകയാണ് രാജ്യം. 1991 മെയ് 21 ന് ശ്രീ പെരുമ്പുദൂരിന്‍റെ മണ്ണിൽ മാഞ്ഞു പോയത് ഇന്ത്യയുടെ ശ്രീത്വമാണ്. ചിതറിത്തെറിച്ചത് ഒരു രാജ്യത്തിന്‍റെയാകെ സ്വപ്നങ്ങളാണ്. എരിഞ്ഞടങ്ങിയത് ഒരു ജനതയുടെ പ്രതീക്ഷകളാണ്. 1981 മുതൽ 1991 വരെ വെറും 10 കൊല്ലം മാത്രം നീണ്ടുനിന്ന രാഷ്ട്രീയ ജീവിതം. അതിനിടെ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവുമായി. ഭരണകാലയളവിനെ അടയാളപ്പെടുത്തും വിധമുള്ള നിർണായകവും ശ്രദ്ധേയവുമായ തീരുമാനങ്ങളും നടപടികളും. അതിലൊന്നിന്‍റെ പരിണിതഫലമെന്നോണം ചാവേർ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെടുമ്പോൾ രാജീവ് ഗാന്ധിക്ക് വയസ് 46. ചെറിയൊരു കാലഘട്ടം കൊണ്ടു തന്നെ ആധുനിക ഇന്ത്യയെ രൂപപ്പെടുത്തുന്ന ഭരണ നടപടികൾ രാജീവിലെ ക്രാന്തദർശിത്വം വ്യക്തമാക്കുന്നതായിരുന്നു. ശാസ്ത്ര സാങ്കേതിക രംഗം, കമ്പ്യൂട്ടർ, എയർലൈൻസ്, പ്രതിരോധം, കമ്യൂണിക്കേഷൻ തുടങ്ങിയ മേഖലകളിൽ രാജ്യം വളർന്നു. ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ദേശീയ നയവും രാജീവ് സർക്കാരിന്‍റെ സംഭാവനയാണ്. ഇന്ത്യയിൽ ടെലികോം വിപ്ലവം സാധ്യമായത് രാജീവിന്‍റെ കാലത്തായിരുന്നു. രാജ്യത്ത് പഞ്ചായത്തീരാജ് സംവിധാനത്തിന് അടിത്തറയിട്ടു. വോട്ട് രേഖപ്പെടുത്താനുള്ള പ്രായം 21 ൽ നിന്ന് 18ക്ക് താഴ്ത്തിയത് 61-ാം ഭരണഘടനാ ഭേദഗതിയിലൂടെ രാജീവ് ഗാന്ധി സർക്കാരാണ്. സജീവ ഇടപെടലുകളുടെ വിദേശനയമായിരുന്നു രാജീവ് സ്വീകരിച്ചിരുന്നത്. സീഷെൽസിലെയും മാലി ദ്വീപിലെയും പട്ടാള അട്ടിമറികളെ പ്രതിരോധിക്കാൻ ഇന്ത്യ സൈന്യത്തെ അയച്ചു. ഇന്ത്യ-പാക് അതിർത്തിയിലെ സിയാച്ചിൻ മേഖലയിലെ ഖ്വയ്ദ് പോസ്റ്റ് ഓപ്പറേഷൻ രാജീവിലൂടെ തിരിച്ചുപിടിച്ചു. ശ്രീലങ്കൻ ആഭ്യന്തരയുദ്ധത്തിൽ ഇടപെടാനുള്ള രാജീവിന്‍റെ തീരുമാനമുണ്ടാകുന്നത് 1986 ലാണ്. ഇതേത്തുടർന്ന് എൽടിടിഇയുടെ ശത്രുവായി രാജീവ് ഗാന്ധി മാറി. ഒടുവിൽ 1991 മെയ് 21 ന് മനുഷ്യ ബോംബായി മാറിയ തനുവിലൂടെ തമിഴ് പുലികൾ രാജീവിനെ വധിച്ചു. കാലം ഉരുണ്ടുകൊണ്ടേയിരിക്കുകയാണ്. പതിറ്റാണ്ടുകൾക്കിപ്പുറം മതേതര ഇന്ത്യയുടെ പ്രതീക്ഷയായി മകൻ രാഹുൽ ഗാന്ധി ഉദിച്ചുയർന്നു നിൽക്കുന്നു. മകൾ പ്രിയങ്കയെ ഇന്ത്യയിലെ ജനകോടികൾ വാത്സല്യത്തണൽ വിരിച്ചാണ് വരവേൽക്കുന്നത്. രാജീവ് അവശേഷിപ്പിച്ചു പോയ ഓർമകളുടെ കരുത്തിൽ പ്രിയ പത്നി സോണിയ ദീർഘകാലം ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ നയിച്ചു. മുന്നോട്ടുള്ള പാതയിൽ കെടാവിളക്കായി രാജീവിന്‍റെ സ്മരണകൾ ജ്വലിക്കുമ്പോൾ ഈ രാജ്യം ഇരുട്ടിലാകില്ലെന്ന് ഓരോ ജനാധിപത്യ വിശ്വാസിക്കും പ്രതീക്ഷിക്കാം.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10