KPCC| വിവിധ വിഭാഗങ്ങളുടെ പേരിലുള്ള സര്‍ക്കാര്‍ സമ്മേളനങ്ങള്‍ തിരഞ്ഞെടുപ്പ് പരാജയം മുന്നില്‍ കണ്ടുകൊണ്ടുള്ള സൂത്രപ്പണിയെന്ന് കെപിസിസി
Jaihind TV News Report
Jaihind TV Web Desk
September 15, 2025
1 min read
•
Updated: June 10, 2026
എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന നാളുകളില്‍ വിവിധ വിഭാഗങ്ങളുടെ പേരില്‍ സംഘടിപ്പിക്കുന്ന സമ്മേളനങ്ങള്‍ തിരഞ്ഞെടുപ്പ് പരാജയം മുന്നില്‍ കണ്ടുകൊണ്ടുള്ള സൂത്രപ്പണി മാത്രമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും യോഗം അഭിപ്രായപ്പെട്ടു.സര്‍ക്കാര്‍ ഖജനാവിന് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന മറ്റൊരു ധൂര്‍ത്താണിത്. ഈ സമ്മേളനങ്ങളുടെ രാഷ്ട്രീയ ദുഷ്ടലാക്ക് ജനം തിരിച്ചറിയുമെന്നും യോഗം അഭിപ്രായപ്പെട്ടു.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായ ക്രമീകരണങ്ങളുടെ തിരക്കുകള്‍ക്ക് ഇടയില്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശ്രമിക്കുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കും. തദ്ദേശ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രമാണ് ശേഷിക്കുന്നത്. അതിനിടയില്‍ സമാന്തരമായി എസ്.ഐ.ആര്‍ നടത്തുന്നത് അപ്രായോഗികമാണെന്നും കെപിസിസി യോഗം വിലയിരുത്തി.
തിടുക്കത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ എസ്.ഐ.ആര്‍ കേരളത്തില്‍ നടപ്പിലാക്കുന്നത് നിലവിലത്തെ സാഹചര്യത്തെ അട്ടിമറിക്കാനാണ്. ബീഹാറില്‍ നടത്തിയ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിലൂടെ വലിയൊരു വിഭാഗം വോട്ടര്‍മാരെ പട്ടികയില്‍ നിന്നും പൗരത്വത്തില്‍ നിന്നും ഒഴിവാക്കി. പട്ടികയില്‍ നിന്ന് പുറത്താകുന്നവര്‍ക്ക് രേഖകള്‍ സമര്‍പ്പിക്കാന്‍ വേണ്ടത്ര സമയമില്ലെന്നതാണ് വസ്തുത.
2002 ലെ വോട്ടര്‍ പട്ടികയെ അടിസ്ഥാനപ്പെടുത്തിയാണ് കേരളത്തില്‍ സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം നടത്തുന്നത്. 2025ലെ വോട്ടര്‍ പട്ടികയിലെ 53.25 ലക്ഷം പേര്‍ ഇതിലില്ല. ഇവരെല്ലാം എന്യൂമറേഷന്‍ എന്ന കണക്കെടുപ്പിന് നേരിട്ടോ ഓണ്‍ലൈനിലോ വിധേയരാകണം. ആവശ്യമെങ്കില്‍ രേഖകള്‍ സമര്‍പ്പിക്കണം. ഇത് വോട്ടര്‍മാര്‍ക്ക് അമിത ദുരിതം അടിച്ചേല്‍പ്പിക്കുന്നതാണ്. നിലവിലുളള യഥാര്‍ത്ഥ വോട്ടര്‍മാരുടെ വോട്ടവകാശം ഉറപ്പുവരുത്തുന്നതിനുള്ള വ്യവസ്ഥകള്‍ എസ്.ഐ.ആറിലില്ലെന്ന് യോഗം കുറ്റപ്പെടുത്തി.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ബിഹാറില്‍ നടത്തിയ വോട്ടര്‍ അധികാര്‍ യാത്രയുടെ ഊര്‍ജ്ജം ഉള്‍ക്കൊണ്ട് എഐസിസി നിര്‍ദ്ദേശ പ്രകാരം വോട്ടര്‍ പട്ടികയിലെ ക്രമക്കേടും ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെയും ബിജെപിയുടെയും ഗൂഢാലോചനയും തുറന്നുകാട്ടുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ ആദ്യവാരം കോഴിക്കോട് കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളെ പങ്കെടുപ്പിച്ച് ജനാധിപത്യ സംരക്ഷണ സദസ്സ് സംഘടിപ്പിക്കാനും ഭാരവാഹിയോഗം തീരുമാനിച്ചു.
എഐസിസി നിര്‍ദ്ദേശ പ്രകാരം വാര്‍ഡ് തലത്തില്‍ ഭവനങ്ങള്‍ സന്ദര്‍ശിച്ച് വോട്ട് ചോര്‍,ഗഡ്ഡി ഛോഡ് സിഗ്‌നേച്ചര്‍ കാമ്പയിന്‍ നടത്താനും തീരുമാനിച്ചു.അതിനെ തുടര്‍ന്ന് കെപിസിസി ആഹ്വാന പ്രകാരം വാര്‍ഡ് തലത്തില്‍ നടന്നുവരുന്ന ഗൃഹസന്ദര്‍ശനവും ഫണ്ട് ശേഖരണവും സെപ്റ്റംബര്‍ 30 വരെ നീട്ടാനും യോഗം തീരുമാനിച്ചു.
ഡിസിസി നേതൃയോഗങ്ങള്‍ സെപ്റ്റംബര്‍ 20 നുള്ളില്‍ പൂര്‍ത്തിയാക്കും. മണ്ഡല അവലോകന യോഗം സെപ്റ്റംബര്‍ 20,21,22 തീയതികളില്‍ നടക്കും.
സമൂഹ മാധ്യമ ഇടപെടല്‍ കൂടതല്‍ ശക്തിപ്പെടുത്തി കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് വേണ്ട നിര്‍ദ്ദേശം സമര്‍പ്പിക്കുന്നതിനായി അഞ്ചംഗ സമിതിക്ക് രൂപം നല്‍കി.കെപിസിസി ഭാരവാഹികളായ എം.ലിജു, വിടി ബല്‍റാം,പഴകുളം മധു,പിഎം നിയാസ്, ദീപ്തി മേരി വര്‍ഗീസ് എന്നിവരാണ് സമിതി അംഗങ്ങള്‍.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10