തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയിൽ 127 കോടി രൂപയുടെ കൃഷിനാശമുണ്ടായതായി കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ് അറിയിച്ചു. 9,332 ഹെക്ടർ കൃഷിയിടങ്ങളിലായി 45,000 കർഷകരെയാണ് മഴക്കെടുതി ബാധിച്ചത്. കൃഷിനാശം നേരിട്ട കർഷകർക്ക് സഹായം നൽകുന്നതിനായി 110 കോടി രൂപയുടെ കേന്ദ്രസഹായം ആവശ്യപ്പെട്ട് കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാന് കത്തയച്ചതായും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മണ്ണിന്റെ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടത് പുനഃസ്ഥാപിക്കുന്നതിനായി 10 കോടി രൂപയും കർഷകരുടെ മൊത്തം നഷ്ടം പരിഹരിക്കുന്നതിനായി 100 കോടി രൂപയുടെ സഹായവുമാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആവശ്യമായ സഹായം ലഭ്യമാക്കുന്നതിന്റെ ഭാഗമായി വരുന്ന ചൊവ്വാഴ്ച രാവിലെ 11ന് സഹകരണ മന്ത്രിയുടെയും ബാങ്ക് പ്രതിനിധികളുടെയും യോഗം ചേരും. കർഷകർക്ക് സാധ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കുന്നതിനുള്ള നടപടികൾ യോഗത്തിൽ ചർച്ച ചെയ്യും.
ആലപ്പുഴ ഉൾപ്പെടെയുള്ള ജില്ലകളിലും കുട്ടനാട് മേഖലയിലും നേരിട്ട് നടത്തിയ സന്ദർശനത്തിൽ കനത്ത മഴയും വെള്ളപ്പൊക്കവും മൂലം വ്യാപകമായ കൃഷിനാശമുണ്ടായതായി വ്യക്തമായെന്നും മന്ത്രി പറഞ്ഞു.
കാർഷിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള ‘അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട്’ കോൺക്ലേവ് നാളെ കോഴിക്കോട് പാലാഴിയിൽ നടക്കും. കാർഷിക മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും കർഷകർക്ക് കൂടുതൽ പ്രയോജനം ലഭ്യമാക്കുന്നതിനുമുള്ള പദ്ധതികൾ കോൺക്ലേവിൽ ചർച്ച ചെയ്യും.
മഴക്കെടുതിയിൽ 127 കോടിയുടെ കൃഷിനാശം; 110 കോടി കേന്ദ്രസഹായം തേടി കേരളം