കാർത്തി–മോഹൻ രാജ ആദ്യമായി ഒന്നിക്കുന്നു; പ്രിൻസ് പിക്‌ചേഴ്‌സിന്റെ വമ്പൻ ഫാമിലി എന്റർടെയ്‌നർ പ്രഖ്യാപിച്ചു
ചെന്നൈ: തമിഴ് സിനിമയിലെ ശ്രദ്ധേയ നിർമാണ കമ്പനിയായ പ്രിൻസ് പിക്‌ചേഴ്‌സ് പുതിയ മെഗാ പ്രോജക്ട് പ്രഖ്യാപിച്ചു. നടൻ കാർത്തിയും സംവിധായകൻ മോഹൻ രാജയും ആദ്യമായി ഒന്നിക്കുന്ന വമ്പൻ ഫാമിലി എന്റർടെയ്‌നറാണ് ഒരുങ്ങുന്നത്. എസ്. ലക്ഷ്മൺ കുമാറാണ് ചിത്രം നിർമ്മിക്കുന്നത്.
സിങ്കം 2, സർദാർ തുടങ്ങിയ വിജയചിത്രങ്ങൾ നിർമ്മിച്ച പ്രിൻസ് പിക്‌ചേഴ്‌സിന്റെ പുതിയ സംരംഭം കുടുംബബന്ധങ്ങൾക്കും വികാരങ്ങൾക്കും ഹീറോയിസത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന സമഗ്രമായ വിനോദചിത്രമായിരിക്കുമെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന.
കരിയറിലുടനീളം നിരവധി കുടുംബപ്രേക്ഷക ഹിറ്റുകൾ സമ്മാനിച്ച കാർത്തി, ഈ ചിത്രത്തിലൂടെ വീണ്ടും ഫാമിലി എന്റർടെയ്‌നർ വിഭാഗത്തിലേക്ക് മടങ്ങിയെത്തുകയാണ്. എല്ലാ പ്രായക്കാരെയും ഒരുപോലെ ആകർഷിക്കുന്ന തരത്തിലുള്ള കഥാപാത്രമായിരിക്കും കാർത്തി അവതരിപ്പിക്കുകയെന്നാണ് റിപ്പോർട്ടുകൾ.
സന്തോഷ് സുബ്രഹ്മണ്യം, വേലായുധം, തനി ഒരുവൻ തുടങ്ങി ശ്രദ്ധേയ ചിത്രങ്ങൾ സംവിധാനം ചെയ്ത മോഹൻ രാജയുടെ കരിയറിലെ 25-ാം വർഷത്തോടനുബന്ധിച്ചാണ് ഈ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. സംവിധായകന്റെ സിനിമാ ജീവിതത്തിലെ മറ്റൊരു സുപ്രധാന നാഴികക്കല്ലായാണ് ഈ പ്രോജക്ടിനെ വിലയിരുത്തുന്നത്.
വലിയ താരനിരയും ശക്തമായ സാങ്കേതിക സംഘവും ചിത്രത്തിന്റെ ഭാഗമാകുമെന്ന് നിർമാതാക്കൾ അറിയിച്ചു. ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നും അഭിനേതാക്കളെയും മറ്റ് അണിയറപ്രവർത്തകരെയും റിലീസ് പദ്ധതികളെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ആഴ്ചകളിൽ പ്രഖ്യാപിക്കുമെന്നും നിർമാണ കമ്പനി വ്യക്തമാക്കി.
"ഒരു പുതിയ യാത്ര ആരംഭിക്കുന്നു" എന്ന കുറിപ്പോടെയാണ് പ്രിൻസ് പിക്‌ചേഴ്‌സ് പുതിയ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. പ്രഖ്യാപനത്തിന് പിന്നാലെ കാർത്തി–മോഹൻ രാജ കൂട്ടുകെട്ടിനായുള്ള ആരാധകരുടെ പ്രതീക്ഷകളും ഉയർന്നിരിക്കുകയാണ്.പിആർഒ : ശബരി
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.