ലോകകപ്പിന് മുന്‍പേ കരുത്തറിയിച്ച് ഇന്ത്യ; സന്നാഹ മത്സരത്തില്‍ പ്രോട്ടീസിനെതിരെ തകര്‍പ്പന്‍ വിജയം
Jaihind TV News Report
Jaihind TV Web Desk
February 04, 2026
1 min read
•
Updated: June 04, 2026
നവി മുംബൈ: ടി20 ലോകകപ്പിന് മുന്നോടിയായുള്ള ആവേശകരമായ സന്നാഹ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് 30 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. നവി മുംബൈയിലെ ഡോ. ഡി.വൈ. പാട്ടീല്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 241 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്കായി ഇഷാന്‍ കിഷനും അഭിഷേക് ശര്‍മയും ചേര്‍ന്ന് മിന്നുന്ന തുടക്കമാണ് നല്‍കിയത്. ലുങ്കി എങ്കിഡിയുടെ ഓവറിലെ മൂന്നാം പന്ത് തന്നെ സിക്‌സറിന് പറത്തി തുടങ്ങിയ ഇഷാന്‍ കിഷന്‍ വെറും 20 പന്തില്‍ നിന്ന് 7 സിക്‌സും 2 ഫോറുമടക്കം 53 റണ്‍സ് അടിച്ചുകൂട്ടി. അര്‍ധസെഞ്ചുറിക്ക് പിന്നാലെ ഇഷാന്‍ റിട്ടയേര്‍ഡ് ഔട്ടായി മടങ്ങി. പരിക്കിന് ശേഷം തിരിച്ചെത്തിയ തിലക് വര്‍മ 19 പന്തില്‍ 45 റണ്‍സുമായി തിളങ്ങിയപ്പോള്‍, ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് (30), ഹാര്‍ദ്ദിക് പാണ്ഡ്യ (30), അക്‌സര്‍ പട്ടേല്‍ (35*) എന്നിവരുടെ ബാറ്റിംഗ് മികവില്‍ ഇന്ത്യ 240 എന്ന കൂറ്റന്‍ സ്‌കോറിലെത്തി. എന്നാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മലയാളി താരം സഞ്ജു സാംസണ് ബാറ്റിംഗിന് അവസരം ലഭിച്ചില്ല.
മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്കായി ട്രിസ്റ്റന്‍ സ്റ്റബ്‌സും (45*) റയാന്‍ റിക്കല്‍ട്ടണും (44) മികച്ച രീതിയില്‍ പോരാടിയെങ്കിലും ഇന്ത്യന്‍ ബൗളര്‍മാര്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി സമ്മര്‍ദ്ദം നിലനിര്‍ത്തി. ബാറ്റിംഗില്‍ തിളങ്ങിയ അഭിഷേക് ശര്‍മ ബൗളിംഗിലും മികവ് കാട്ടി 2 വിക്കറ്റുകള്‍ വീഴ്ത്തി. അക്‌സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. അവസാന ഓവറുകളില്‍ സ്റ്റബ്‌സ് പൊരുതി നോക്കിയെങ്കിലും ഇന്ത്യ നിശ്ചയിച്ച കൂറ്റന്‍ ലക്ഷ്യത്തിന് 30 റണ്‍സ് അകലെ ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സ് അവസാനിക്കുകയായിരുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10