മലയാളി താരം ആരോണ്‍ ജോര്‍ജിന് സെഞ്ചുറി തിളക്കം; അഫ്ഗാനെ തകര്‍ത്ത് ഇന്ത്യ അണ്ടര്‍- 19 ലോകകപ്പ് ഫൈനലില്‍
Jaihind TV News Report
Jaihind TV Web Desk
February 04, 2026
1 min read
•
Updated: June 04, 2026
അണ്ടര്‍ 19 ലോകകപ്പ് സെമി ഫൈനലില്‍ അഫ്ഗാനിസ്ഥാനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ ഫൈനലില്‍. മലയാളി താരം ആരോണ്‍ ജോര്‍ജിന്റെ മിന്നുന്ന സെഞ്ചുറിയുടെയും വൈഭവ് സൂര്യവംഷി, ആയുഷ് മാത്രെ എന്നിവരുടെ അര്‍ധസെഞ്ചുറികളുടെയും കരുത്തിലാണ് ഇന്ത്യയുടെ തകര്‍പ്പന്‍ ജയം. അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 311 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം 41.1 ഓവറില്‍ വെറും 2 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. വെള്ളിയാഴ്ച നടക്കുന്ന ഫൈനലില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍.
കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ഇന്ത്യക്ക് ഓപ്പണര്‍മാരായ വൈഭവ് സൂര്യവംശിയും ആരോണ്‍ ജോര്‍ജും ചേര്‍ന്ന് വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. വൈഭവ് സൂര്യവംശി വെറും 33 പന്തില്‍ 68 റണ്‍സെടുത്ത് (9 ഫോര്‍, 4 സിക്‌സ്) അഫ്ഗാന്‍ ബൗളര്‍മാരെ നിലംപരിശാക്കി. ഒന്നാം വിക്കറ്റില്‍ ഈ സഖ്യം 90 റണ്‍സ് കൂട്ടിച്ചേര്‍ത്തു. വൈഭവ് പുറത്തായ ശേഷം ക്രീസിലെത്തിയ ക്യാപ്റ്റന്‍ ആയുഷ് മാത്രെ ആരോണിന് മികച്ച പിന്തുണ നല്‍കി. മാത്രെ 59 പന്തില്‍ 62 റണ്‍സെടുത്തു. മത്സരത്തിലെ താരം 115 റണ്‍സെടുത്ത മലയാളി ബാറ്റ്സ്മാന്‍ ആരോണ്‍ ജോര്‍ജാണ്. 104 പന്തില്‍ 15 ഫോറും 2 സിക്‌സും സഹിതമായിരുന്നു ആരോണിന്റെ മനോഹരമായ ഇന്നിംഗ്സ്. വിജയത്തിനരികെ ആരോണ്‍ വീണെങ്കിലും വിഹാന്‍ മല്‍ഹോത്രയും (38*), വേദാന്ത് ത്രിവേദിയും (4*) ചേര്‍ന്ന് ഇന്ത്യയെ ഫൈനലിലേക്ക് നയിച്ചു.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന്‍ രണ്ട് സെഞ്ചുറികളുടെ കരുത്തിലാണ് 310 റണ്‍സെന്ന വലിയ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഫൈസല്‍ ഷിനോസദ (93 പന്തില്‍ 110), ഉസൈറുള്ള നിയാസി (86 പന്തില്‍ 101*) എന്നിവരുടെ ഇന്നിംഗ്‌സുകള്‍ അഫ്ഗാന് കരുത്തായി. എന്നാല്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ അസാമാന്യ ഫോമിന് മുന്നില്‍ അഫ്ഗാന്‍ ബൗളര്‍മാര്‍ നിഷ്പ്രഭരായി. ഇന്ത്യക്ക് വേണ്ടി ദീപേഷ് ദേവേന്ദ്രനും കനിഷ്‌ക് ചൗഹാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10