പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; നാളെ സർവകക്ഷിയോഗം
Jaihind TV News Report
Jaihind TV Web Desk
July 20, 2024
1 min read
•
Updated: June 09, 2026
ന്യൂഡല്‍ഹി: 18-ാം ലോക്സഭയുടെ ആദ്യ ബജറ്റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമാകും. ആദായ നികുതിയില്‍ ഇളവ് നല്കുന്ന പ്രഖ്യാപനം ബജറ്റിൽ ഉണ്ടായേക്കുമെന്നാണ് സൂചന. ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി ഞായറാഴ്ച കേന്ദ്രസർക്കാർ സർവകക്ഷിയോഗം വിളിച്ചിട്ടുണ്ട്. മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റാണ് ജൂലൈ 23ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്നത്. തുടർച്ചയായി ഏഴാമത്തെ ബജറ്റാണ് നിർമ്മല സീതാരാമന് അവതരിപ്പിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി വെളിവാകുന്ന സാമ്പത്തിക സർവേ റിപ്പോർട്ട് തിങ്കളാഴ്ച ലോക്സഭയിൽ. രാജ്യത്തിന്റെ ജിഡിപി വളർച്ച, പണപ്പെരുപ്പം, ധനക്കമ്മി തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങൾ വ്യക്തമാക്കുന്നതാകും റിപ്പോർട്ട്. സാധാരണ ബജറ്റിനു തലേ ദിവസമാണ് സാമ്പത്തിക സർവേ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത്.
തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ബജറ്റില്‍ കാര്യമായ പ്രഖ്യാപനങ്ങളുണ്ടാകുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. എന്‍ഡിഎയില്‍ ഉറച്ചുനില്ക്കാന് നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും മുന്നോട്ടുവച്ച ഉപാധിയാണ് പ്രത്യേക പാക്കേജ്. ഇത് അനുവദിച്ചില്ലെങ്കില്‍ ജെഡിയുവും ടിഡിപിയും ചിലപ്പോള്‍ മുന്നണി വിടുന്നതടക്കമുള്ള കടുത്ത തീരുമാനത്തിലേക്കു കടന്നേക്കാം.
ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി രാവിലെ ഞായറാഴ്ച രാവിലെ 11 മണിക്ക് സർവകക്ഷിയോഗം വിളിച്ചിട്ടുണ്ട്. യോഗത്തില്‍ ഭരണ-പ്രതിപക്ഷ നേതാക്കൾ പങ്കെടുക്കുമെന്ന് പാർലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു അറിയിച്ചു. ബജറ്റ് അവതരണവും ചർച്ചയും നിയമനിർമ്മാണങ്ങളുമടക്കം പാർലമെന്റിലെ നടപടികൾ സുഗമമായി നടത്തുന്നതിനായാണ് യോഗം വിളിച്ചിരിക്കുന്നത്. നീറ്റ് ചോദ്യപേപ്പർ ചോർച്ച മുതൽ ജമ്മുവിൽ തുടർച്ചയായുണ്ടാകുന്ന ഭീകരാക്രമണം, വെള്ളപ്പൊക്ക കെടുതികൾ, രൂക്ഷമായ വിലക്കയറ്റം, തൊഴിലില്ലായ്മ, കാർഷിക പ്രതിസന്ധി അടക്കമുള്ള പ്രശ്നങ്ങളിൽ വിശദമായ പ്രത്യേക ചർച്ച വേണമെന്ന് സർവകക്ഷി യോഗത്തിൽ പ്രതിപക്ഷം ആവശ്യപ്പെടും.
ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം ഏഴു സംസ്ഥാനങ്ങളിലെ 13 നിയമസഭാ സീറ്റുകളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ 10 സീറ്റ് നേടിയ വൻ വിജയത്തിന്റെ വർധിത ആവേശത്തിലാകും ഇന്ത്യ സഖ്യം ബജറ്റ് സമ്മേളനത്തിലെത്തുക. ലോക്സഭയിലും രാജ്യസഭയിലും കേവല ഭൂരിപക്ഷമില്ലാത്ത ബിജെപിക്ക് സഖ്യകക്ഷികളുടെ പിന്തുണയില്ലാതെ ഇരു സഭകളിലും ബില്ലുകൾ ഇനി പാസാക്കാനാകില്ല. രാജ്യസഭയിൽ എൻഡിഎ മുന്നണിക്കു പുറത്ത് 13 എംപിമാരുടെകൂടി പിന്തുണ വേണമെന്നതാണ് കേന്ദ്രസർക്കാരിനു വലിയ വെല്ലുവിളി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10