വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ദീപിക മുഖപ്രസംഗം. ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് മന്ത്രി നടത്തിയ വിവാദ പ്രസ്താവനയാണ് വിമര്‍ശനത്തിന് ആധാരം. യാഥാര്‍ത്ഥ്യം അംഗീകരിക്കണം. ഭിന്നശേഷിക്കാരായ അധ്യാപകരെ ആവശ്യത്തിന് ലഭിക്കുന്നില്ല എന്ന നഗ്‌നസത്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇതാണ് സര്‍ക്കാരിന് ആദ്യം വേണ്ട മര്യാദയെന്നും മുഖപ്രസംഗം ആവശ്യപ്പെടുന്നു. ക്രൈസ്തവ മാനേജ്മെന്റുകള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളെ പൊതുസമൂഹത്തില്‍ നിയമവിരുദ്ധരായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും ദീപികയില്‍ വിമര്‍ശനം.
എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനത്തില്‍ നാല് ശതമാനം ഭിന്നശേഷിക്കാര്‍ക്ക് സംവരണം നല്‍കണമെന്ന് സുപ്രീംകോടതി വിധിയുണ്ട്. ഇതിനു പിന്നാലെ, ഭിന്നശേഷിക്കാരായ അധ്യാപകരെ മുഴുവന്‍ നിയമിച്ചാല്‍ മാത്രമേ മറ്റ് നിയമനങ്ങള്‍ അംഗീകരിക്കൂ എന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചു. ഇതിനെതിരെ എന്‍.എസ്.എസ്. മാനേജ്മെന്റ് സുപ്രീംകോടതിയെ സമീപിച്ച് അനുകൂല വിധി നേടിയിരുന്നു. എന്‍.എസ്.എസ്സിന് അനുകൂലമായി വിധി വന്നതിന് ശേഷമുള്ള പ്രതികരണത്തിലാണ് മന്ത്രി, ചില ക്രൈസ്തവ മാനേജ്മെന്റുകളെ കുറ്റപ്പെടുത്തുന്ന തരത്തില്‍ വിവാദ പ്രസ്താവന നടത്തിയത്.
സര്‍ക്കാര്‍ അനുശാസിക്കുന്ന വിധത്തില്‍ ഭിന്നശേഷി നിയമനവും ആവശ്യമായ ഒഴിവുകളും നിലനിര്‍ത്തിയിട്ടുണ്ടെന്ന് ക്രൈസ്തവ മാനേജ്മെന്റുകള്‍ സര്‍ക്കാരിനും കോടതിക്കും സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. ഇത് മറച്ചുവെച്ചുകൊണ്ടുള്ള മന്ത്രിയുടെ പ്രസ്താവനയെ മുഖപ്രസംഗം രൂക്ഷമായി വിമര്‍ശിക്കുന്നു. 'നിങ്ങള്‍ വേണമെങ്കില്‍ കോടതിയില്‍ പോയിക്കൊള്ളൂ' എന്നതാണ് സര്‍ക്കാരിന്റെ നിലപാടെന്ന് മുഖപ്രസംഗം ആരോപിക്കുന്നു. എല്ലാ കാര്യങ്ങള്‍ക്കും എപ്പോഴും കോടതിയെ സമീപിക്കേണ്ടി വരുകയാണെങ്കില്‍ ജനാധിപത്യ സര്‍ക്കാരിന്റെ ചുമതല എന്താണെന്ന് മന്ത്രി വ്യക്തമാക്കണമെന്നും മുഖപ്രസംഗം ആവശ്യപ്പെടുന്നു.