പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമായ എ. പദ്മകുമാറിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. മുൻപ് പാർട്ടിയെ പലവട്ടം പ്രതിസന്ധിയിലാക്കിയ ആരോപണങ്ങൾ ഉയർന്ന ഘട്ടങ്ങളിലൊക്കെയും പദ്മകുമാറിനെതിരെ നടപടിയെടുക്കാൻ മടിച്ച സി.പി.എം, ഒടുവിൽ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ അച്ചടക്ക നടപടിക്ക് തയ്യാറാവുകയായിരുന്നു. മുതിർന്ന നേതാവ് ഡോ. തോമസ് ഐസക് പങ്കെടുത്ത സി.പി.എം ജില്ലാ കമ്മിറ്റി യോഗത്തിലാണ് ഈ നിർണ്ണായക തീരുമാനമുണ്ടായത്. ജില്ലാ കമ്മിറ്റിക്ക് പിന്നാലെ അടിയന്തരമായി ജില്ലാ സെക്രട്ടേറിയറ്റ് യോഗവും ചേർന്നിരുന്നു.
ശബരിമല സ്വർണ്ണക്കൊള്ളക്കേസ് നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലും സംസ്ഥാനത്തും എൽ.ഡി.എഫിന്റെ കനത്ത പരാജയത്തിന് പ്രധാന കാരണമായെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. ഈ ഗുരുതര സാഹചര്യം കണക്കിലെടുത്ത് പദ്മകുമാറിനെതിരെ അടിയന്തര നടപടിയെടുക്കാൻ സംസ്ഥാന സമിതി ജില്ലാ കമ്മിറ്റിക്ക് കർശന നിർദ്ദേശം നൽകുകയായിരുന്നു. പാർട്ടിയിൽ നിന്ന് പുറത്താക്കുന്നത് പോലുള്ള കടുത്ത നടപടികളാണ് ആദ്യം ആലോചിച്ചിരുന്നതെങ്കിലും, ഒടുവിൽ സസ്‌പെൻഷനിൽ ഒതുക്കുകയാണുണ്ടായത്. എന്നാൽ എത്ര കാലത്തേക്കാണ് സസ്‌പെൻഷൻ എന്ന കാര്യം പാർട്ടി നേതൃത്വം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
പാർട്ടിയുടെ സസ്‌പെൻഷൻ നടപടിയോട് എ. പദ്മകുമാർ എങ്ങനെ പ്രതികരിക്കും എന്നാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. തനിക്കെതിരെ പാർട്ടി നടപടി വരുന്ന പക്ഷം പല രഹസ്യങ്ങളും തുറന്നുപറയേണ്ടി വരുമെന്ന് പദ്മകുമാർ കഴിഞ്ഞ ദിവസങ്ങളിൽ അടുത്ത സുഹൃത്തുക്കളോട് സൂചന നൽകിയിരുന്നു. എന്നാൽ പുറത്താക്കൽ ഒഴിവാക്കി നടപടി സസ്‌പെൻഷനിൽ ഒതുങ്ങിയ സാഹചര്യത്തിൽ, അദ്ദേഹം മുൻപ് ഭീഷണിപ്പെടുത്തിയത് പോലെ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന വെളിപ്പെടുത്തലുകൾക്ക് തയ്യാറാകുമോ അതോ അച്ചടക്കത്തോടെ കാത്തിരിക്കുമോ എന്നാണ് ഏവരും നോക്കിക്കാണുന്നത്.