Logo
Wed, Jun 24, 2026 • 08:02 AM
LIVE TV
Watch

No business videos available

No Middle East videos available

കൊവിഡിനെ തുരത്താന്‍ രാജ്യം; 21 ദിവസം സമ്പൂര്‍ണ്ണ അടച്ചിടല്‍; നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ രണ്ട് വർഷം വരെ തടവ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
March 25, 2020
1 min read Updated: June 09, 2026
SHARE:
SAVE: Login to save

കൊവിഡിനെ തുരത്താന്‍ രാജ്യം; 21 ദിവസം സമ്പൂര്‍ണ്ണ അടച്ചിടല്‍; നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ രണ്ട് വർഷം വരെ തടവ്
കൊവിഡിനെ പിടിച്ചുകെട്ടാൻ രാജ്യം പൂർണമായും അടച്ചിട്ടു. ഇന്നലെ അർധരാത്രി 12 മുതൽ 21 ദിവസത്തേക്ക് രാജ്യം അടച്ചു പൂട്ടിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. അവശ്യസാധനങ്ങൾ ഉറപ്പാക്കും. കൊറോണയ്‌ക്കെതിരെ പോരാടാൻ 15,000 കോടി രൂപ വകയിരുത്തി. ജനതാ കർഫ്യൂവില്‍ ഉണ്ടായതിനേക്കാള്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ട സാഹചര്യമെന്നും എല്ലാവരും സഹകരിക്കണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. ഐസൊലേഷൻ വാർഡ്, ബെഡുകൾ, വെന്‍റിലേറ്റർ, മറ്റ് സൗകര്യങ്ങൾ എന്നിവ ഒരുക്കുന്നതിനാണ് അനുവദിച്ച തുക വിനിയോഗിക്കുക. കൊറോണയെ ഫലപ്രദമായി നേരിടാൻ മറ്റ് മാർഗങ്ങളില്ലയെന്നും ഓരോ പൗരനും ഇപ്പോൾ എവിടെയാണോ അവിടെ തന്നെ തങ്ങണണെമെന്നും പ്രധാനമന്ത്രി പറഞ്ഞു. എല്ലാവരും വീട്ടിലിരിക്കൂവെന്ന് കൈകൂപ്പി അഭ്യർത്ഥിക്കുകയാണെന്നും ഒരാഴ്ചയ്ക്കിടെയുള്ള രണ്ടാമത്തെ അഭിസംബോധനയിൽ പ്രധാനമന്ത്രി പറഞ്ഞു. ജനതാ കർഫ്യൂ പ്രഖ്യാപിച്ചപ്പോൾ എല്ലാവരും കൂടെനിന്നു. അതിനെക്കാൾ കർശന കർഫ്യൂവാണിത്. ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് ഗൗരവമായി കാണണം. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ പുറത്തിറങ്ങരുത്. സാമൂഹിക അകലം പാലിക്കുക മാത്രമാണ് ഏകവഴി. അല്ലെങ്കിൽ രാജ്യം വലിയ വില നൽകേണ്ടിവരും. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നിർദേശങ്ങള്‍ കർശനമായി പാലിക്കണം. എന്തുവന്നാലും വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്. വിദൂര ഗ്രാമങ്ങളിലുള്ളവർ മുതൽ രാജ്യത്തിന്‍റെ പ്രധാനമന്ത്രി വരെയുള്ളവർക്ക് ഇത് ബാധകമാണ്. സംസ്ഥാനങ്ങള്‍, കേന്ദ്ര ഭരണപ്രദേശങ്ങള്‍, ജില്ലകള്‍, ഗ്രാമങ്ങള്‍ തുടങ്ങി എല്ലാ മേഖലകളും അടച്ചിടും. തെറ്റായ വാദം ഉന്നയിച്ച് വിലക്കിന് ഇളവ് നേടാന്‍ ശ്രമിച്ചാല്‍ രണ്ടു വര്‍ഷം വരെ തടവ് ലഭിക്കുന്ന കുറ്റം ചുമത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. അതേസമയം ആശുപത്രി, നഴ്‌സിംഗ് ഹോം, പൊലീസ് സ്‌റ്റേഷന്‍, ഫയര്‍ ഫോഴ്‌സ്, എ.ടി.എം എന്നിവ പ്രവര്‍ത്തിക്കും. റേഷന്‍ കടകള്‍ക്കൊപ്പം പച്ചക്കറി, പാല്‍, പഴം, പലവ്യഞ്ജനങ്ങള്‍, ഭക്ഷണം, മത്സ്യം, മാംസം, കാലിത്തീറ്റ എന്നിവയ്ക്കുള്ള കടകള്‍ തുറക്കാം. ബാങ്ക്, ഇന്‍ഷുറന്‍സ്, അച്ചടി-ദൃശ്യ മാധ്യമങ്ങള്‍ എന്നിവക്ക് പ്രവര്‍ത്തിക്കാം. സംസ്‌കാര ചടങ്ങില്‍ 20 ല്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുന്നതിന് വിലക്കുണ്ട്. വൈറസ് ബാധയുടെ കണ്ണി മുറിക്കാൻ 21 ദിവസത്തെ ഐസൊലേഷൻ അനിവാര്യമാണ്. കാര്യക്ഷമമായി ഇത് നടപ്പാക്കിയില്ലെങ്കിൽ രാജ്യത്തെ 21 വർഷം പിന്നോട്ടടിക്കും. കൊറോണ ലോകത്ത് 67 ദിവസം കൊണ്ട് ആദ്യം ഒരു ലക്ഷം പേരെ ബാധിച്ചു. അടുത്ത ഒരു ലക്ഷം പേരെ ബാധിച്ചത് വെറും 11 ദിവസം കൊണ്ടാണ്. നാലു ദിവസം കൊണ്ടാണ് അടുത്ത ഒരു ലക്ഷം പേരെ ബാധിച്ചത്. മികച്ച ആരോഗ്യ അടിസ്ഥാനസൗകര്യങ്ങളുള്ള ഇറ്റലിയും അമേരിക്കയും പോലും രോഗ വ്യാപനം തടയാൻ ബുദ്ധിമുട്ടുന്നു. രോഗ വ്യാപനം കുറയ്ക്കാൻ വിജയിച്ച രാജ്യങ്ങളിൽ നിന്ന് പാഠം പഠിക്കണം. നമുക്കായി പോരാടുന്നവരെ ഓർക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.  ഈ മഹാമാരിയിൽ നിന്ന് ഓരോ ജീവനും രക്ഷിക്കാൻ രാപ്പകലില്ലാതെ ജോലി ചെയ്യുന്ന ഡോക്ടർമാരെയും നഴ്‌സുമാരെയും പാരാമെഡിക്കൽ ജീവനക്കാരെയും ആംബുലൻസ് ഡ്രൈവർമാരെയും ശുചീകരണ തൊഴിലാളികളെയും മാധ്യമപ്രവർത്തകരെയും പൊലീസുകാരെയും കുറിച്ച് ആലോചിക്കൂ. നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും രക്ഷിക്കാൻ പോരാടുകയാണവർ.സ്വയം ചികിത്സിച്ച് ജീവന്‍ അപകത്തിലാക്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങൾ ആരോഗ്യ മേഖലയ്ക്ക് മുൻഗണന നൽകണം. ഡോക്ടമാരുടെ ഉപദേശം കൂടാതെ മരുന്നുകൾ കഴിക്കരുത്. തെറ്റായ ചികിത്സാരീതി ജീവൻ അപകടത്തിലാക്കും. വ്യാജവാർത്തകൾ പ്രചരിപ്പിക്കരുത്. രാജ്യത്തെ പൗരന്മാർ ഈ പ്രതിസന്ധിയെ വിജയകരമായി മറികടക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10