ബെത്‌ലഹേം അല്ല, 'ബട്ടര്‍ലഹേം കുടുംബ യൂണിറ്റ്'; തിയേറ്റര്‍ ഹിറ്റിന് പിന്നാലെ റഫറന്‍സുമായി അമുൽ
കൊച്ചി: തിയേറ്ററുകളില്‍ വലിയ തരംഗം സൃഷ്ടിച്ച് കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിയെഴുതുന്ന മലയാള ചിത്രം 'ബെത്ലഹേം കുടുംബ യൂണിറ്റി'ന്റെ റഫറന്‍സുമായി പ്രശസ്ത ഡെയറി ബ്രാന്‍ഡായ അമുല്‍. രാജ്യത്തെ പ്രമുഖ വിഷയങ്ങളെയും സംസ്‌കാരങ്ങളെയും ആസ്പദമാക്കി പരസ്യങ്ങള്‍ തയ്യാറാക്കുന്ന അമുലിന്റെ പുതിയ ടോപ്പിക്കല്‍ പരസ്യത്തിലാണ് ചിത്രം ഇടംപിടിച്ചിരിക്കുന്നത്.
സിനിമയിലെ പ്രധാന കഥാപാത്രങ്ങളായ നിവിന്‍ പോളിയും മമിത ബൈജുവും റെയില്‍വേ പ്ലാറ്റ്ഫോമിലിരുന്ന് അമുല്‍ ബട്ടറിനൊപ്പം ബ്രഡ് കഴിക്കുന്ന ചിത്രീകരണമാണ് പരസ്യത്തിലുള്ളത്. കഥാപാത്രങ്ങളുടെ കാരിക്കേച്ചര്‍ രൂപങ്ങളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. സിനിമയുടെ പേരിനോട് സാമ്യമുള്ള രീതിയില്‍ 'ബട്ടര്‍ലഹേം കുടുംബ യൂണിറ്റ്' എന്നും 'അമുല്‍ സൂപ്പര്‍ഹിറ്റ് ടേസ്റ്റ്' എന്നും പരസ്യത്തില്‍ കുറിച്ചിട്ടുണ്ട്. 'മലയാളം റോം-കോം ചിത്രം ഹൃദയങ്ങള്‍ കീഴടക്കുന്നു' എന്ന ക്യാപ്ഷനോടെയാണ് അമുല്‍ തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളില്‍ ഇത് പങ്കുവെച്ചത്.
അമുലിന്റെ പോസ്റ്റര്‍ നിമിഷങ്ങള്‍ക്കകം സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഇതിനുപിന്നാലെ ചിത്രത്തിലെ നായകനായ നിവിന്‍ പോളിയും നിര്‍മ്മാതാക്കളായ ഭാവന സ്റ്റുഡിയോസും ഉള്‍പ്പെടെയുള്ള അണിയറ പ്രവര്‍ത്തകര്‍ പോസ്റ്റിന് താഴെ സന്തോഷം പങ്കുവെച്ച് കമന്റുകളുമായി എത്തിയിട്ടുണ്ട്. സിനിമാ പ്രേമികള്‍ക്കിടയിലും അമുലിന്റെ ഈ വേറിട്ട പരസ്യം വലിയ ചര്‍ച്ചയായിക്കഴിഞ്ഞു.
ഓണം റിലീസായി തിയേറ്ററുകളിലെത്തിയ 'ബെത്ലഹേം കുടുംബ യൂണിറ്റ്' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ 'പ്രേമലു'വിന് ശേഷം ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ആറാമത്തെ ചിത്രമാണിത്. ഗിരീഷ് എ.ഡിയും കിരണ്‍ ജോസിയും ചേര്‍ന്ന് രചന നിര്‍വ്വഹിച്ച ചിത്രത്തില്‍ സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കര്‍, വിനയ് ഫോര്‍ട്ട്, ശ്യാം മോഹന്‍, ശ്രിന്ദ തുടങ്ങി വമ്പന്‍ താരനിര തന്നെയുണ്ട്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.