തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കടുക്കുന്നു. കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില 36.2 ഡിഗ്രി സെല്‍ഷ്യസാണ്. വരും ദിവസങ്ങളിലും സാധാരണയെക്കാള്‍ 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
ചൂട് വര്‍ധിച്ചതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിലും വന്‍ വര്‍ധനവാണുണ്ടായിട്ടുള്ളത്. ഇതിനെത്തുടര്‍ന്ന് പലയിടങ്ങളിലും അരമണിക്കൂറിലധികം വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. വരും ദിവസങ്ങളിലും സമാനമായ സാഹചര്യത്തിന് സാധ്യതയുണ്ട്.
അതിനിടെ, സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
ജാഗ്രതാ നിര്‍ദേശങ്ങള്‍:
വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കുക: പകല്‍ 11 മണി മുതല്‍ വൈകുന്നേരം 3 മണി വരെയുള്ള സമയത്ത് നേരിട്ട് തുടര്‍ച്ചയായി വെയിലേല്‍ക്കരുത്.
ശുദ്ധജലം കുടിക്കുക: ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക. നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് പാനീയങ്ങള്‍ എന്നിവ പകല്‍ സമയത്ത് ഒഴിവാക്കണം. ORS ലായനി, സംഭാരം എന്നിവ കുടിക്കുന്നത് പ്രോത്സാഹിപ്പിക്കുക.
വസ്ത്രധാരണം: അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍, കുട, തൊപ്പി എന്നിവ ഉപയോഗിക്കുക.
മുതിര്‍ന്നവരും കുട്ടികളും: കിടപ്പുരോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ 11 മുതല്‍ 3 മണി വരെ നേരിട്ട് വെയിലേല്‍ക്കാതെ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം.
സ്‌കൂളുകള്‍ക്ക് നിര്‍ദേശം: വിദ്യാര്‍ത്ഥികള്‍ക്ക് ശുദ്ധജലവും ക്ലാസ് മുറികളില്‍ വായുസഞ്ചാരവും ഉറപ്പാക്കണം. കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും ഉച്ചസമയത്തെ പുറത്തുള്ള പരിപാടികളും ഒഴിവാക്കുക. അംഗനവാടികളിലും പ്രത്യേക കരുതല്‍ വേണം.
തൊഴിലാളികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും: നിര്‍മാണ-കര്‍ഷക തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍ എന്നിവര്‍ ജോലി സമയം ക്രമീകരിക്കണം. പോലീസുകാര്‍, മാധ്യമപ്രവര്‍ത്തകര്‍, ഓണ്‍ലൈന്‍ ഡെലിവറി ജീവനക്കാര്‍ എന്നിവര്‍ക്ക് കുടിവെള്ളവും വിശ്രമവേളകളും ഉറപ്പാക്കണം.
തീപിടിത്ത ജാഗ്രത: കാട്ടുതീ വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ വനമേഖലയിലുള്ളവരും വിനോദസഞ്ചാരികളും ശ്രദ്ധിക്കുക. കെട്ടിടങ്ങള്‍, മാര്‍ക്കറ്റുകള്‍, ഡംപിങ് യാര്‍ഡുകള്‍ എന്നിവിടങ്ങളില്‍ ഫയര്‍ ഓഡിറ്റും സുരക്ഷാ മുന്‍കരുതലുകളും സ്വീകരിക്കുക.
മറ്റ് മുന്‍കരുതലുകള്‍: വളര്‍ത്തുമൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും തണലും കുടിവെള്ളവും ഉറപ്പാക്കുക. കുട്ടികളെയോ മൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകരുത്. യാത്രയില്‍ കുടിവെള്ളം കയ്യില്‍ കരുതുക. അസ്വസ്ഥത തോന്നിയാല്‍ ഉടന്‍ വൈദ്യസഹായം തേടുക.
കനത്ത ചൂടില്‍ വെന്തുരുകി കേരളം: താപനില 4 ഡിഗ്രി വരെ ഉയര്‍ന്നേക്കാം; ജാഗ്രതാ നിര്‍ദേശങ്ങളുമായി ദുരന്തനിവാരണ അതോറിറ്റി