പാലക്കാട്: കേരള മനസ്സാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ച അട്ടപ്പാടി മധു ആള്‍ക്കൂട്ട കൊലപാതകക്കേസില്‍ ഇന്ന് അതീവ നിര്‍ണായകമായ വിധി പ്രസ്താവിക്കും. വിചാരണക്കോടതി വിധിച്ച ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹര്‍ജിയിലും, പ്രതികളുടെ ശിക്ഷ ജീവപര്യന്തമായി വര്‍ദ്ധിപ്പിക്കണമെന്നും വെറുതെ വിട്ടവരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് മധുവിന്റെ കുടുംബം നല്‍കിയ അപ്പീലുകളിലുമാണ് ഹൈക്കോടതി ഇന്ന് അന്തിമ വിധി പറയുക. ജസ്റ്റിസ് വി. രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ. വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
കേസിലെ മുഴുവന്‍ പ്രതികളും ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ ജയിലില്‍ കഴിയുന്ന 12 പ്രതികളെയും ഹാജരാക്കാന്‍ ജയില്‍ സൂപ്രണ്ടിനോട് കോടതി ആവശ്യപ്പെട്ടു. ഇതിന് പുറമെ ജാമ്യത്തിലുള്ള പ്രതിയും, വിചാരണ കോടതി വെറുതെ വിട്ട രണ്ട് പ്രതികളും ഉള്‍പ്പെടെ 16 പേരും ഇന്ന് കോടതിക്ക് മുന്നിലെത്തും. ഹൈക്കോടതിയിലൂടെ തങ്ങള്‍ക്ക് പൂര്‍ണ്ണ നീതി ലഭിക്കുമെന്ന വലിയ പ്രതീക്ഷയിലാണ് മധുവിന്റെ കുടുംബം.
2018 ഫെബ്രുവരി 22നായിരുന്നു കേരളത്തെ നാണിപ്പിച്ച ആ ക്രൂര സംഭവം അരങ്ങേറിയത്. അട്ടപ്പാടി ചിണ്ടക്കി ഊരിലെ മല്ലന്റെയും മല്ലിയുടെയും മകനും മാനസികാസ്വാസ്ഥ്യം നേരിട്ടിരുന്നതുമായ ആദിവാസി യുവാവ് മധുവിനെ അരിയും പലചരക്ക് സാധനങ്ങളും മോഷ്ടിച്ചെന്നാരോപിച്ചാണ് ഒരു കൂട്ടം ആളുകള്‍ കാട്ടില്‍ നിന്ന് പിടികൂടിയത്. ഇരുകൈകളും പിന്നിലേക്ക് കൂട്ടിക്കെട്ടി, നഗ്‌നനാക്കി അട്ടപ്പാടിയിലെ റോഡിലൂടെ നടത്തിച്ചായിരുന്നു ആള്‍ക്കൂട്ട വിചാരണ. വഴിയിലുടനീളം ക്രൂരമായ മര്‍ദ്ദനത്തിനിരയായ മധുവിനെ ഒടുവില്‍ പൊലീസ് വണ്ടിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാല്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേ ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് മധു മരണത്തിന് കീഴടങ്ങുകയായിരുന്നു.
പ്രതികള്‍ തന്നെ മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങളും സെല്‍ഫിയും പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചതാണ് കേസില്‍ പിന്നീട് പ്രതികള്‍ക്കെതിരെയുള്ള ഏറ്റവും വലിയ ഡിജിറ്റല്‍ തെളിവായി മാറിയത്. കേസില്‍ വലിയ തോതിലുള്ള അട്ടിമറി ശ്രമങ്ങളും സാക്ഷികളുടെ കൂട്ട കൂറുമാറ്റങ്ങളും നടന്നിരുന്നു. ആകെ 24 പ്രോസിക്യൂഷന്‍ സാക്ഷികളാണ് വിചാരണ വേളയില്‍ കൂറുമാറിയത്.
നാല് വര്‍ഷത്തോളം നീണ്ട പ്രതിസന്ധികള്‍ക്കൊടുവില്‍, സംഭവം നടന്ന് അഞ്ച് വര്‍ഷത്തിന് ശേഷം 2023 ഏപ്രില്‍ അഞ്ചിനാണ് മണ്ണാര്‍ക്കാട് പട്ടികജാതി-പട്ടികവര്‍ഗ പ്രത്യേക കോടതി ശിക്ഷാവിധി പ്രസ്താവിച്ചത്. വിചാരണക്കോടതി തങ്ങള്‍ക്ക് വിധിച്ച 7 വര്‍ഷത്തെ കഠിനതടവ് റദ്ദാക്കണമെന്നാണ് പ്രതികളുടെ പ്രധാന ആവശ്യം. എന്നാല്‍ ഒന്നാം പ്രതി ഹുസൈന്റെ ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞ് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. മധുവിനെ കാട്ടില്‍ നിന്ന് പിടിച്ചുകൊണ്ടുവന്ന സംഘത്തില്‍ ഹുസൈന്‍ ഉണ്ടായിരുന്നില്ല എന്ന സാങ്കേതിക കാരണം ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. എന്നാല്‍ മറ്റ് 12 പ്രതികളുടെയും ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം ഹൈക്കോടതി മുമ്പ് നിഷേധിച്ചിരുന്നു.
മറുവശത്ത്, പ്രതികള്‍ ചെയ്തത് കടുത്ത ക്രൂരതയാണെന്നും അവര്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി ശിക്ഷ ജീവപര്യന്തമായി വര്‍ദ്ധിപ്പിക്കണമെന്നുമാണ് മധുവിന്റെ കുടുംബത്തിന്റെ ആവശ്യം. കൂടാതെ വിചാരണക്കോടതി വെറുതെ വിട്ട പ്രതികളെ ശിക്ഷിക്കണമെന്നും അപ്പീലില്‍ ആവശ്യപ്പെടുന്നുണ്ട്. പ്രതികള്‍ക്ക് കനത്ത ശിക്ഷ ലഭിച്ചില്ലെങ്കില്‍ അവര്‍ പുറത്തിറങ്ങുന്നത് തങ്ങളുടെ ജീവന് വലിയ ഭീഷണിയാണെന്നും തങ്ങള്‍ക്ക് അട്ടപ്പാടിയില്‍ ജീവിക്കാന്‍ ഭയമാണെന്നും മധുവിന്റെ കുടുംബം കോടതിയെ അറിയിച്ചിട്ടുണ്ട്. നിയമപോരാട്ടത്തില്‍ ഹൈക്കോടതിയില്‍ നിന്ന് ഇന്ന് അനുകൂല വിധി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.