അസമിൽ പ്രളയക്കെടുതി രൂക്ഷം; മരണസംഖ്യ 99 കടന്നു, ദുരിതത്തിലായി ഒന്നര ലക്ഷത്തോളം പേർ
ഗുവാഹത്തി: പ്രളയക്കെടുതിയിൽ വലയുന്ന അസമിൽ മരണസംഖ്യ 99 ആയി.12 ജില്ലകളിലെ 460 ഗ്രാമങ്ങളിലായി 1,47,376 ആളുകളെ പ്രളയം നേരിട്ട് ബാധിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. സോനിത്പൂർ, നഗാവ്, ഗോലാഘട്ട്, ശിവസാഗർ, ജോർഹട്ട് തുടങ്ങിയ ജില്ലകളിലാണ് സ്ഥിതിഗതികൾ രൂക്ഷമായി തുടരുന്നത്. ഗോലാഘട്ടിൽ മാത്രം 61,000-ത്തിലധികം ആളുകൾ പ്രളയക്കെടുതിയിലായി. 10,500 ഹെക്ടറിലധികം കൃഷിഭൂമിയും വെള്ളത്തിനടിയിലാണ്.
പ്രളയബാധിത മേഖലകളിൽ ജില്ലാ ഭരണകൂടത്തിന്റെയും റവന്യൂ വിഭാഗത്തിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ സഹായങ്ങളും ഊർജ്ജിതമായി പുരോഗമിക്കുകയാണ്. ദുരിതം ഏറ്റവും രൂക്ഷമായ ദരംഗ് ജില്ല മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ നേരിട്ടെത്തി സന്ദർശിക്കുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. ദുരിതാശ്വാസ നിധിയിലേക്ക് നിരവധി പേർ സഹായ ഹസ്തവുമായി എത്തുന്നുണ്ട്. പ്രശസ്ത സ്റ്റാൻഡ്‌അപ്പ് കൊമേഡിയൻ സമയ് റെയ്ന 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. അതേസമയം അസം, മേഘാലയ, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിലും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.