Logo
Sun, Sep 06, 2026 • 04:41 AM
LIVE TV
Watch

No business videos available

No Middle East videos available

"ആഫ്രിക്ക ഗ്രീൻലാന്റിനേക്കാൾ 14 മടങ്ങ് വലുത്"; ആഫ്രിക്കയുടെ യഥാർത്ഥ വലിപ്പം കാണിക്കുന്ന പുതിയ ലോകഭൂപടത്തിന് യുഎൻ അംഗീകാരം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 05, 2026
1 min read
SHARE:
SAVE: Login to save

"ആഫ്രിക്ക ഗ്രീൻലാന്റിനേക്കാൾ 14 മടങ്ങ് വലുത്"; ആഫ്രിക്കയുടെ യഥാർത്ഥ വലിപ്പം കാണിക്കുന്ന പുതിയ ലോകഭൂപടത്തിന് യുഎൻ അംഗീകാരം

ജനീവ: ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ യഥാർത്ഥ വലിപ്പവും വിസ്തൃതിയും കൃത്യമായി പ്രതിഫലിപ്പിക്കുന്ന പുതിയ ലോകഭൂപടത്തിന് ഐക്യരാഷ്ട്രസഭയുടെ  പൊതുസഭ അംഗീകാരം നൽകി. നൂറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്ന പരമ്പരാഗത മെർക്കേറ്റർ ഭൂപടത്തിന് പകരം വിസ്തൃതി കൃത്യമായി അടയാളപ്പെടുത്തുന്ന 'ഈക്വൽ എർത്ത് പ്രൊജക്ഷൻ'  മാപ്പ് അംഗീകരിക്കാനുള്ള പ്രമേയം യുഎൻ പൊതുസഭ വോട്ടെടുപ്പിലൂടെയാണ് പാസാക്കിയത്.

ടോഗോയുടെ സ്പോൺസർഷിപ്പിൽ ആഫ്രിക്കൻ യൂണിയൻ അംഗരാജ്യങ്ങളുടെ പിന്തുണയോടെ കൊണ്ടുവന്ന #CorrectTheMap പ്രമേയത്തെ ഫ്രാൻസും ബ്രിട്ടനും ഉൾപ്പെടെ 164 രാജ്യങ്ങൾ പിന്തുണച്ചു വോട്ട് ചെയ്തു. എന്നാൽ പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്ത ഏക രാജ്യം അമേരിക്കയാണ്. ആറ് രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. യുഎൻ തീരുമാനം അംഗരാജ്യങ്ങൾക്ക് നിയമപരമായി നിർബന്ധിതമല്ലെങ്കിലും, ആഗോള തലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഏജൻസികളും ഔദ്യോഗിക ഭൂപടങ്ങളിൽ മാറ്റം വരുത്താൻ ഇത് വഴിതുറക്കും. 

1569-ൽ ഫ്ലെമിഷ് കാർട്ടോഗ്രാഫറായ ജെറാർഡസ് മെർക്കേറ്റർ യൂറോപ്യൻ കപ്പൽ യാത്രക്കാർക്കായി നിർമ്മിച്ചതാണ് നിലവിലെ പ്രശസ്തമായ മെർക്കേറ്റർ ഭൂപടം. ഗോളാകൃതിയിലുള്ള ഭൂമിയുടെ വളവ് കടലാസിലേക്ക് മാറ്റിവരച്ചപ്പോൾ, ധ്രുവങ്ങളോട് അടുത്തുള്ള രാജ്യങ്ങൾ യഥാർത്ഥ അളവിനേക്കാൾ കൂടുതൽ വലുതായും ഭൂമധ്യരേഖാ പ്രദേശങ്ങൾ ചെറുതായും ചിത്രീകരിക്കപ്പെട്ടു. ഇതോടെ മെർക്കേറ്റർ മാപ്പിൽ ആഫ്രിക്കയും ഗ്രീൻലാന്റും ഒരേ വലിപ്പത്തിൽ കാണപ്പെട്ടു. എന്നാൽ യഥാർത്ഥത്തിൽ ആഫ്രിക്കയ്ക്ക് ഗ്രീൻലാന്റിനേക്കാൾ 14 മടങ്ങ് വിസ്തൃതിയുണ്ട്. ഇത്തരം തെറ്റായ ചിത്രീകരണങ്ങൾ ഭൂമധ്യരേഖയ്ക്ക് സമീപമുള്ള വികസനഭാസുര രാജ്യങ്ങളുടെ പ്രാധാന്യത്തെയും വികസന സാധ്യതകളെയും നിസ്സാരവൽക്കരിക്കാൻ ഇടയാക്കിയതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

"അമേരിക്ക, ചൈന, ഇന്ത്യ, ജപ്പാൻ, മെക്സിക്കോ, കൂടാതെ യൂറോപ്പിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ഒന്നിച്ചു ചേർത്താലും ആഫ്രിക്കയിൽ ബാക്കി സ്ഥലം ഉണ്ടാകും'' #CorrectTheMap എന്നത് ഓൺലൈൻ പ്രചാരണ സംഘം ചൂണ്ടിക്കാണിക്കുന്നത്. ഒരു നീതിയുക്തമായ ലോകം ആരംഭിക്കുന്നത് ഒരു നീതിയുക്തമായ ഭൂപടത്തിൽ നിന്നാണെന്ന് വെള്ളിയാഴ്ച നടന്ന വോട്ടെടുപ്പിന് മുന്നോടിയായി ടോഗോയുടെ വിദേശകാര്യ മന്ത്രി റോബർട്ട് ഡസ്സി റോയിട്ടേഴ്സിനോട് പറഞ്ഞു.

നൂറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്ന മെർക്കേറ്റർ ഭൂപടം ഒഴിവാക്കാൻ തങ്ങളുടെ മന്ത്രാലയം തീരുമാനിച്ചതായി ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ-നോയൽ ബാരറ്റ് അറിയിച്ചു. ഭൂപടത്തിലെ വിസ്തൃതിപരമായ പിഴവുകൾ തിരുത്തുന്നത് സത്യസന്ധമായ നടപടിയാണെന്ന് അദ്ദേഹം വ്യക്തമാക്കി. "ഭൂപടം മാറ്റുന്നത് ലോകത്തെ പെട്ടെന്ന് മാറ്റില്ല എന്നത് വ്യക്തമാണ്. എന്നാൽ ഇത്രയും കാലം അതിലുണ്ടായ വളച്ചൊടിക്കലുകൾ തിരുത്തുന്നത് സത്യമായ ഒരു പ്രവൃത്തിയാണ്," ജീൻ-നോയൽ ബാരറ്റ് പറഞ്ഞു. അതേസമയം, പുതിയ ഭൂപടം അംഗീകരിക്കാനുള്ള യുഎൻ പൊതുസഭയുടെ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് അമേരിക്ക രംഗത്തെത്തി. പ്രമേയം യുഎൻ പൊതുസഭയുടെ പ്രവർത്തനങ്ങളെയും യഥാർത്ഥ ലക്ഷ്യങ്ങളെയും പരിഹസിക്കുന്നതാണെന്ന് യുഎന്നിലെ യുഎസ് പ്രതിനിധി യാരിന ഫെറൻസെവിച്ച് പ്രതികരിച്ചു.

എന്നാൽ ഭൂപട മാറ്റത്തെ വെറുമൊരു സാങ്കേതിക തിരുത്തലായി കാണാനാകില്ലെന്ന് ആഫ്രിക്കൻ സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു. "ലോക ഭൂപടങ്ങളിൽ ആഫ്രിക്കയുടെ തെറ്റായ ചിത്രീകരണം വെറുമൊരു കാർട്ടോഗ്രാഫിക് പിശകല്ല; അതൊരു രാഷ്ട്രീയ-സാമൂഹിക ആഖ്യാന പ്രശ്നമാണ്," മെർക്കേറ്റർ ഭൂപടത്തിനെതിരെയുള്ള പ്രചാരണത്തിന് നേതൃത്വം നൽകിയ 'ആഫ്രിക്ക നോ ഫിൽട്ടർ' സംഘടനയുടെ പ്രതിനിധി ലെറാറ്റോ മൊഗൊയാറ്റ്ലെ ബിബിസിയോട് പറഞ്ഞു. ആഫ്രിക്കയുടെ പ്രാധാന്യത്തെ ആഗോളതലത്തിൽ നിസ്സാരവൽക്കരിക്കാൻ പഴയ ഭൂപടങ്ങൾ ഇടയാക്കിയെന്ന വിമർശനം ഇതോടെ ശക്തമായിരിക്കുകയാണ്.



Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10