കൊവിഡ് 19 : കൊല്ലത്ത് ആദ്യ കേസ് സ്ഥിരീകരിച്ചു; ഇന്ന് സംസ്ഥാനത്ത് പുതിയ 39 കൊവിഡ് കേസുകള്‍, 34ഉം കാസർകോട്ട്
Jaihind TV News Report
Jaihind TV Web Desk
March 27, 2020
1 min read
•
Updated: June 10, 2026
സംസ്ഥാനത്ത് ഇന്ന് 39 പേർക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ചതില്‍ 34 പേരും കാസർകോട്. കൊല്ലത്തും കോവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കോവിഡ്-19 ബാധിതമായി. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 164 ആയി.
സംസ്ഥാനത്ത് ഒറ്റ ദിവസത്തിനുള്ളിൽ ഏറ്റവും കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിക്കുന്നത് ഇന്നാണ്. കാസർകോടിനു പുറമെ കണ്ണൂർ ജില്ലയിൽ രണ്ടുപേർക്കും തൃശൂർ, കോഴിക്കോട്, കൊല്ലം ജില്ലകളിൽ ഓരോരുത്തർക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 18നു ദുബായിൽ നിന്നു നാട്ടിലെത്തിയ പ്രാക്കുളം സ്വദേശിയായ 49കാരനാണു കൊല്ലം ജില്ലയില്‍ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇയാളെ കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രിയിലെത്തിച്ച് സ്രവം ശേഖരിച്ചു പരിശോധനയ്ക്ക് അയച്ചിരുന്നു. ഇയാളെ പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റും.
സംസ്ഥാനത്ത്, ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 112 പേരുള്‍പ്പെടെ, ആകെ 1,10,299 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇതിൽ 616 പേർ ആശുപത്രികളിലാണ്. 5679 സാംപിളുകൾ ഇന്ന് പരിശോധയ്ക്ക് അയച്ചു. ഇതിൽ 4448 ഫലങ്ങൾ നെഗറ്റീവായി. ഇപ്പോഴത്തെ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കാതെ നിർവാഹമില്ലെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഏതു സാഹചര്യത്തെയും നേരിടാൻ സംസ്ഥാനം തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. പുതുതായി കണ്ടെത്തിയ രോഗികൾ നിരവധി പേരുമായി ബന്ധപ്പെട്ടവരാണെന്നതുകൊണ്ടുതന്നെ അവരുടെ പേരുവിവരങ്ങൾ പരസ്യമാക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
കാസർകോടുള്ള ജനങ്ങൾ ഏറ്റവും കൂടുതൽ ആശുപത്രി കാര്യങ്ങൾക്ക് ആശ്രയിച്ചത് കർണാടകയെയാണ്. മംഗലാപുരം കാസർകോടിന്‍റെ വടക്കുഭാഗത്തുള്ളവർക്ക് ഏറ്റവും പെട്ടെന്ന് എത്തിച്ചേരാവുന്ന ഇടമാണ്. ഇപ്പോൾ ആർക്കും അങ്ങോട്ട് പോകാൻ സാധിക്കാത്ത സ്ഥിതിയാണ്. കണ്ണൂരിൽ കാസർകോട് ഉള്ളവരെ ഉൾക്കൊള്ളാനുള്ള സൗകര്യമില്ല. ഇത് ഒരു അടിയന്തര സാഹചര്യമായി മാറിയിരിക്കുന്നു. രോഗികളെയും കർണാടക കടത്തിവിടുന്നില്ല. എങ്ങനെ ഇതിനു പരിഹാരം കാണണമെന്ന് ആലോചിക്കുന്നുണ്ട്. കർണാടകയുമായി ഇക്കാര്യം ചർച്ച ചെയ്യാം. കർണാടകയും കേരളവും അതിർത്തി പങ്കിടുന്നതിനാൽ വിവിധ പ്രദേശങ്ങൾ വഴി യാത്ര ചെയ്യാം. റോഡിൽ മണ്ണിട്ട് കർണാടക ഗതാഗതം തടയുകയാണ്. ഇതു കേന്ദ്ര നിർദേശത്തിന് എതിരാണ്.
കാസർകോട് ജില്ലയിൽനിന്ന് രോഗം സ്ഥിരീകരിച്ചു കൂടുതൽ റിസൽട്ടുകൾ വരുന്നു. ചില അടിയന്തര നടപടികൾ അവിടെ സ്വീകരിക്കണം. അവിടത്തെ മെഡിക്കല്‍ കോളജിന്റെ കെട്ടിടം പ്രവർത്തന ക്ഷമമാക്കാനുള്ള നീക്കങ്ങൾ തുടങ്ങും. സർക്കാരും ജനങ്ങളും ഈ ഘട്ടത്തിൽ കൂടുതൽ ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. രോഗബാധയുള്ള രാജ്യങ്ങളിൽനിന്ന് വരുന്നവരും മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ കഴിഞ്ഞവരും നിർബന്ധമായും നിരീക്ഷണത്തിൽ പോകണം. തൊണ്ടവേദന, പനി, ശ്വാസതടസ്സം എന്നീ ലക്ഷണങ്ങൾ കണ്ടാൽ കോവിഡ് ആശുപത്രികളുമായി ബന്ധപ്പെടണം. ഇവരെ ആശുപത്രിയിലെത്തിക്കാൻ വാഹന സൗകര്യം ഏർപ്പെടുത്തും. ഇത്തരക്കാരുമായി സമ്പർക്കത്തിലുള്ളവർ നിരീക്ഷണത്തിൽ കഴിയണം. പ്രമേഹം, രക്തസമ്മർദം, അർബുദം, വൃക്കരോഗം എന്നിവ ചികിൽസിക്കുന്നവർ മറ്റുള്ളവരിൽനിന്ന് അകലം പാലിക്കണം. മറ്റുള്ളവർ രോഗവാഹകനോ മറ്റോ ആയാൽ പ്രശ്നമാകും. രോഗം വന്നില്ലെങ്കിലും സംഭാവന ചെയ്യാൻ ഇത്തരക്കാർക്കു സാധിക്കും.
രോഗം കൂടിയ ആളുകള്‍ക്ക് ചികിത്സ നല്‍കാൻ കണ്ണൂർ മെഡിക്കൽ കോളജ് കൊവിഡ് ആശുപത്രിയാക്കും. 200 കിടക്കകൾ, 40 ഐസിയു, 15 വെന്‍റിലേറ്റർ എന്നിവ ഇവിടെ ക്രമീകരിക്കും. കാസർകോട് കേന്ദ്ര സർവകലാശാലയെ കോവിഡിന്‍റെ പ്രാഥമിക കേന്ദ്രമാക്കി മാറ്റും. ടെസ്റ്റിങ് വിപുലമായി നടത്താനുള്ള സൗകര്യം അവിടെയുണ്ട്.
ക്യൂബയിൽനിന്നുള്ള മരുന്ന് പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിസഭാ യോഗത്തിൽ ചർച്ച ഉയർന്നു. രോഗപ്രതിരോധത്തിന് എല്ലാ സാധ്യതയും തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡ്യൂട്ടിയിലുള്ള പൊലീസുകാർക്കു കുടിവെള്ളമെത്തിക്കാനും മറ്റും റസിഡൻസ് അസോസിയേഷനുകൾ ശ്രദ്ധിക്കണം. പണയത്തിലുള്ള സ്വർണലേലമടക്കം എല്ലാ ലേലനടപടികളും നിർത്തിവയ്ക്കണം, കുടിശ്ശിക നോട്ടിസ് അയയ്ക്കുന്നതുൾപ്പെടെയുള്ള നടപടികളും നിർത്തണം. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഫീസ് അടയ്ക്കാനുള്ള കാലാവധി ദീർഘിപ്പിക്കണം.
എസ്.എസ്.എല്‍.സി. ഉത്തരകടലാസുകൾ സ്‌ട്രോങ് റൂമിലേക്കു മാറ്റും.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10