കേരളത്തെ നടുക്കിയ വയനാട് മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനും സുരക്ഷയ്ക്കുമായി മാറ്റിവെച്ച ദുരന്തനിവാരണ വകുപ്പിന്റെ ഫണ്ടിൽ വലിയ തോതിലുള്ള ക്രമക്കേടും മാനദണ്ഡ ലംഘനവും നടന്നതായി രേഖകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത്, ദുരന്തബാധിത മേഖലകളിൽ മുൻകരുതൽ ശേഷി വികസനത്തിനായി ഉപയോഗിക്കേണ്ട ലക്ഷക്കണക്കിന് രൂപയാണ് തിരുവനന്തപുരം സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരുടെ ഓഫീസ് ആവശ്യങ്ങൾക്കായി വകമാറ്റി ചിലവഴിച്ചത്.
മുണ്ടക്കൈ–ചൂരൽമല പുനരധിവാസ പദ്ധതിക്കായുള്ള ദുരന്തനിവാരണ വകുപ്പിന്റെ ‘മുൻകരുതൽ ശേഷി വികസന ഫണ്ടിൽ’ നിന്നാണ് മാനദണ്ഡങ്ങൾ പൂർണ്ണമായി ലംഘിച്ചുകൊണ്ട് 4.32 ലക്ഷം രൂപയുടെ കമ്പ്യൂട്ടർ ഉപകരണങ്ങൾ വാങ്ങിയത്. സെക്രട്ടേറിയറ്റിലെ ദുരന്തനിവാരണ വകുപ്പ് ഓഫീസിലേക്ക് ഉപയോഗിക്കുന്നതിനായി 2.82 ലക്ഷം രൂപ ചിലവിട്ട് ആറ് ലാപ്ടോപ്പുകളും, 1.5 ലക്ഷം രൂപ വിലവരുന്ന അത്യാധുനിക ഫോട്ടോസ്റ്റാറ്റ് മെഷീനുമാണ് ഈ ഫണ്ടുപയോഗിച്ച് വാങ്ങിക്കൂട്ടിയത്. ദുരന്തബാധിതരുടെ പുനരധിവാസത്തിനായി വിനിയോഗിക്കേണ്ട തുക ഇത്തരം ഓഫീസ് ആഡംബരങ്ങൾക്കായി വകമാറ്റിയത് വഴി ഗുരുതരമായ ചട്ടലംഘനമാണ് സർക്കാർ നടത്തിയത്.
ദുരന്ത സാധ്യതയുള്ള മേഖലകളിലെ ജനങ്ങൾക്ക് കൃത്യമായ മുന്നറിയിപ്പ് നൽകുന്നതിനുള്ള അത്യാധുനിക ഉപകരണങ്ങൾ വാങ്ങാനും, അടിയന്തര ഘട്ടങ്ങളിൽ രക്ഷാപ്രവർത്തനം നടത്തേണ്ട സുരക്ഷാ ജീവനക്കാർക്ക് മികച്ച പരിശീലനം നൽകാനുമാണ് ‘മുൻകരുതൽ ശേഷി വികസന ഫണ്ട്’ ഉപയോഗിക്കേണ്ടത്. ഈ ഫണ്ടിലെ തുക യാതൊരു കാരണവശാലും വകുപ്പിന്റെ ദൈനംദിന ചിലവുകൾക്കോ, ഓഫീസ് ആവശ്യങ്ങൾക്കോ, ജീവനക്കാരുടെ ശമ്പളം നൽകാനോ ഉപയോഗിക്കരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന നിർദ്ദേശമുണ്ട്. ഇതെല്ലാം പൂർണ്ണമായി അവഗണിച്ചുകൊണ്ടാണ് തലസ്ഥാനത്തെ എയർകണ്ടീഷൻഡ് ഓഫീസുകളിലേക്ക് ഉപകരണങ്ങൾ വാങ്ങാൻ പണം തട്ടിയത്.
കഴിഞ്ഞവർഷം സെപ്റ്റംബർ 24-നാണ് 4.32 ലക്ഷം രൂപയുടെ ഈ ഉപകരണങ്ങൾ വാങ്ങി തലസ്ഥാനത്തേക്ക് അയച്ചുനൽകാൻ ആവശ്യപ്പെട്ടുകൊണ്ട് ഗവ. സെക്രട്ടറി വയനാട് ടൗൺഷിപ്പ് സ്പെഷ്യൽ ഓഫീസർക്ക് ഔദ്യോഗിക കത്ത് നൽകിയത്. ചീഫ് സെക്രട്ടറി അധ്യക്ഷനായ സംസ്ഥാന ദുരന്തനിവാരണ വകുപ്പ് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരമായിരുന്നു ഈ കത്ത് അയച്ചതെന്നതും ശ്രദ്ധേയമാണ്. സാധാരണ നിലയിൽ സെക്രട്ടേറിയറ്റിലെ ഓഫീസുകളിലേക്ക് ആവശ്യമായ കമ്പ്യൂട്ടർ ഉൾപ്പെടെയുള്ള ഐടി ഉപകരണങ്ങൾ ഐടി സെൽ മുഖേനയാണ് വാങ്ങാറുള്ളത് എന്ന നഗ്നമായ യാഥാർത്ഥ്യം നിലനിൽക്കെയാണ്, വയനാട്ടിലെ ദുരന്തബാധിതരുടെ ഫണ്ടിലേക്ക് സർക്കാർ വകമാറ്റൽ കത്രിക വെച്ചത്.