ഡൽഹിയിലെ രാംലീല മൈതാനിയിൽ നവംബർ 1-ന് നടക്കാനിരിക്കുന്ന 'ഇന്ത്യ' സഖ്യത്തിന്റെ 'വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ' മഹാറാലിക്ക് ഡൽഹി പോലീസ് അനുമതി നൽകി. ക്രമസമാധാന പാലനവുമായി ബന്ധപ്പെട്ട് കടുത്ത നിബന്ധനകളോടെയാണ് ഔദ്യോഗികമായി അനുമതിപത്രം പുറപ്പെടുവിച്ചിരിക്കുന്നത്. ഒക്ടോബർ 27-ന് പുറത്തിറക്കിയ ഉത്തരവ് പ്രകാരം റാലി രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ മാത്രമായിരിക്കും നടത്താൻ അനുവാദമുള്ളൂ.
റാലിയുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളും കൃത്യം വൈകുന്നേരം 5 മണിക്ക് തന്നെ അവസാനിപ്പിക്കേണ്ടതുണ്ട്. റാലിയിൽ പങ്കെടുക്കാൻ എത്തുന്നവർക്കോ സംഘാടകർക്കോ മൈതാനിയിൽ രാത്രി താമസിക്കുന്നതിന് കർശന വിലക്കുണ്ട്. പോലീസിന്റെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) നിലനിൽക്കണമെങ്കിൽ, ഭൂമിയുടെ ഉടമസ്ഥാവകാശമുള്ള ഡൽഹി മുൻസിപ്പൽ കോർപ്പറേഷന്റെ അന്തിമ അനുമതിയും സംഘാടകർ വാങ്ങിയിരിക്കേണ്ടതുണ്ട്.
മൈതാനത്ത് ജനക്കൂട്ടത്തെ കൃത്യമായി നിയന്ത്രിക്കുന്നതിനായി ആവശ്യത്തിന് വളണ്ടിയർമാരെ നിയമിക്കണം. കൂടാതെ മൈതാനത്തും പരിസരത്തും ആവശ്യമായ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കുകയും അതിന്റെ ദൃശ്യങ്ങൾ കൃത്യമായി നിരീക്ഷിക്കുകയും ചെയ്യണമെന്ന് നിർദേശമുണ്ട്. ഗതാഗത വിഭാഗവുമായും ഫയർ സർവീസുമായും ഏകോപിപ്പിച്ച് സുരക്ഷാ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിക്കണമെന്നും പോലീസ് അറിയിച്ചു
'ഇന്ത്യ' സഖ്യത്തിന്റെ 'വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ' മഹാറാലിക്ക് അനുമതി; കടുത്ത നിബന്ധനകളോടെ ഡൽഹി പോലീസ്