തുറമുഖ വകുപ്പ് ഘടകകക്ഷിയില്‍ നിന്ന് സിപിഎം ഏറ്റെടുത്തതിന് പിന്നാലെ അദാനിയുമായി രഹസ്യ ധാരണയോ?; ആക്ഷേപം ശക്തം
രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് തുറമുഖ വകുപ്പ് ഘടകകക്ഷിയിൽ നിന്ന് സിപിഎം പിടിച്ചെടുത്തതിൽ കടുത്ത രാഷ്ട്രീയ ദുരൂഹത ആരോപിക്കപ്പെടുന്നു. വിഴിഞ്ഞം തുറമുഖ പദ്ധതി പൂർത്തീകരണത്തിലേക്ക് നീങ്ങിയ സുപ്രധാന ഘട്ടത്തിലാണ്, മുന്നണിയിൽ ഒരു ചർച്ചയും നടത്താതെ വകുപ്പ് സിപിഎം ഏറ്റെടുത്തത്. വകുപ്പ് ഏറ്റെടുത്ത് വെറും മൂന്ന് മാസത്തിനകം തന്നെ സർക്കാർ–അദാനി ആർബിട്രേഷൻ തർക്കം ഒത്തുതീർപ്പാക്കുകയും കോടികളുടെ പിഴ ഒഴിവാക്കി അദാനി ഗ്രൂപ്പിന് അനുകൂലമായി സപ്ലിമെന്ററി കരാർ ഒപ്പിടുകയും ചെയ്തുവെന്നതാണ് ആരോപണങ്ങൾക്ക് ആക്കം കൂട്ടുന്നത്.
മുൻകാല സർക്കാരുകളിൽ ഘടകകക്ഷികൾ കൈകാര്യം ചെയ്തിരുന്ന വകുപ്പാണ് സിപിഎം അസാധാരണ നീക്കത്തിലൂടെ സ്വന്തമാക്കിയത്. വി.എസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് എം. വിജയകുമാറായിരുന്നു തുറമുഖ മന്ത്രിയെങ്കിലും, 2010-ൽ കേരള കോൺഗ്രസ് (ജോസഫ്) മുന്നണി വിട്ടതിനെത്തുടർന്ന് ഘടകകക്ഷിയിലെ വി. സുരേന്ദ്രൻപിള്ളയ്ക്ക് ഈ വകുപ്പ് നൽകിയിരുന്നു. ഒന്നാം പിണറായി സർക്കാരിൽ അഞ്ചുവർഷവും കോൺഗ്രസ് (എസ്) നേതാവ് രാമചന്ദ്രൻ കടന്നപ്പള്ളിയായിരുന്നു തുറമുഖ മന്ത്രി. രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയപ്പോൾ ഘടകകക്ഷികൾക്ക് രണ്ടര വർഷത്തെ ടേം വ്യവസ്ഥ കൊണ്ടുവന്നു. ഇതിൻപ്രകാരം ആദ്യ ടേം ലഭിച്ച ഐഎൻഎല്ലിലെ അഹമ്മദ് ദേവർകോവിലിന് തുറമുഖം തന്നെ ലഭിച്ചു. എന്നാൽ രണ്ടാം ടേമിൽ കടന്നപ്പള്ളി മന്ത്രിയായപ്പോൾ തുറമുഖ വകുപ്പ് അദ്ദേഹത്തിന് നൽകാതെ, വിസിൽ (വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് ലിമിറ്റഡ്) എംഡിയെ മാറ്റിയ ശേഷം മുഖ്യമന്ത്രി തന്റെ വിശ്വസ്തനും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ വി.എൻ. വാസവന് വകുപ്പ് കൈമാറുകയായിരുന്നു. അഞ്ചു വർഷം തുറമുഖ വകുപ്പ് ഭരിച്ച കടന്നപ്പള്ളി ഇതോടെ വെറും രജിസ്ട്രേഷൻ, മ്യൂസിയം വകുപ്പുകളിൽ ഒതുങ്ങി.
തുറമുഖ നിർമ്മാണം അഞ്ച് വർഷം വൈകിച്ചതിന് കരാർ പ്രകാരം അദാനി ഗ്രൂപ്പ് 911 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് 2021-ൽ സർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രകൃതിക്ഷോഭവും സാമഗ്രികളുടെ ദൗർലഭ്യവുമാണ് നിർമ്മാണം വൈകാൻ കാരണമെന്ന് വാദിച്ച് അദാനി ഗ്രൂപ്പ് ആർബിട്രേഷൻ ഫയൽ ചെയ്യുകയായിരുന്നു. ഒടുവിൽ വാസവൻ മന്ത്രിയായതോടെ അദാനിയുടെ ആവശ്യങ്ങൾ പൂർണ്ണമായി അംഗീകരിച്ച് സപ്ലിമെന്ററി കരാർ ഒപ്പിട്ടു. കരാർ ലംഘനത്തിന് 219 കോടി രൂപ തടഞ്ഞുവെച്ചെങ്കിലും 2028-നകം അടുത്ത ഘട്ടം പൂർത്തിയാക്കിയാൽ ഇതിൽ 175.2 കോടി രൂപ തിരിച്ചുനൽകാൻ ധാരണയായി. ശേഷിച്ച 43.8 കോടി രൂപ അദാനിയിൽ നിന്ന് ഈടാക്കിയ പിഴയാണെന്ന് ഇടത് സർക്കാർ ആദ്യം അവകാശപ്പെട്ടെങ്കിലും, അത് വയബിലിറ്റി ഗ്യാപ് ഫണ്ടിൽ (VGF) സർക്കാർ നൽകേണ്ട തുകയിൽ അദാനി വരുത്തിയ കുറവാണെന്ന് പിന്നീട് വ്യക്തമായി. ഫലത്തിൽ ഒരു രൂപ പോലും പിഴ നൽകാതെ അദാനി തടിയൂരി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.