Logo
Mon, Jul 27, 2026 • 09:31 PM
LIVE TV
Watch

No business videos available

No Middle East videos available

വിജയ് സർക്കാരിന് തിരിച്ചടി; ആശ്രിത നിയമന ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 27, 2026
1 min read
SHARE:
SAVE: Login to save

വിജയ് സർക്കാരിന് തിരിച്ചടി; ആശ്രിത നിയമന ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി നൽകാനുള്ള തമിഴ്നാട് സർക്കാരിന്റെ തീരുമാനം മദ്രാസ് ഹൈക്കോടതി റദ്ദാക്കി. മുഖ്യമന്ത്രി വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം (ടിവികെ) സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട ആശ്രിത നിയമനങ്ങളാണ് കോടതി റദ്ദാക്കിയത്.

മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിലെ ജസ്റ്റിസുമാരായ സി.വി. കാർത്തികേയൻ, ആർ. ശക്തിവേൽ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സർക്കാർ ജോലി നൽകാനുള്ള തീരുമാനം ഭരണഘടനയുടെ അനുച്ഛേദം 14, 16 എന്നിവയുടെ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു.

'പൊതു തൊഴിൽ സംരക്ഷിക്കേണ്ടത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്വം'എല്ലാ സർക്കാർ വകുപ്പുകളിലും ആശ്രിത നിയമനത്തിനായി നിരവധി പേർ കാത്തിരിക്കുന്നുണ്ടെന്നും, അവരുടെ അവകാശങ്ങൾ പരിഗണിക്കാതെ ഒരു പ്രത്യേക സംഭവത്തിലെ കുടുംബങ്ങൾക്ക് മാത്രം നിയമനം നൽകുന്നത് ഉചിതമല്ലെന്നും കോടതി വ്യക്തമാക്കി.

"നിയമനത്തിനായി നിരവധി പേർ കാത്തിരിക്കുമ്പോൾ, അവരെ അവഗണിച്ച് ഒരു പ്രത്യേക സംഭവത്തിന്റെ പേരിൽ നിയമനം നൽകുന്നത് ശരിയായ നടപടിയല്ല."കരൂർ ദുരന്തത്തിലെ കുടുംബങ്ങൾക്ക് സഹായം നൽകുന്നതിന്റെ ഭാഗമായി സർക്കാർ സ്വീകരിച്ച നടപടികൾക്ക് പകരം, അർഹരായ കുടുംബങ്ങൾക്ക് സാങ്കേതിക പരിശീലനം നൽകുന്നതു പോലുള്ള മാർഗങ്ങൾ പരിഗണിക്കാമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

ഭരണഘടനയുടെ 162-ാം അനുച്ഛേദം പ്രകാരമുള്ള ഭരണപരമായ അധികാരം ഉപയോഗിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്ന തമിഴ്നാട് സർക്കാരിന്റെ വാദം കോടതി അംഗീകരിച്ചില്ല.ഭരണപരമായ അധികാരങ്ങൾ ഭരണഘടനാപരമായ നിയന്ത്രണങ്ങൾക്ക് വിധേയമാണെന്നും, നിയന്ത്രണങ്ങളില്ലാതെ ഇത്തരം ഉത്തരവുകൾ അനുവദിക്കുന്നത് അരാജകത്വത്തിലേക്ക് നയിക്കുമെന്നും കോടതി വ്യക്തമാക്കി. പടക്ക നിർമാണശാലകളിലെ അപകടങ്ങൾ, വാഹനാപകടങ്ങൾ തുടങ്ങിയ സംഭവങ്ങളിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും സമാനമായി സർക്കാർ ജോലി നൽകേണ്ട സാഹചര്യം ഉണ്ടാകുമെന്നതിനാൽ ഇത്തരം തീരുമാനങ്ങൾക്ക് വ്യക്തമായ മാനദണ്ഡം ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു.

കഴിഞ്ഞ സെപ്റ്റംബർ 27ന് കരൂരിലെ വേലുസാമിപുരത്ത് ടിവികെ സംഘടിപ്പിച്ച പൊതുയോഗത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും 41 പേരാണ് മരിച്ചത്. സംഭവത്തിൽ മരിച്ചവരുടെ കുടുംബങ്ങളിൽ ഒരാൾക്ക് വീതം സർക്കാർ ജോലി നൽകാൻ തമിഴ്നാട് മന്ത്രിസഭ തീരുമാനിച്ചിരുന്നു.തുടർന്ന് 31 പേരെ സർക്കാർ ജോലിയിൽ നിയമിച്ചുള്ള ഉത്തരവ് മുഖ്യമന്ത്രി ജോസഫ് വിജയ് ജൂലൈ 10ന് കരൂരിൽവെച്ച് കൈമാറിയിരുന്നു. എന്നാൽ ഈ നിയമന നടപടിയാണ് ഇപ്പോൾ മദ്രാസ് ഹൈക്കോടതി റദ്ദാക്കിയത്.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10