ചെന്നൈ: നടൻ വിജയുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) എംഎൽഎ വി.എസ്. ബാബു (75) അന്തരിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊളത്തൂർ മണ്ഡലത്തിൽ ഡിഎംകെ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിനെ അട്ടിമറിച്ചതോടെയാണ് അദ്ദേഹം ദേശീയതലത്തിൽ ശ്രദ്ധേയനായത്. ശ്വാസതടസ്സത്തെത്തുടർന്ന് കഴിഞ്ഞ രണ്ട് മാസമായി ചികിത്സയിലായിരുന്ന ബാബു ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണത്തിന് കീഴടങ്ങിയത്. ഹൃദയാഘാതത്തെത്തുടർന്ന് അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമാവുകയായിരുന്നു.
കഴിഞ്ഞ ദിവസം ബാബുവിന്റെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ ഔദ്യോഗികമായി വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് കൊളത്തൂർ മണ്ഡലത്തിലെ ഒരു വോട്ടർ മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് വിയോഗവാർത്ത പുറത്തുവരുന്നത്. ബാബുവിന്റെ നിര്യാണത്തോടെ തമിഴ്നാട്ടിൽ നിലവിൽ ഒഴിവുള്ള നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം ആറായി ഉയർന്നു.
മുൻപ് ഡിഎംകെയുടെ വടക്കൻ ചെന്നൈ ജില്ലാ സെക്രട്ടറിയായിരുന്ന വി.എസ്. ബാബു, 2006-ൽ പുരസവാക്കം മണ്ഡലത്തിൽ നിന്ന് ഡിഎംകെ ടിക്കറ്റിൽ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2011-ൽ എം.കെ. സ്റ്റാലിൻ കൊളത്തൂരിൽ മത്സരിച്ചപ്പോൾ തിരഞ്ഞെടുപ്പ് ചുമതല വഹിച്ചിരുന്നതും ബാബുവായിരുന്നു. എന്നാൽ ആ തിരഞ്ഞെടുപ്പിൽ സ്റ്റാലിന്റെ ഭൂരിപക്ഷം കുറഞ്ഞതിനെത്തുടർന്ന് പാർട്ടിയിൽ തഴയപ്പെട്ട അദ്ദേഹം, പിന്നീട് 2016-ൽ അണ്ണാഡിഎംകെയിൽ ചേർന്നു. തുടർന്ന് 2026 ഫെബ്രുവരിയിലാണ് നടൻ വിജയുടെ തമിഴക വെട്രി കഴകത്തിൽ (ടിവികെ) അംഗത്വമെടുത്തത്.
എം.കെ സ്റ്റാലിനെ അട്ടിമറിച്ച ടിവികെ എംഎൽഎ വി.എസ്. ബാബു അന്തരിച്ചു