കൊവിഡ് ട്രൂനാറ്റ് പരിശോധനയ്ക്കായി സ്വകാര്യ ആശുപത്രികൾ അമിത തുക ഈടാക്കുന്നതായി പരാതി. സർക്കാർ നേരത്തെ നിശ്ചയിച്ച പരിശോധനയിൽ ട്രൂ നാറ്റ് പരിശോധന ഉൾപ്പെടുത്താത്തത് ലാബുകൾ അമിതതുക ഈടാക്കുന്നതിന് അവസരമാക്കുന്നു എന്നാണ് ആരോപണം. കൊവിഡ് മഹാമാരിയിൽ സാമ്പത്തിക പ്രതിസന്ധിയിലായ സംസ്ഥാനത്തെ സാധാരണ ജനങ്ങളെ വീണ്ടും പ്രതിസന്ധിയിൽ ആക്കുകയാണ് കൊവിഡ് പരിശോധന വിലയിലെ വ്യത്യാസം. ഭൂരിഭാഗം സ്വകാര്യ ആശുപത്രികളും ലേബുകളും അമിത വിലയാണ് പല പരിശോധനകൾക്കും ഈടാക്കുന്നത്.
ആന്റിജൻ RTPCR ടെസ്റ്റുകൾക്ക് തുക നിജപ്പെടുത്തി സർക്കാർ പ്രഖ്യാപനം വന്നെങ്കിലും ട്രൂ നാറ്റ് പരിശോധനയിലെ വിലയെക്കുറിച്ച് കൃത്യമായ ഉത്തരവ് സർക്കാർ ഇറക്കിയിട്ടില്ല. ഈ കാരണം കൊണ്ട് തന്നെ പല ലാബുകളും അമിതവില ഈടാക്കുന്നതായാണ് പരാതി ഉയരുന്നത്. കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിൽ നിന്ന് 1500 രൂപ ട്രൂനാറ്റ് പരിശോധനയ്ക്കായി വാങ്ങിയതിനെതിരെ പരാതിയുമായി അധികൃതരെ സമീപിച്ചിരിക്കുകയാണ് നൊച്ചാട് സ്വദേശിയായ മുനീർ. തുകയിലെ അപാകത ചൂണ്ടിക്കാണിച്ച് ആരോഗ്യ വകുപ്പ് മന്ത്രിക്കും കലക്ടർക്കും ഡിഎംഒക്കും മുനീർ പരാതി നൽകിയിട്ടുണ്ട്.
സാമ്പത്തികമായി രോഗികളെ ചൂഷണം ചെയ്യുന്ന ഈ പ്രവണതയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്നും മറ്റു കൊവിഡ് ടെസ്റ്റ് നിരക്കുകളുടെ ഏകീകരണം പോലെ ഈ ടെസ്റ്റും ഏകീകരണത്തിന് കൊണ്ടുവരാൻ ആരോഗ്യമന്ത്രി തയ്യാറാവണമെന്നുമാണ് പരാതിക്കാരന്റെ ആവശ്യം.