തെരഞ്ഞെടുപ്പ് കമ്മീഷനെ ബി.ജെ.പിയുടെ രാഷ്ട്രീയ ചട്ടുകമാക്കി മാറ്റുകയും വോട്ടർപട്ടികയിൽ നിന്ന് വ്യാപകമായി പേരുകൾ വെട്ടിമാറ്റുകയും ചെയ്തു എന്നാരോപിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ (സി.ഇ.സി) ഗ്യാനേഷ് കുമാറിനെതിരെ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷ 'ഇൻഡ്യ' മുന്നണി രംഗത്തെത്തി. ന്യൂഡൽഹി 10 രാജാജി മാർഗിലെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ സംഘടിപ്പിച്ച അസാധാരണമായ 'ജനകീയ വിചാരണാ സഭ'യിലാണ് ഇരുപതിലധികം പ്രതിപക്ഷ പാർട്ടി നേതാക്കളും ഐസ ദേശീയ പ്രസിഡന്റ് നേഹ ബോറ അടക്കമുള്ള യുവജന-വിദ്യാർഥി പ്രതിനിധികളും നിയമജ്ഞരും ഒന്നടങ്കം പങ്കെടുത്ത് സി.ഇ.സിക്കെതിരെ അണിനിരന്നത്.
വോട്ടവകാശം അട്ടിമറിച്ച സി.ഇ.സി ഗ്യാനേഷ് കുമാറിനെ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പാർലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയിൽ പ്രതിപക്ഷം ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരുമെന്ന് ചടങ്ങിന്റെ അധ്യക്ഷത വഹിച്ച മുൻ ലോക്‌സഭാ സ്പീക്കർ മീരാ കുമാർ പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയെ ആഫ്രിക്കൻ, ഏഷ്യൻ, തെക്കേ അമേരിക്കൻ രാജ്യങ്ങൾ മാതൃകയായി ഉറ്റുനോക്കുമ്പോൾ, ഒരാളുടെ വോട്ടവകാശം നിഷേധിക്കപ്പെട്ടാൽ പോലും അത് ജനാധിപത്യത്തിന്റെ ആത്മാവിനേൽക്കുന്ന പ്രഹരമാണെന്ന് മീരാ കുമാർ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ വഴി പാർലമെന്റിൽ സി.ഇ.സിയെ പുറത്താക്കാനുള്ള ഔദ്യോഗിക ഇംപീച്ച്‌മെന്റ് നോട്ടീസ് നൽകാൻ മുന്നണി ഐകകണ്ഠ്യേന തീരുമാനിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും നേരിട്ടുള്ള റിമോട്ട് കൺട്രോൾ നിർദ്ദേശങ്ങൾക്കനുസരിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുന്നതെന്ന് കുറ്റപത്ര പ്രമേയം അവതരിപ്പിച്ചുകൊണ്ട് മല്ലികാർജുൻ ഖാർഗെ ആരോപിച്ചു. പ്രതിപക്ഷത്തിന് ഗ്യാനേഷ് കുമാറിനോട് വ്യക്തിപരമായ വിരോധമില്ലെന്നും മറിച്ച് ഭരണഘടനാ സ്ഥാപനത്തിന്റെ അന്തസ്സും സുതാര്യതയും വീണ്ടെടുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഏഴ് മാസം മുൻപ് 193 പ്രതിപക്ഷ എം.പിമാർ സി.ഇ.സിയെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നൽകിയ നോട്ടീസ് പരിഗണിക്കുകപോലും ചെയ്യാതെ തള്ളിയ കാര്യം ചൂണ്ടിക്കാണിച്ച അദ്ദേഹം, പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും സ്ത്രീകളുടെയും യുവാക്കളുടെയും വോട്ടുകൾ ഡൽഹിയിലെ കമ്പ്യൂട്ടറുകളിലിരുന്ന് ഉദ്യോഗസ്ഥർ വെട്ടിമാറ്റുകയാണെന്ന് കുറ്റപ്പെടുത്തി. വോട്ടർമാരെ സംരക്ഷിക്കാൻ 'സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ' (എസ്.ഐ.ആർ) നടപടികൾ അടിയന്തരമായി പിൻവലിക്കണമെന്നും ഖാർഗെ ആവശ്യപ്പെട്ടു.
സി.ഇ.സിക്കെതിരെ 'ഇൻഡ്യ' മുന്നണി നിരത്തിയ 6 പ്രധാന കുറ്റങ്ങൾ:
.അട്ടിമറി ഗൂഢാലോചന: കേന്ദ്ര സർക്കാരുമായി ചേർന്ന് തെരഞ്ഞെടുപ്പ് പ്രക്രിയ ബോധപൂർവ്വം അട്ടിമറിക്കാൻ ശ്രമിച്ചു.
.കൂട്ട വോട്ട് വെട്ടൽ: വോട്ടർപട്ടികയിൽ നിന്ന് 1.32 കോടി വോട്ടർമാരെ അകാരണമായി പുറത്താക്കി.
.ഫോം 6 മാറ്റിയെഴുതി: പാർലമെന്റിന്റെ അനുമതിയില്ലാതെ വോട്ടർ രജിസ്ട്രേഷൻ ഫോമിൽ മാറ്റങ്ങൾ വരുത്തി.
.ECI NET ദുരുപയോഗം: വോട്ടർപട്ടികയുടെ നിയന്ത്രണം കേന്ദ്രീകൃത സെർവർ വഴി കൈക്കലാക്കി.
.കമ്മീഷണർമാരെ തളച്ചു: ഒപ്പമുള്ള മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ പൂർണ്ണമായി നിശ്ശബ്ദരാക്കി.
.രാഷ്ട്രീയ അടിമത്തം: മോദിയുടെയും അമിത് ഷായുടെയും നിർദ്ദേശപ്രകാരം ഭരണഘടനാ വിരുദ്ധമായി പ്രവർത്തിച്ചു.
ഭരണകൂടം പ്രതിഷേധിക്കുന്നവരെ ക്രൂരമായി മർദ്ദിച്ചൊതുക്കാനും രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനുമാണ് ശ്രമിക്കുന്നതെന്ന് നേതാക്കൾ ആരോപിച്ചു. വോട്ടവകാശം സംരക്ഷിക്കാനുള്ള ഈ പോരാട്ടം തെരുവിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി നവംബർ ഒന്നിന് രാംലീല മൈതാനിയിൽ 'വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ' എന്ന പേരിൽ വമ്പൻ മഹാറാലി സംഘടിപ്പിക്കുമെന്നും 'ഇൻഡ്യ' മുന്നണി പ്രഖ്യാപിച്ചു.