തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറി ആന്ധ്രാ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ ചുഴലിക്കാറ്റ് രൂപപ്പെടുകയാണെങ്കിൽ ഇന്ത്യ നിർദ്ദേശിച്ച 'മുരാസു' (Murasu) എന്ന പേരിലായിരിക്കും അറിയപ്പെടുക. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ കടലിനും മുകളിലായി നിലനിൽക്കുന്ന ശക്തികൂടിയ ന്യൂനമർദ്ദം അടുത്ത 6 മണിക്കൂറിനുള്ളിൽ തീവ്രന്യൂനമർദ്ദമായി മാറുമെന്നാണ് പ്രവചനം. തുടർന്ന് 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ച്, പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് നവംബർ 2-ഓടെ ആന്ധ്രാപ്രദേശ് തീരത്തിന് സമീപമെത്താൻ സാധ്യതയുണ്ട്.
ബംഗാൾ ഉൾക്കടലിലെ ഈ ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നവംബർ 1 മുതൽ 4 വരെ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ (നവംബർ 1) പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും, നവംബർ 2-ന് ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും, നവംബർ 3-ന് കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും, നവംബർ 4-ന് കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് ബാധകമാണ്.
ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ബംഗാൾ ഉൾക്കടലിൽ പുതിയ ചുഴലിക്കാറ്റിന് സാധ്യത; പേര് 'മുരാസു'; കേരളത്തിൽ നവംബർ 4 വരെ ശക്തമായ മഴയ്ക്കും യെല്ലോ അലർട്ടിനും സാധ്യത