മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കൽപ്പറ്റയിൽ നിർമിക്കുന്ന ടൗൺഷിപ്പിലെ രണ്ടാംഘട്ടത്തിൽ 149 കുടുംബങ്ങൾക്ക് കൂടി വീടുകൾ അനുവദിച്ചു. ശനിയാഴ്ച നടന്ന സുതാര്യമായ നറുക്കെടുപ്പിലൂടെയാണ് രണ്ടാംഘട്ട ഗുണഭോക്താക്കളെ വീടുകളിലേക്ക് തെരഞ്ഞെടുത്തത്. ഫേസ് 2എ, ഫേസ് 2ബി, അപ്പീൽ പട്ടിക എന്നിവയിൽ ഉൾപ്പെട്ടവരാണ് ഈ ഘട്ടത്തിൽ വീടുകൾക്ക് അർഹരായത്. കൃഷി മന്ത്രി ടി. സിദ്ധിഖിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ റവന്യൂ മന്ത്രി എ.പി. അനിൽകുമാറും പങ്കെടുത്തു.
രണ്ടാംഘട്ട നറുക്കെടുപ്പിൽ സോൺ ഒന്നിൽ 23 വീടുകളും, സോൺ മൂന്നിൽ 6, സോൺ നാലിൽ 14, സോൺ അഞ്ചിൽ 106 വീടുകളുമാണ് ഗുണഭോക്താക്കൾക്ക് ലഭിച്ചത്. നിർമാണം പൂർത്തിയാക്കി നവംബറോടെ വീടുകൾ കൈമാറും. ആദ്യഘട്ടത്തിൽ 178 വീടുകൾ കൈമാറിയിരുന്നു. രണ്ടാംഘട്ട കൂടി പൂർത്തിയാകുന്നതോടെ ടൗൺഷിപ്പിൽ ആകെ 327 കുടുംബങ്ങൾക്ക് സ്വന്തം വീടുകളാകും. വീടുകളുടെ നിർമാണം നവംബർ 20 വരെ തുടരും. ഇതിനുശേഷം ഗുണഭോക്താക്കളുടെ യോഗം ചേർന്ന് വീടുകൾ നേരിട്ട് സന്ദർശിക്കാൻ അവസരമൊരുക്കുമെന്നും, എന്തെങ്കിലും പരാതികളുണ്ടെങ്കിൽ എഴുതി നൽകാൻ സൗകര്യമുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.
നിലവിൽ വാടകവീടുകളിൽ കഴിയുന്ന ദുരന്തബാധിതർക്കുള്ള ജീവനോപാധി ധനസഹായം ഡിസംബർ വരെ നീട്ടിയതായി റവന്യൂ മന്ത്രി എ.പി. അനിൽകുമാർ പ്രഖ്യാപിച്ചു. കേരള ചരിത്രത്തിലെ ഏറ്റവും വേദനാജനകമായ ദുരന്തത്തിൽ ജാതി, മത, ഭാഷാ വ്യത്യാസങ്ങൾ മറന്നാണ് ജനങ്ങൾ ദുരിതബാധിതർക്കൊപ്പം നിന്നതെന്നും, അർഹരായ എല്ലാവർക്കും തുടർന്നുള്ള ഘട്ടങ്ങളിലും പൂർണമായ പുനരധിവാസം ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജനപ്രതിനിധികളും ജില്ലാ ഭരണകൂടവും മുന്നോട്ടുവെക്കുന്ന നിർദേശങ്ങൾ സർക്കാർ പരിഗണിക്കുമെന്ന് ഉറപ്പുനൽകിയ മന്ത്രി ടി. സിദ്ധിഖ്, വീടുകളുടെ നിർമാണം അവസാനഘട്ടത്തിലാണെന്നും പ്രദേശത്തെ പ്രവർത്തനങ്ങളുമായി എല്ലാവരും സഹകരിക്കണമെന്നും അഭ്യർഥിച്ചു.
മന്ത്രിമാർ, ജില്ലാ കളക്ടർ, ജനപ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ ഹാളിൽ സ്ഥാപിച്ച ഗ്ലാസ് പെട്ടിയിൽ നിന്ന് ഗുണഭോക്താക്കൾ നേരിട്ടാണ് നറുക്കെടുത്തത്. സോൺ നമ്പർ, ഇംഗ്ലീഷ് അക്ഷരത്തിൽ രേഖപ്പെടുത്തിയ ക്ലസ്റ്റർ, വീടിന്റെ ക്രമനമ്പർ എന്നിവ അടങ്ങിയതായിരുന്നു നറുക്കുകൾ. ചൂരൽമല എടത്തറ വീട്ടിൽ മജീദാണ് ആദ്യ നറുക്കെടുത്തത് (സോൺ 5, ക്ലസ്റ്റർ ബി, വീട് നമ്പർ 332). നറുക്കെടുപ്പിന് പിന്നാലെ വിവരങ്ങൾ പരിശോധിക്കാനും ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, വിലാസം തിരുത്തൽ, റേഷൻ കാർഡ് നടപടികൾ, വൈദ്യുതി, കുടിവെള്ള കണക്ഷനുകൾ എന്നിവ ലഭ്യമാക്കാനും കെ.എസ്.ഇ.ബി, നഗരസഭ, വാട്ടർ അതോറിറ്റി എന്നിവയുടെ ഏകോപനത്തിൽ 16 പ്രത്യേക കൗണ്ടറുകൾ സജ്ജീകരിച്ചിരുന്നു. 149 വീടുകളിലും കുടിവെള്ള കണക്ഷൻ നൽകാനുള്ള നടപടികൾ പൂർത്തിയായതായി വാട്ടർ അതോറിറ്റിയും അറിയിച്ചു.
മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: കൽപ്പറ്റ ടൗൺഷിപ്പിൽ 149 കുടുംബങ്ങൾക്ക് കൂടി രണ്ടാംഘട്ടത്തിൽ വീടുകൾ അനുവദിച്ചു