തിരുവനന്തപുരം മൃഗശാലയിലെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്ന ആൺ ഒറ്റക്കൊമ്പൻ കാണ്ടാമൃഗം 'ശംഭു' (39) പ്രായാധിക്യത്തെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങളാൽ ചത്തു. കുറച്ചുനാളുകളായി ചികിത്സയിലായിരുന്ന ശംഭു വെള്ളിയാഴ്ച രാത്രിയോടെയാണ് വിടപറഞ്ഞത്. പൊതുവെ കാണ്ടാമൃഗങ്ങളുടെ ശരാശരി ആയുസ്സ് 35 മുതൽ 40 വയസ്സ് വരെയാണ്.
മൂന്ന് പതിറ്റാണ്ടിലേറെയായി തിരുവനന്തപുരം മൃഗശാലയിലെ ഏക കാണ്ടാമൃഗമായിരുന്ന ശംഭുവിനെ 1993 മേയ് 19-നാണ് അസമിലെ ഗുവാഹത്തിയിലുള്ള അസം സ്റ്റേറ്റ് സുവോളജിക്കൽ പാർക്കിൽ നിന്ന് തിരുവനന്തപുരത്ത് എത്തിച്ചത്. അന്ന് വെറും അഞ്ച് വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ശംഭുവിനെ ഇങ്ങോട്ടേക്ക് കൊണ്ടുവരുന്നതിനായി ആകെ ആറര ലക്ഷം രൂപയാണ് ചെലവഴിച്ചിരുന്നത്. അന്നുമുതൽ മൃഗശാലയിലെത്തുന്ന സന്ദർശകരുടെ പ്രത്യേകിച്ച് കുട്ടികളുടെ പ്രിയപ്പെട്ട ജീവികളിൽ ഒന്നായിരുന്നു ശംഭു.
മൃഗശാല വെറ്ററിനറി സർജൻ ഡോ. നികേഷ് കിരൺ, പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസിൽ നിന്നുള്ള പത്തോളജിസ്റ്റ് ഡോ. ഹരീഷ് എന്നിവരുടെ നേതൃത്വത്തിൽ ശംഭുവിന്റെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി.
പ്രായാധിക്യം മൂലം തിരുവനന്തപുരം മൃഗശാലയിലെ കാണ്ടാമൃഗം 'ശംഭു'ചത്തു