മലയാളി സംവിധായകൻ ജിത്തു മാധവൻ സൂര്യയെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രമായ 'സീൻ' സിനിമയിലെ നസ്ലിന്റെ ക്യാരക്ടർ ടീസർ പുറത്തുവന്നു. 'ഈശ്വരൻ' എന്നാണ് ചിത്രത്തിൽ നസ്ലിൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. കഥാപാത്രത്തെ രസകരമായ രീതിയിൽ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നതാണ് ടീസർ. ടൈറ്റിൽ ടീസറും ഇതിനോടകം പുറത്തിറങ്ങിയ 'ആതി ഇവ യാരാ', 'എയ്‌റോപ്ലെയിൻ' എന്നീ ഗാനങ്ങളും വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. സുഷിൻ ശ്യാം ആദ്യമായി തമിഴിൽ സംഗീത സംവിധാനം നിർവഹിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
ജ്യോതികയും സൂര്യയും ചേർന്ന് ഴഗരം സ്റ്റുഡിയോസിന്റെയും 2D എന്റർടെയ്ൻമെന്റ്‌സ് സ്റ്റുഡിയോസിന്റെയും ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. ജയശ്രീ ദാമോദരനാണ് സഹനിർമാതാവ്. നവംബർ ആറിന് ദീപാവലി റിലീസായി ആഗോളതലത്തിൽ തിയേറ്ററുകളിലെത്തുന്ന ചിത്രം, കേരളത്തിൽ ശ്രീ ഗോകുലം മൂവീസും ഡ്രീം ബിഗ് ഫിലിംസും ചേർന്നാണ് പ്രദർശനത്തിനെത്തിക്കുന്നത്. സോണി മ്യൂസിക് സൗത്താണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
'രോമാഞ്ചം', 'ആവേശം' എന്നീ ബ്ലോക്ക്ബസ്റ്റർ വിജയങ്ങൾക്ക് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ആദ്യ തമിഴ് ചിത്രമാണ് 'സീൻ'. സൂര്യയുടെ മാസ് രംഗങ്ങൾക്കും കോമഡിക്കും ഒരുപോലെ പ്രാധാന്യം നൽകുന്ന സ്റ്റൈലിഷ് ആക്ഷൻ കോമഡി എന്റർടെയ്നറായാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിൽ ഇമ്പരാജ് ഐ.പി.എസ് എന്ന പോലീസ് ഓഫീസറായാണ് സൂര്യ വേഷമിടുന്നത്. സൂര്യയ്‌ക്കൊപ്പം നസ്ലിൻ, നസ്രിയ നസീം, ആനന്ദ് രാജ്, ലാൽ, രാജ് പ്രിയൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.
സൂര്യ-ജിത്തു മാധവൻ ചിത്രം 'സീൻ'; നസ്ലിന്റെ 'ഈശ്വരൻ' ക്യാരക്ടർ ടീസർ പുറത്ത്