കാളികാവ്: റെക്കോഡ് ഉയരത്തിലേക്ക് കുതിച്ച റബ്ബര്‍ വിലയില്‍ 18 ദിവസത്തിനുള്ളില്‍ 50 രൂപയുടെ കുറവുണ്ടായത് കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയായി. നവംബര്‍ രണ്ടിന് കിലോയ്ക്ക് 300 രൂപ നിലവാരത്തിലേക്ക് ഉയര്‍ന്ന റബ്ബര്‍ വില ഇപ്പോള്‍ ലോട്ടിന് 250 രൂപയായും ഗ്രേഡ് റബ്ബറിന് 260 രൂപയായും താഴ്ന്നു. ഉയര്‍ന്ന വില പ്രതീക്ഷിച്ച് തോട്ടങ്ങളില്‍ പണം മുടക്കുകയും ടാപ്പിങ് പുനരാരംഭിക്കുകയും ചെയ്ത ചെറുകിട കര്‍ഷകരെയാണ് വിലയിടിവ് പ്രധാനമായും ബാധിച്ചത്.
മഴയും ഉത്പാദനക്കുറവും കാരണം മുന്‍പ് വിപണിയില്‍ ഷീറ്റ് റബ്ബറിന്റെ ലഭ്യത കുറഞ്ഞിരുന്നു. ഇതിനൊപ്പം ടയര്‍ കമ്പനികളുടെ ആവശ്യകത കൂടിയതും ആഭ്യന്തര വിപണിയിലെ ക്ഷാമത്തിന് കാരണമായി. ഇതാണ് വില 300 രൂപയിലേക്ക് ഉയരാന്‍ വഴിയൊരുക്കിയത്. എന്നാല്‍ വില ഉയര്‍ന്നതോടെ ടാപ്പിങ് സജീവമാകുകയും ഉത്പാദനം വര്‍ധിച്ച് വിപണിയിലേക്ക് റബ്ബര്‍ എത്തിത്തുടങ്ങുകയും ചെയ്തു. ലഭ്യത കൂടിയതോടെ വില താഴാന്‍ ആരംഭിച്ചു.
വില കുറയാന്‍ പ്രധാന ടയര്‍ കമ്പനികളുടെ വാങ്ങല്‍ നിയന്ത്രണവും കാരണമാകുന്നുണ്ടെന്നാണ് വിലയിരുത്തല്‍. വിപണിയില്‍നിന്ന് ആവശ്യാനുസരണം റബ്ബര്‍ എടുക്കാന്‍ കമ്പനികള്‍ തയ്യാറാകുന്നില്ല. വില ഇനിയും താഴുമെന്ന പ്രതീക്ഷയില്‍ കുറഞ്ഞ നിരക്കില്‍ വാങ്ങാനാണ് കമ്പനികളുടെ നീക്കമെന്നാണ് സൂചന. വിദേശ ഇറക്കുമതിയില്‍ കപ്പല്‍ഗതാഗത തടസ്സങ്ങള്‍ നേരിടുന്നുണ്ടെങ്കിലും ആഭ്യന്തര വിപണിയിലെ മന്ദത കര്‍ഷകര്‍ക്ക് പ്രതിസന്ധിയാകുന്നുണ്ട്.
വില 300 രൂപയിലെത്തിയതോടെ മികച്ച വരുമാനം ലഭിക്കുമെന്ന പ്രതീക്ഷയില്‍ പല കര്‍ഷകരും വായ്പയെടുത്തും മറ്റും തോട്ടം പരിപാലനത്തിനായി പണം ചെലവഴിക്കുകയും തൊഴിലാളികളെ നിയോഗിക്കുകയും ചെയ്തിരുന്നു. ചില ഭാഗങ്ങളില്‍ ടാപ്പിങ് കൂലിയിലും വര്‍ധനവുണ്ടായി.
പ്രതീക്ഷിച്ച വരുമാനം കൈവരുന്നതിന് മുന്‍പേ വില ഇടിഞ്ഞത് കര്‍ഷകരുടെ സാമ്പത്തിക കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. വളം, മരുന്ന്, പരിപാലനച്ചെലവ്, ടാപ്പിങ് കൂലി എന്നിവ വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ വിലത്തകര്‍ച്ച ചെറുകിട കര്‍ഷകര്‍ക്ക് ഇരട്ടി ആഘാതമാണ് നല്‍കുന്നത്. വിലനിലവാരം ഇനിയും താഴ്ന്നാല്‍ വീണ്ടും ടാപ്പിങ് നിര്‍ത്തിവെക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുമെന്ന ആശങ്ക കര്‍ഷകര്‍ പങ്കുവെക്കുന്നു.
റബ്ബര്‍ വിലയില്‍ 18 ദിവസത്തിനിടെ 50 രൂപയുടെ ഇടിവ്; ടാപ്പിങ് പുനരാരംഭിച്ച കര്‍ഷകര്‍ക്ക് തിരിച്ചടി