Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പാകിസ്താനെ ചൈന സഹായിച്ചോ? ഭീകരാക്രമണത്തിന് മുന്‍പ് പഹല്‍ഗാമില്‍ ചൈനീസ് ഉപഗ്രഹ നീക്കങ്ങള്‍; റിപ്പോര്‍ട്ട്

പാകിസ്താനെ ചൈന സഹായിച്ചോ? ഭീകരാക്രമണത്തിന് മുന്‍പ് പഹല്‍ഗാമില്‍ ചൈനീസ് ഉപഗ്രഹ നീക്കങ്ങള്‍; റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: 2025 ഏപ്രില്‍ 22-ന് പഹല്‍ഗാമില്‍ 26 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് ചൈനീസ് ഉപഗ്രഹങ്ങള്‍ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയതായി റിപ്പോര്‍ട്ട്. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബഹിരാകാശ നിരീക്ഷണ സ്റ്റാര്‍ട്ടപ്പായ ദിഗന്തര നടത്തിയ വിശകലനത്തെ ഉദ്ധരിച്ച് ദി പ്രിന്റ് ആണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. 2025 ഏപ്രില്‍ 15 മുതല്‍ ഏപ്രില്‍ 30 വരെയുള്ള കാലയളവില്‍ പഹല്‍ഗാം മേഖലയിലെ നിരീക്ഷണം വര്‍ദ്ധിപ്പിക്കുന്ന രീതിയില്‍ ചൈനീസ് ഭൗമനിരീക്ഷണ ഉപഗ്രഹങ്ങള്‍ ഏകദേശം 37 അസാധാരണ ഭ്രമണപഥ മാറ്റങ്ങള്‍ നടത്തിയെന്നാണ് കണ്ടെത്തല്‍.

ഭീകരാക്രമണം നടക്കുന്നതിന് ആറ് ദിവസം മുന്‍പ്, ഏപ്രില്‍ 16-ന് ചൈനയുടെ 'യാവോഗാന്‍-35 01എ' ഉപഗ്രഹം ഭ്രമണപഥത്തില്‍ മാറ്റം വരുത്തിയതായാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇതോടെ പഹല്‍ഗാമിന് മുകളിലൂടെ ഈ ഉപഗ്രഹം കടന്നുപോകുന്നതിന്റെ ആവൃത്തി ഇരട്ടിയായി വര്‍ദ്ധിച്ചു. ഭീകരാക്രമണം നടന്ന ഏപ്രില്‍ 22-ന് വൈകുന്നേരം 5.14-നും 5.59-നുമായി 'യാവോഗാന്‍-39 01ബി', 'യാവോഗാന്‍-39 01സി' എന്നീ ഉപഗ്രഹങ്ങളും ഭ്രമണപഥത്തില്‍ മാറ്റങ്ങള്‍ വരുത്തി. ഇന്ത്യ, പാകിസ്താന്‍, നേപ്പാള്‍, ബംഗ്ലാദേശ്, ഇന്ത്യന്‍ മഹാസമുദ്രം, തെക്കുകിഴക്കന്‍ ഏഷ്യയുടെ ചില ഭാഗങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന വിശാലമായ മേഖലയാണ് സാധാരണയായി യാവോഗാന്‍-39 ഉപഗ്രഹങ്ങള്‍ നിരീക്ഷിക്കുന്നത്.

ഏപ്രില്‍ 22-ലെ ആക്രമണത്തിന് ശേഷവും ഉപഗ്രഹങ്ങളുടെ നീക്കങ്ങള്‍ കുറഞ്ഞില്ലെന്നും മാസാവസാനത്തോടെ ഇവ വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നിരീക്ഷണ കാലയളവില്‍ ഏറ്റവും കൂടുതല്‍ ഭ്രമണപഥ മാറ്റങ്ങള്‍ രേഖപ്പെടുത്തിയത് ഏപ്രില്‍ 29-നാണ് (37 എണ്ണം). ഏപ്രില്‍ 30-ന് 31 മാറ്റങ്ങളും രേഖപ്പെടുത്തി. പഹല്‍ഗാമിന് പുറമെ ശ്രീനഗര്‍, ഗുല്‍മാര്‍ഗ്, സോനാമാര്‍ഗ്, ജമ്മു എന്നിവിടങ്ങളും ഈ ഉപഗ്രഹങ്ങളുടെ നിരീക്ഷണ പരിധിയില്‍ വരുന്ന തരത്തില്‍ സ്ഥാനം മാറ്റി. ആകെ 1,332 ചൈനീസ് ബഹിരാകാശ വസ്തുക്കളാണ് ദിഗന്തര പരിശോധിച്ചത്. ഇതില്‍ 190 എണ്ണം ഈ കാലയളവില്‍ കുറഞ്ഞത് ഒരു ഭ്രമണപഥ മാറ്റമെങ്കിലും നടത്തി. തന്ത്രപരമായ സന്ദേശമയയ്ക്കലോ രഹസ്യാന്വേഷണ വിവരശേഖരണമോ ആകാം ഇത്തരം മാറ്റങ്ങള്‍ക്ക് പിന്നിലെന്നാണ് ദിഗന്തര വിലയിരുത്തുന്നത്.

2006-ല്‍ ആരംഭിച്ച യാവോഗാന്‍ ഉപഗ്രഹ പരമ്പര ശാസ്ത്രീയ പരീക്ഷണങ്ങള്‍ക്കും ഭൂവിഭവ സര്‍വേകള്‍ക്കും ദുരന്തനിവാരണത്തിനുമാണെന്നാണ് ചൈന ഔദ്യോഗികമായി വ്യക്തമാക്കുന്നത്. എന്നാല്‍ സൈനിക രഹസ്യാന്വേഷണത്തിനും നിരീക്ഷണത്തിനും ഇവ ഉപയോഗിക്കപ്പെടുന്നുണ്ടെന്നാണ് പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തല്‍. സിന്തറ്റിക് അപ്പര്‍ചര്‍ റഡാര്‍ സംവിധാനം ഉപയോഗിക്കുന്നതിനാല്‍ രാത്രികാലങ്ങളിലും മേഘാവൃതമായ അന്തരീക്ഷത്തിലും വ്യക്തമായ ചിത്രങ്ങള്‍ പകര്‍ത്താന്‍ ഇവയ്ക്ക് സാധിക്കും. ഇതിനുപുറമെ, ജിയോസ്റ്റേഷനറി ഭ്രമണപഥത്തിലുള്ള 'ഷിജിയാന്‍-20' എന്ന ചൈനീസ് ഉപഗ്രഹവും ഏപ്രില്‍ 16-ന് ചലനവേഗതയില്‍ മാറ്റം വരുത്തി. ഇതോടെ തെക്കന്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെയും ഇന്ത്യന്‍ മഹാസമുദ്രത്തെയും നിരീക്ഷിക്കാന്‍ അനുയോജ്യമായ സ്ഥാനത്തേക്ക് ഈ ഉപഗ്രഹം മാറി.

ചൈനയും പാകിസ്താനും തമ്മിലുള്ള ബഹിരാകാശ സഹകരണം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ റിപ്പോര്‍ട്ട് ശ്രദ്ധേയമാകുന്നത്. 2025 ജനുവരിക്കും 2026 ജൂണിനും ഇടയില്‍ പാകിസ്താന്‍ വിക്ഷേപിച്ച ആറ് ഉപഗ്രഹങ്ങളില്‍ അഞ്ചെണ്ണവും ചൈനയുടെ സഹായത്തോടെയാണ് വിക്ഷേപിച്ചത്. ഗാവോഫെന്‍, സിയുവാന്‍ തുടങ്ങിയ ചൈനീസ് ഉപഗ്രഹ ശൃംഖലകള്‍ക്കും ഇന്ത്യന്‍ പ്രദേശങ്ങളുടെ ഉയര്‍ന്ന റെസല്യൂഷന്‍ ചിത്രങ്ങള്‍ ശേഖരിക്കാന്‍ ശേഷിയുണ്ട്. ഉപഗ്രഹ നീക്കങ്ങള്‍ ഭീകരാക്രമണവുമായി നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ടോ എന്നോ വിവരങ്ങള്‍ മറ്റാര്‍ക്കെങ്കിലും കൈമാറിയിട്ടുണ്ടോ എന്നോ റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നില്ലെങ്കിലും, ഇന്ത്യയുടെ തന്ത്രപരമായ സുരക്ഷാ ആസൂത്രണത്തില്‍ ഈ കണ്ടെത്തലുകള്‍ നിര്‍ണായകമായി മാറുകയാണ്.

Related articles

See all
Popular News

ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പർമൂൺ നാളെ; 'ബീവര്‍ മൂണ്‍' എന്ന പേരിന് പിന്നിലെ കാരണമറിയാം

Popular News

ഡൽഹിയിൽ ബിഎസ്-6 വാഹനങ്ങൾ മാത്രം മതി: കർശന നിലപാടുമായി സുപ്രീംകോടതി

Popular News

വാട്‌സ്ആപ്പ് ഉപയോഗത്തിന് കേന്ദ്ര മുന്നറിയിപ്പ്: രഹസ്യവിവരങ്ങൾ പങ്കുവയ്ക്കരുത്; വെബ് അക്കൗണ...

Popular News

ഗോധ്ര ട്രെയിന്‍ കത്തിക്കല്‍ കേസ്: പ്രതി ഇര്‍ഫാന്‍ സിറാജ് പാഡയുടെ ശിക്ഷ മരവിപ്പിച്ച് സുപ്രീ...

Save your stories

Sign in