ന്യൂഡല്‍ഹി: പാകിസ്താന്‍ ഇറാനുമായും അമേരിക്കയുമായും നയതന്ത്ര ചര്‍ച്ചകളില്‍ സജീവമാകുമ്പോള്‍ ഇന്ത്യ കാഴ്ചക്കാരായി മാറുകയാണെന്ന് ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധി. 'എക്‌സി'ലൂടെ (X) പങ്കുവെച്ച കുറിപ്പിലാണ് കേന്ദ്ര സര്‍ക്കാരിന്റെ വിദേശനയത്തിനെതിരെ രാഹുല്‍ ഗാന്ധി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.
സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയ്ക്ക് എപ്പോഴും കൃത്യമായ ഭൗമരാഷ്ട്രീയ കാഴ്ചപ്പാടും സ്വതന്ത്രമായ നിലപാടുകളും ഉണ്ടായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി കുറിപ്പില്‍ ഓര്‍മ്മിപ്പിച്ചു. ഇന്ത്യയുടെ താല്‍പ്പര്യങ്ങളെ മുന്‍നിര്‍ത്തിയായിരുന്നു മുന്‍കാല വിദേശനയങ്ങള്‍ രൂപപ്പെടുത്തിയിരുന്നത്. വലിപ്പവും ചരിത്രവും അന്താരാഷ്ട്ര ബന്ധങ്ങളും കണക്കിലെടുക്കുമ്പോള്‍ ആഗോള ചര്‍ച്ചകളില്‍ ഇന്ത്യ സജീവമായി പങ്കെടുക്കേണ്ടതാണ്. എന്നാല്‍, ഇന്ത്യ ഇപ്പോള്‍ ഒരു 'സൈഡ് പ്ലെയറായി' മാറിയിരിക്കുകയാണെന്നും ആഗോള വേദിയില്‍ നിന്ന് പിന്നോട്ട് പോയിരിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇന്ത്യയ്ക്ക് വ്യക്തമായ അഭിപ്രായങ്ങളും നിലപാടുകളുമുണ്ടെങ്കിലും അവ ഇപ്പോള്‍ കേള്‍ക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് നിലവിലുണ്ടായിരുന്ന പ്രയാസങ്ങളെ ഇറാന്‍ യുദ്ധം കൂടുതല്‍ രൂക്ഷമാക്കിയിട്ടുണ്ടെന്നും ഇത് ജനങ്ങളെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നടക്കുന്ന സംഭവവികാസങ്ങളെക്കുറിച്ച് ആശങ്കയില്ലാതെ ഇന്ത്യയ്ക്ക് മാറിനില്‍ക്കാനാവില്ല. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള സുരക്ഷാ സംവിധാനം പാശ്ചാത്യ രാജ്യങ്ങളാണ് രൂപപ്പെടുത്തിയതെന്നും, വരാനിരിക്കുന്ന പുതിയ ആഗോള വ്യവസ്ഥിതി വിവിധ നാഗരികതകള്‍ ചേര്‍ന്നായിരിക്കും നിര്‍മ്മിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. 150 കോടി ജനങ്ങളുള്ള ഇന്ത്യയ്ക്ക് ഈ പുതിയ ആഗോള ക്രമത്തെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിക്കാനാകണം. സംസാരിക്കുന്നതിനൊപ്പം തുല്യതയോടെ കേള്‍ക്കാന്‍ കൂടി തയ്യാറാകുന്ന ഒരു സ്ഥിരതയുള്ള ആഗോള വ്യവസ്ഥിതിയാണ് നാം ആഗ്രഹിക്കുന്നതെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
പാകിസ്താന്‍ ഇറാനുമായും അമേരിക്കയുമായും ചര്‍ച്ച നടത്തുമ്പോള്‍ ഇന്ത്യ കാഴ്ചക്കാരായി നില്‍ക്കുന്നു; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി