ന്യൂഡല്‍ഹി: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. റായ്ബറേലിയിലെ പൊതുയോഗത്തില്‍ സംസാരിക്കവെയാണ് അന്താരാഷ്ട്ര സംഘര്‍ഷങ്ങള്‍ ഇന്ത്യയിലെ ഇന്ധനവില വര്‍ദ്ധനവിലേക്കും ഉല്‍പ്പന്ന ക്ഷാമത്തിലേക്കും നയിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയത്. ആഗോളതലത്തില്‍ എണ്ണ വിതരണത്തെ ബാധിക്കുന്ന ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധി പണപ്പെരുപ്പം ആകാശത്തോളമുയര്‍ത്തുമെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. ഈ പ്രതിസന്ധി അദാനിയെയോ അംബാനിയെയോ ബാധിക്കില്ലെന്നും ഇന്ത്യയിലെ കര്‍ഷകരും തൊഴിലാളികളും ചെറുകിട വ്യാപാരികളുമാണ് ഇതിന്‍റെ ദുരിതം അനുഭവിക്കാന്‍ പോകുന്നതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
രാജ്യം ചെലവുചുരുക്കലിലേക്ക് നീങ്ങുമ്പോള്‍ പ്രധാനമന്ത്രി നടത്തുന്ന വിദേശ സന്ദര്‍ശനങ്ങള്‍ കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടിയാണെന്ന് നേതാവ് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. വിദേശമണ്ണില്‍ പോയി പ്രധാനമന്ത്രി സംസാരിക്കുന്നത് സാധാരണ തൊഴിലാളികളെ സംരക്ഷിക്കുന്നതിനെക്കുറിച്ചല്ല, മറിച്ച് അദാനിയെ എങ്ങനെ സഹായിക്കാം എന്നതിനെക്കുറിച്ചാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
കേന്ദ്ര സര്‍ക്കാരിന്‍റെ നോട്ടുനിരോധനവും കോവിഡ് കാലത്തെ പരാജയപ്പെട്ട നയങ്ങളും ജനങ്ങള്‍ മറക്കരുത്. വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ രാഷ്ട്രീയ ബോധത്തോടെ ചിന്തിക്കണം. ഗാന്ധി കുടുംബത്തിന് റായ്ബറേലിയുമായി വെറുമൊരു രാഷ്ട്രീയ ബന്ധമല്ല ഉള്ളത്. തനിക്കും പ്രിയങ്ക ഗാന്ധിക്കും ഇവിടുത്തെ ജനങ്ങളുമായി ആഴത്തിലുള്ള വൈകാരിക ബന്ധമാണുള്ളതെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്: 'പ്രധാനമന്ത്രി വിദേശത്ത് പോകുന്നത് അദാനിയെ സഹായിക്കാന്‍, ദുരിതം സാധാരണക്കാര്‍ക്ക്'; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി!