തിരുവനന്തപുരം പാങ്ങാപ്പാറ അഭിരാം വധക്കേസിൽ അന്വേഷണ സംഘത്തിന് നിർണായക വഴിത്തിരിവ്. കൊലപാതകത്തിന് ഉപയോഗിച്ച അഭിറാമിന്റെ ബെൽറ്റ്, മൊബൈൽ ഫോൺ, ഷർട്ട്, വെള്ളിമാല എന്നിവ പോലീസ് കണ്ടെടുത്തു. കൊലപാതകം നടന്ന സ്ഥലത്തിന് സമീപമുള്ള കിണറ്റിൽ കല്ലുകെട്ടി താഴ്ത്തിയ നിലയിലായിരുന്നു ഈ തൊണ്ടിമുതലുകൾ.
കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിൽ നടത്തിയ രണ്ടാം ഘട്ട തെളിവെടുപ്പിലാണ് നിർണായക തെളിവുകൾ ലഭിച്ചത്. കഴക്കൂട്ടം അഗ്നിരക്ഷാസേനയുടെയും ചെങ്കൽചൂളയിൽ നിന്നുള്ള സ്‌കൂബാ സംഘത്തിന്റെയും സഹായത്തോടെ കിണറ്റിലെ വെള്ളം പൂർണമായും വറ്റിച്ചാണ് പരിശോധന നടത്തിയത്. മുഖ്യപ്രതി ഉമറിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിൽ നിന്നാണ് തെളിവുകളെക്കുറിച്ച് പോലീസിന് കൃത്യമായ വിവരം ലഭിച്ചത്.
കിണറ്റിൽ നിന്ന് കണ്ടെടുത്ത ഷർട്ട് ഉൾപ്പെടെയുള്ള വസ്തുക്കൾ ബന്ധുക്കളെത്തി അഭിറാമിന്റേതാണെന്ന് സ്ഥിരീകരിച്ചു. മുഖ്യപ്രതി ഉമറിനെയും കേസിൽ ഉൾപ്പെട്ട രണ്ട് യുവതികളെയുമാണ് പോലീസ് മൂന്നു ദിവസത്തെ കസ്റ്റഡിയിൽ വാങ്ങിയിരുന്നത്. തെളിവെടുപ്പ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൂന്നുപേരെയും ഇന്ന് വൈകുന്നേരത്തോടെ കോടതിയിൽ ഹാജരാക്കും.
പ്രായപൂർത്തിയാകാത്ത പ്രതി ഉൾപ്പെടെയുള്ളവരുടെ ആസൂത്രിത നീക്കങ്ങളും പരസ്പരവിരുദ്ധമായ മൊഴികളും തുടക്കത്തിൽ അന്വേഷണ സംഘത്തെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. കൊലപാതകം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങളോ മറ്റ് തൊണ്ടിമുതലുകളോ കണ്ടെത്താൻ പോലീസിന് സാധിച്ചിരുന്നില്ല.
തെളിവുകൾ നശിപ്പിക്കാനും അന്വേഷണം വഴിതിരിച്ചുവിടാനും പ്രതികൾ പലവിധ തന്ത്രങ്ങൾ പയറ്റിയതായാണ് പോലീസ് നിഗമനം. തൊണ്ടിമുതലുകൾ സമീപത്തെ തോട്ടിലേക്ക് വലിച്ചെറിഞ്ഞെന്നായിരുന്നു 17-കാരനായ ഒന്നാം പ്രതി ആദ്യം മൊഴി നൽകിയത്. എന്നാൽ ഇവ കുറ്റിക്കാട്ടിലേക്കാണ് എറിഞ്ഞതെന്നായിരുന്നു ഉമർ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നത്.
പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ കാടുമൂടിയ പ്രദേശങ്ങളിലും തെറ്റിയാർ തോട്ടിലും സ്‌കൂബാ ഡൈവിങ് സംഘത്തിന്റെ സഹായത്തോടെ മണിക്കൂറുകൾ നീണ്ട തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല. നാല് പ്രതികളും ആദ്യഘട്ടം മുതൽ പരസ്പരവിരുദ്ധമായ മൊഴികൾ നൽകി പോലീസിനെ വട്ടംകറക്കുകയായിരുന്നു. ഒടുവിൽ വിശദമായ ചോദ്യം ചെയ്യലിലാണ് കിണറ്റിൽ തെളിവുകൾ ഒളിപ്പിച്ച വിവരം പുറത്തുവന്നത്.
പാങ്ങാപ്പാറ അഭിരാം വധക്കേസിൽ നിർണായക വഴിത്തിരിവ്; കൊലപാതകത്തിന് ഉപയോഗിച്ച ബെൽറ്റും ഫോണും കിണറ്റിൽ നിന്ന് കണ്ടെടുത്തു